നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം; കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് മേല്‍നോട്ട ചുമതല

നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം; കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് മേല്‍നോട്ട ചുമതല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാറാണ് അന്വേഷണ സംഘ തലവന്‍. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

ആറ് ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. കണ്ണൂര്‍ എസിപി രാജ് കുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, സിറ്റിയിലെ മറ്റൊരു എസ്എച്ച്ഒ സനല്‍കുമാര്‍, എസ്‌ഐ രേഷ്മ, സൈബര്‍ സെല്‍ എസ്‌ഐ ശ്രീജിത്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓരോ ദിവസവും അന്വേഷണ പുരോഗതി ഡിഐജി വിലയിരുത്തും.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍, മരണത്തിന് ഇടയാക്കിയ കാര്യങ്ങള്‍, ഫോണ്‍വിളികള്‍ അടക്കമുള്ള കാര്യങ്ങള്‍, നവീന്‍ ബാബുവിനെതിരെ പരാതി ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍, സിപിഎം നേതാവ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങിയ സാഹചര്യത്തിലാണ് ഉന്നത പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

സ്വർണവില ഇന്നും മുകളിലേക്ക്

സ്വർണവില ഇന്നും മുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ കുത്തനെയുള്ള വർദ്ധനവിന് ശേഷം സ്വർണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58360 രൂപയാണ്.

ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ചെറിയ ഇടിവ് ഉണ്ടായതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിച്ചത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. നിക്ഷേപകർ ചെറിയതോതിൽ ലാഭം അടുത്തതോടെയാണ് ഇന്നലെ വില ഇടിഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7295 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6015 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി

വൈദ്യുതി കമ്പി പൊട്ടി വീണെന്ന് അറിയിച്ചിട്ടും ഉദ്യോ​ഗസ്ഥർ എത്തിയില്ല: ഷോക്കേറ്റ് കർഷകൻ മരിച്ചു

വൈദ്യുതി കമ്പി പൊട്ടി വീണെന്ന് അറിയിച്ചിട്ടും ഉദ്യോ​ഗസ്ഥർ എത്തിയില്ല: ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ: ചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുതി കമ്പി പൊട്ടിവീഴുകയായി. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണു രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് ചിറയിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണത്. ഇത് വൈദ്യുത ബോർഡിനെ അറിയിച്ചപ്പോൾ നാട്ടുകാരോട് തന്നെ ഫ്യൂസൂരാൻ ആവശ്യപ്പെട്ടുകയായിരുന്നു. എന്നാൽ ഊരിയ ഫ്യൂസ് മാറിപ്പോവുകയായിരുന്ന്. ഇത് അറിയാതെ രാവിലെ ഒൻപതോടെ കൃഷിയൊരുക്കത്തിനായാണ് ബെന്നി പാടത്തേക്ക് എത്തിയത്. ലൈൻ പൊട്ടിവീണത് അറിഞ്ഞെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്ന് കരുതി പാടത്തേക്ക് ഇറങ്ങുകയായിരുന്നു.

ബെന്നിക്ക് ഷോക്കേൽക്കുന്നത് കണ്ട് സമീപത്തു പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതക്കമ്പി പൊട്ടിവീണതു ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോർജാണു വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിച്ചത്. പല തവണ വിളിച്ചപ്പോഴാണു പ്രതികരിച്ചതെന്നും ആരെയെങ്കിലും വിളിച്ചു ഫ്യൂസ് ഊരാനായിരുന്നു നിർദേശമെന്നും ഗ്രിഗറി പറഞ്ഞു. ഒട്ടേറെപ്പേർ താമസിക്കുന്ന സ്ഥലമാണെന്നു പ്രത്യേകം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിലും പോകേണ്ടതിനാൽ പിന്നീടു വരാമെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറിനു ശേഷമാണ് അപകടമുണ്ടായതെന്നും ഗ്രിഗറി പറഞ്ഞു.

പ്രചാരണത്തിന് മുഖ്യമന്ത്രി; ചേലക്കരയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രചാരണത്തിന് മുഖ്യമന്ത്രി; ചേലക്കരയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

തൃശൂര്‍: ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക് പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എന്നാല്‍ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ, വിവിധ നേതാക്കളുടെ നേതൃത്വത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് ഇടതുമുന്നണി പദ്ധതിയിടുന്നത്.

പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇടതുമുന്നണി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. സരിന്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് എത്തിയത് നേട്ടമാകുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി വിധി പറയാൻ മാറ്റി. 29 ന് കേസിൽ കോടതി വിധി പറയും. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.

‘അമ്മ’യില്‍ ചേരണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് വേണം’; ഇടവേള ബാബുവിനെതിരെയുള്ള കേസിന് സ്‌റ്റേ

‘അമ്മ’യില്‍ ചേരണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് വേണം’; ഇടവേള ബാബുവിനെതിരെയുള്ള കേസിന് സ്‌റ്റേ

കൊച്ചി: അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്.

കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് ജസ്റ്റിസ് എ.ബദറുദീന്‍ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ നടിയുടെ പരാതി. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും, കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ഹരികുമാര്‍, നടന്‍ സുധീഷ് തുടങ്ങിയവര്‍ക്കെതിരെയും ജൂനിയര്‍ നടി ആരോപണം ഉന്നയിച്ചിരുന്നു.