by Midhun HP News | Oct 26, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.
അതുവരെ കാത്തിരിക്കാതെ, ഉപതെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിൽ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തിന്‍റെ തലവനായി ചുമതലയേറ്റ കമ്മീഷണർ അജിത് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്. യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ എങ്ങോട്ട് പോയി, വ്യാജ പരാതിയുടെ ഉറവിടം, അഴിമതി, ബെനാമി ആരോപണങ്ങൾ തുടങ്ങിയവയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

by Midhun HP News | Oct 26, 2024 | Latest News, കേരളം
തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരില്‍ ചേരും. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്കെതിരെ റവന്യൂ വകുപ്പിന്റെ അടക്കം കണ്ടെത്തലുകള്‍ ഉള്ള പശ്ചാത്തലത്തില്‍, പാര്‍ട്ടി അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നതില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയങ്ങളും,സമകാലിക സംഭവങ്ങളും സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.
എന്‍സിപിയിലുണ്ടായ കുതിരക്കച്ചവട ആരോപണവും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാനാണ് സാധ്യത. തോമസ് കെ തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. അതേസമയം ആരോപണം നിഷേധിച്ച തോമസ് കെ തോമസ്, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും പറഞ്ഞിരുന്നു.തോമസ് കെ തോമസ് എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത്. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണമുയര്‍ത്തിയിരുന്നു.

by Midhun HP News | Oct 26, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്.
നേരത്തെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില കുറയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഈ വന്‍ വിലകയറ്റത്തോടെ പവന്‍ വില 59000 കടന്നും മുന്നേറുമെന്ന പ്രതീക്ഷയാണ് കാണിക്കുന്നത്.
by Midhun HP News | Oct 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്.
ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
ദാന ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് കേരളത്തിലും ശക്തമായ മഴ പെയ്യുന്നത്. ഒഡിഷ-പശ്ചിമബംഗാള്‍ തീരം തൊട്ട ദാന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ല.

by Midhun HP News | Oct 25, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗ പരാതിയില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പൊന്നാനി സ്വദേശിയായ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ, എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.

പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി വി ബെന്നി, മുന്‍ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി. വസ്തു പ്രശ്‌നത്തില്‍ പരിഹാരം തേടിയാണ് യുവതി പൊന്നാനി സിഐയെ സമീപിച്ചത്. തുടര്‍ന്ന് സിഐ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് മറ്റു പൊലീസ് ഉദ്യോഗസ്ഥരും യുവതിയെ പല സ്ഥലങ്ങളില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
by Midhun HP News | Oct 25, 2024 | Latest News, കേരളം
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചു. രാഹുലിന്റേയും പരാതിക്കാരിയുടേയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന്, പീഡനക്കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.
ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. പിന്നീട് കുടുംബത്തിൽ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നൽകിയതെന്നും, തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. കേസില്‍ രാഹുലിന്റെ അമ്മയും പ്രതിയായിരുന്നു. കോഴിക്കോട് സ്വദേശിയും ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നയാളുമാണ് രാഹുല്‍.
സംഭവം വിവാദമായതിനു പിന്നാലെ, രാഹുലും ഭാര്യയും തമ്മിലുള്ള വഴക്ക് ഒത്തുതീര്‍പ്പാക്കിയിരുന്നു. തങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതെല്ലാം പറഞ്ഞു തീര്‍ത്തുവെന്നും, ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്നും ചൂണ്ടിക്കാട്ടി യുവതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരായ കേസ് റദ്ദാക്കണം. ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചിട്ടില്ല. തെറ്റിദ്ധാരണകളുടെ പുറത്താണ് ആരോപണം ഉന്നയിച്ചതെന്നും യുവതി കോടതിയെ അറിയിച്ചു.

Recent Comments