by Midhun HP News | Oct 24, 2024 | Latest News, കേരളം
കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കുന്നു എന്നാണ് വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പരിപാടി നടത്തേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് കഴിഞ്ഞ വര്‍ഷം പരിപാടി നടത്തിയിരുന്നത്. കേരളത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റുക, കേരളം നേടിയെടുത്ത വികസന മാതൃകകള്‍ ലോകശ്രദ്ധയിലെത്തിക്കുക, അതുവഴി കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നിവയെല്ലാമായിരുന്നു പരിപാടിയുടെ ഉദ്ദേശം. എന്നാല്‍, പരിപാടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയധികം പണം ചെലഴിച്ച് എന്തിനാണ് ഇത്തരമൊരു പരിപാടി എന്നാണ് പ്രതിപക്ഷമുള്‍പ്പടെ ചോദിച്ചത്. പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനെയാണ് പരിപാടി നടത്തുന്നത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്‌പോണ്‍സര്‍ഷിപ്പ് വഴി എത്ര തുക കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.
by Midhun HP News | Oct 24, 2024 | Latest News, കേരളം
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് അതിശക്തമായ മഴ ലഭിക്കുക. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

by Midhun HP News | Oct 24, 2024 | Latest News, കേരളം
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രോസിക്യൂഷൻ്റെ വാദത്തിനിടെ എതിർപ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമർശിച്ചു. വാദം തുടരുന്നതിനിടെ കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി നടപടികൾ തുടരും.

മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ എതിർപ്പറിയിച്ച പ്രതിഭാഗത്തോട്, ഒന്നര മണിക്കൂർ സംസാരിച്ചില്ലേ, ഇനി അൽപ്പം കേൾക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്.
മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്.
പരാതിയുണ്ടെങ്കിൽ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്. ഒരു തരത്തിലും ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല.
ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാൽ സമൂഹത്തിൻ്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് വിജിലൻസും പൊലീസും അടക്കം സംവിധാനങ്ങൾ? ഉദ്യോഗസ്ഥർക്കെതിരെ മൈക്ക് കെട്ടി പ്രസംഗിക്കുകയാണെങ്കിൽ ഈ സംവിധാനങ്ങൾ പിന്നെ എന്തിനാണെന്നും പ്രോസിക്യൂഷൻ ചോദിച്ചു. ഈ ഘട്ടത്തിലാണ് കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്.
by Midhun HP News | Oct 24, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ നിയാസിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സാരമായി പരിക്കേറ്റ ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
by Midhun HP News | Oct 24, 2024 | Latest News, കേരളം
കണ്ണൂര്‍: അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പി പി ദിവ്യ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അവരുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് ദിവ്യ നിറവേറ്റിയത്. അഴിമതിക്കെതിരെ സന്ദേശകരമാകണമെന്ന് കരുതിയാണ് പൊതുപ്രതികരണം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യയായ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പി പി ദിവ്യ. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിലേക്ക് വന്നത്. എന്നാല്‍ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്ക് വരില്ലേയെന്ന് കലക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ആണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എഡിഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ?. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോഗത്തിൽ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനം പി പി ദിവ്യ രാജിവെച്ചു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറെ അജണ്ടയാണെന്നും ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രശാന്തന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചിരുന്നു. വല്ലതും നടക്കുമോയെന്ന് എഡിഎമ്മിനോട് ചോദിച്ചു. റോഡിലെ വളവും തിരിവും കാരണം പ്രയാസമാണെന്ന് മറുപടി നല്‍കി. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയ കാര്യം അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി വേറെയൊരിടത്തും ചെയ്യരുതെന്നാണ് പറഞ്ഞത്. നന്നാകാനായി പറഞ്ഞ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രശാന്തന്‍ ഉന്നയിച്ചത് ഒരു ലക്ഷം രൂപയുടെ കൈക്കൂലിയുടെ പ്രശ്‌നമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകുമെന്നാണ് ഉദ്ദേശിച്ചത്. ഭൂമി പ്രശ്‌നത്തിലാണ് ഗംഗാധരന്‍ എന്നായാള്‍ എഡിഎമ്മിനെതിരെ പരാതി നല്‍കിയതെന്നും ദിവ്യ കോടതിയെ അറിയിച്ചു.
by Midhun HP News | Oct 24, 2024 | Latest News, കേരളം
തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന തുടരുന്നു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നാണ് പരിശോധനയുടെ പേര്.

Recent Comments