by Midhun HP News | Oct 24, 2024 | Latest News, കേരളം
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരന് 72 വര്‍ഷം കഠിനതടവും 1,80,000 രൂപ പിഴയും ശിക്ഷ. വാഗമണ്‍ സ്വദേശിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. സ്വന്തം മകളെ 10 വയസ്സു മുതല്‍ 14 വയസു വരെ നിരവധി തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം തടവ് പ്രതി അനുഭവിച്ചാല്‍ മതിയാകും.
ചെറുപ്പം മുതലേ അഗതി മന്ദിരങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയും സഹോദരങ്ങളും പഠിച്ചിരുന്നത്. പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്നതു വരെ അവധിക്കാലത്ത് വീട്ടില്‍ വരുമ്പോള്‍ പിതാവ് നിരവധി തവണ ലൈംഗികപീഡനം നടത്തി എന്നാണ് കേസ്. 2020-ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.
പിതാവില്‍നിന്നും എല്‍ക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ കടലാസുകളില്‍ എഴുതി കുട്ടി കിടക്കക്ക് അടിയില്‍ സൂക്ഷിച്ചിരുന്നു. സംരക്ഷണം നല്‍കേണ്ട പിതാവ് സ്വന്തം മകളോട് ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്ന് കോടതി വിലയിരുത്തി. പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നല്‍കണമെന്നും, അല്ലാത്തപക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
by Midhun HP News | Oct 24, 2024 | Latest News, കേരളം
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്.
ഭഗവാന്‍ വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളില്‍ ചാര്‍ത്തുന്നത്. രാവിലെ 9 മുതല്‍ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. 10ന് കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും.

കളം പൂര്‍ത്തിയാകുമ്പോള്‍ വലിയമ്മ സാവിത്രി അന്തര്‍ജനം ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ വലിയമ്മയെ അനുഗമിക്കും. വലിയമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരുന്നതോടെ ആയില്യം എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങും.
12ന് വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സര്‍പ്പ യക്ഷിയമ്മയുടെയും കാരണവന്മാര്‍ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തക്ക് എത്തും. പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്തിന് രാജചിഹ്നങ്ങളായ ഛത്ര-ചാമര- ധ്വജങ്ങള്‍, പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങള്‍ അകമ്പടി സേവിക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിന് ശേഷം വലിയമ്മയുടെ കാര്‍മികത്വത്തിലുള്ള ആയില്യം പൂജ നടക്കും. തുടര്‍ന്ന് നൂറും പാലും, ഗുരുതി, തട്ടിന്മേല്‍ നൂറും പാലും എന്നിവ നടക്കും. പൂയം, ആയില്യം നാളുകളില്‍ രാവിലെ പത്തുമുതല്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രസാദമൂട്ടും നടക്കും.
ആയില്യത്തിനു മുന്നോടിയായി ബുധനാഴ്ച മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ രുദ്രഏകാദശിനീ കലശാഭിഷേകം നടന്നു. 11 വേദപണ്ഡിതര്‍ 11 തവണ വേദമന്ത്രങ്ങള്‍ ജപിച്ചാണ് 11 കലശങ്ങള്‍ അഭിഷേകം ചെയ്തത്. അത്യപൂര്‍വമായ ചടങ്ങാണിത്.
നാഗരാജ പുരസ്‌കാര വിതരണം ഇന്ന്
മണ്ണാറശാല ആയില്യത്തോടനുബന്ധിച്ച് ഇത്തവണത്തെ നാഗരാജ പുരസ്‌കാരം (25000 രൂപ) പ്രഖ്യാപിച്ചു. ടി കെ മൂര്‍ത്തി ( വാദ്യം), മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി (ഗീതം), കലാമണ്ഡലം കെ ജി വാസുദേവന്‍നായര്‍ (നാട്യം), കലാമണ്ഡലം പത്മിനി (നൃത്തം) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇന്ന് മണ്ണാറശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും.
by Midhun HP News | Oct 24, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
ഇരുഭാഗത്തേയും വാദം ഇന്ന് കോടതി കേള്‍ക്കും. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് നവീന്‍ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ദിവ്യയ്ക്കു വേണ്ടി അഡ്വ. കെ. വിശ്വനാണ് ഹാജരാകുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ ഹാജരാകും. പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കും. കേസില്‍ കക്ഷിചേര്‍ന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ് റാല്‍ഫ് ഹാജരാകും.

ദിവ്യ 18-നാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്‌ക്കെതിരേ ചുമത്തിയത്. കലക്ടര്‍ ക്ഷണിച്ചിട്ടാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമായിട്ടുള്ളത്. എന്നാല്‍ ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടര്‍ പറയുന്നത്. കേസില്‍ കലക്ടറുടെ അടക്കം മൊഴിയെടുത്തെങ്കിലും ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
by Midhun HP News | Oct 24, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്നു കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
by Midhun HP News | Oct 24, 2024 | Latest News, കേരളം
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 59000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില കുറഞ്ഞത്.
by Midhun HP News | Oct 23, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്ന് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കേരളയെന്ന എക്‌സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.
ദിവ്യയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്ന്പോസ്റ്റില്‍ പറയുന്നു. എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. എഡിഎമ്മിനെതിരെയുള്ള ആരോപണത്തിന് പിന്നാലെ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15ന് രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി പി ദിവ്യക്കൊപ്പം കലക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
Recent Comments