by Midhun HP News | Oct 9, 2024 | Latest News, കേരളം
ഡല്‍ഹി: 500ന് താഴെയുള്ള പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി. രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താമെങ്കിലും ഒരു ദിവസം നടത്താന്‍ കഴിയുന്ന ബാലന്‍സ് പരിധി 2000 രൂപയായിരുന്നു. ഇതാണ് 5000 രൂപയായി ഉയര്‍ത്തിയത്. പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിന്‍ നല്‍കാതെ തന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്‌മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
ഒക്ടോബര്‍ 31 മുതല്‍ യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാന്‍ സാധിക്കും. ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു. ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. 500ന് താഴെയുള്ള പിന്‍-ലെസ് ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് ഇത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിലും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാന്‍ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Oct 9, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ ഇന്നലെ വില താഴ്ന്നിരുന്നു.
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും.

by Midhun HP News | Oct 9, 2024 | Latest News, കേരളം
കൊച്ചി: മൂന്ന് തലമുറകളായി മുനമ്പത്ത് പൂര്‍വികര്‍ വിലകൊടുത്ത് വാങ്ങിയ സ്ഥലത്തുനിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും സംരക്ഷണം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുനമ്പം അധിനിവേശത്തിനെതിരായി കൊച്ചി വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് ന്യൂനമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും പ്രശ്‌നം പരിഹരിക്കുമെന്നാണ് പറയുന്നത്. 2013ല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വഖഫ് നിയമമാണ് ഈ പ്രശ്‌നങ്ങളുടെ കാതല്‍. മതതത്തിന്റെ പേരില്‍ മതനേതാക്കളും കോണ്‍ഗ്രസ് നേതാക്കളും വഖഫ് സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ നിന്ന് വിശ്വാസികളെ സംരക്ഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ വഖഫ് നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ വലിയ ഭൂരിപക്ഷത്തോടെ പാസായി നിയമമാകുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Oct 9, 2024 | Latest News, കേരളം
കൊച്ചി: ക്ഷേത്രങ്ങൾ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം. ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിങ്ങിനുള്ളതല്ലെന്നും ഭക്തർക്ക് ആരാധയ്ക്കുള്ളതാണ് എന്നുമാണ് കോടതി പറഞ്ഞത്.
വിശേഷം സിനിമയുടെ ഷൂട്ടിങ്ങിന് ക്ഷേത്രത്തിൽ അനുമതി നൽകിയതിന് എതിരെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവരാണ് ഹർജി നൽകിയത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം.
വിശേഷം എന്ന സിനിമ ചിത്രീകരിക്കാൻ അടുത്തിടെ അനുമതി നൽകിയിരുന്നു. പവിത്രമായ പൂജകൾക്കും ആചാരങ്ങൾക്കും വിലകൽപ്പിക്കാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നത് എന്നാണ് ഹർജിയിൽ പറഞ്ഞത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജെ അജിത് കുമാർ എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹരിജിയിൽ സർക്കാരിന്റേയും ദേവസ്വത്തിന്റേയും വിശദീകരണം തേടി.

by Midhun HP News | Oct 8, 2024 | Latest News, കേരളം
ആലപ്പുഴ: ഭരണിക്കാവ് കൊച്ചമ്പലത്തിന് കിഴക്കുഭാഗം 50 കാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ഓലകെട്ടി തെക്കേക്കര ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ അരുണാലയത്തില്‍ അരുണിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ആലിന്റെ മുക്കിന് സമീപം കൊച്ചമ്പലത്തിന് കിഴക്ക് റോഡരികില്‍ ആണ് സംഭവം. മാരുതി സ്വിഫ്റ്റ് കാറില്‍ പിന്‍സീറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
കുറത്തികാട് പൊലീസ് എത്തി പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നുമുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊച്ചമ്പലത്തിന് സമീപം താമസിക്കുന്ന വിമുക്തഭടനായ മഹേഷിനെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് അറിയുന്നത്. മൃതദേഹം കണ്ടെത്തിയ കാര്‍ മഹേഷിന്റേതാണ്.
by Midhun HP News | Oct 8, 2024 | Latest News, കേരളം
കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നിലഗുരുതരമാണ്. ആനക്കാംപൊയില്‍ സ്വദേശി രാജേശ്വരിയാണ് മരിച്ചത്. 61 വയസ്സായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയാണ്. ആളുകൾ വെള്ളത്തിൽ വീണുപോയിട്ടുണ്ടോ എന്നും തിരച്ചിൽ നടത്തുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമമാണ് നടക്കുന്നത്. അൻപതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്് ഉള്ളവരെ രക്ഷിച്ചത്.
Recent Comments