by Midhun HP News | Oct 8, 2024 | Latest News, കേരളം
കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നിലഗുരുതരമാണ്. ആനക്കാംപൊയില്‍ സ്വദേശി രാജേശ്വരിയാണ് മരിച്ചത്. 61 വയസ്സായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്പാടി – പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയാണ്. ആളുകൾ വെള്ളത്തിൽ വീണുപോയിട്ടുണ്ടോ എന്നും തിരച്ചിൽ നടത്തുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമമാണ് നടക്കുന്നത്. അൻപതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്് ഉള്ളവരെ രക്ഷിച്ചത്.
by Midhun HP News | Oct 8, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്. ചക്രവാതച്ചുഴി നാളെയോടെ ലക്ഷദ്വീപിന് മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ലക്ഷദ്വീപ് വരെ തെക്കന്‍ കേരളം, തെക്കന്‍ തമിഴ്നാട് വഴി ന്യുനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി ഒക്ടോബര്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

by Midhun HP News | Oct 8, 2024 | Latest News, കേരളം
തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. മുസ്ലീം ലീഗ് അംഗം എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് യാദൃച്ഛികമാവാമെന്നും ഷംസുദ്ദീന്‍ പരിഹസിച്ചു. രാവിലെ മുഖ്യമന്ത്രി സഭയില്‍ എത്തി സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രമേയ അവതാരകന്‍ പറഞ്ഞു. മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് ഡല്‍ഹിയില്‍ പോയി മുഖ്യമന്ത്രി അഭിമുഖം നല്‍കിയതെന്നും ഷംസൂദ്ദീന്‍ ചോദിച്ചു. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. ഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അസുഖത്തെ പരിഹസിച്ച പ്രമേയ അവതാരകന്റെ പരാമര്‍ശത്തിനെതിരെ സ്പീക്കര്‍ രംഗത്തെത്തി. ആര്‍ക്കും അസുഖം വരാമല്ലോ, അത്തരം സംസാരം വേണ്ടെന്ന്് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഡോക്ടര്‍ സമ്പൂര്‍ണ വോയ്‌സ് റെസ്റ്റ് ആണ് പറഞ്ഞതെന്ന് സ്പീക്കര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ച. അതിനിടെ ഇന്നലെ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു. മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എംബി രാജേഷാണ് അവതരിപ്പിച്ചത്.
by Midhun HP News | Oct 8, 2024 | Latest News, കേരളം
കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയെന്ന് ആരോപിച്ച് കെഎസ്ഇബി ഓഫിസിനു മുന്നില്‍ പുളിച്ച് മാവ് തലിയില്‍ ഒഴിച്ച് വ്യാപാരിയുടെ പ്രതിഷേധം. കുണ്ടറയില്‍ ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ ആട്ട് മില്ല് നടത്തുന്ന കുളങ്ങരക്കല്‍ രാജേഷാണ് കെഎസ്ഇബി ഓഫീസിനു മുന്നില്‍ പുളിച്ച മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്.
ദോശമാവ് ആട്ടി കവറുകളില്‍ ആക്കി കടകളില്‍ വില്‍പന നടത്തുന്ന ജോലിയാണ് രാജേഷിന്റേത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ കുണ്ടറ വേലുതമ്പി നഗര്‍ ഭാഗങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ 11 ഓടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏറെ വൈകിയും വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആട്ടിയ മാവ് പാക്ക് ചെയ്യാന്‍ കഴിയാതെ പുളിച്ചു. തുടര്‍ന്നാണ് രാജേഷ് കെഎസ്ഇബി ഓഫീസില്‍ വന്ന് പ്രതിഷേധിച്ചത്. ഉപയോഗശൂന്യമായ മാവ് തലയിലേക്ക് ഒഴിച്ചായിരുന്നു പ്രതിഷേധം.
ഉച്ചയ്ക്ക് മുമ്പ് വിതരണം ചെയ്യുന്നതിനായി രാജേഷ് രാവിലെ 6 മുതല്‍ മാവ് ആട്ടാന്‍ തുടങ്ങിയിരുന്നു. വൈദ്യുതി നിലച്ചതോടെ ആട്ടിയ മാവ് പാക്ക് ചെയ്യാന്‍ കഴിയാതെയായി. കെഎസ്ഇബിയില്‍ ബന്ധപ്പെട്ടപ്പോള്‍ മുന്നറിയിപ്പ് പ്രകാരമാണ് ലൈന്‍ ഓഫ് ചെയ്തത് എന്ന മറുപടിയാണ് ലഭിച്ചത്. പ്രതിഷേധവുമായി കെഎസ്ഇബിയില്‍ എത്തിയപ്പോള്‍ മാത്രമാണ് 11 മണിയുടെ വൈദ്യുതി മുടക്കത്തിന്റെ മെസ്സേജ് തനിക്ക് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു.
by Midhun HP News | Oct 8, 2024 | Latest News, കേരളം
കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്. ഒരാളുടെ മതപരമായ ആചാരങ്ങൾ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളിൽ അത് അടിച്ചേൽപ്പിക്കാനാവില്ല. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരൻമാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതിനെതിരെ വിദ്യാർത്ഥിനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർത്ഥിനി മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമർശിച്ചാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചത്.
ഈ സംഭവത്തിൽ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്. മതം വ്യക്തിപരമാണെന്നും ആരേയും നിർബന്ധിക്കാനാവില്ലെന്നും മുസ്‌ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മാനം സ്വീകരിക്കുമ്പോൾ ധനമന്ത്രിക്കു കൈകൊടുക്കാൻ പരാതിക്കാരി തീരുമാനിച്ചാൽ ഹർജിക്കാരന് അതിൽ എന്തു കാര്യമെന്നും കോടതി ചോദിച്ചു.
പരാതിക്കാരി കോഴിക്കോട് സ്വകാര്യ ലോ കോളജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഹർജിക്കാരൻ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതു സംബന്ധിച്ചാണ് കേസ്. 2016ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കുമായി കോളജിൽ നടത്തിയ സംവാദത്തിൽ പങ്കെടുക്കാൻ പരാതിക്കാരിക്ക് അവസരം ലഭിച്ചിരുന്നു. ചടങ്ങിൽ താൻ മന്ത്രിക്ക് ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങൾ സഹിതം ശരി അത്ത് നിയമം ലംഘിച്ചെന്ന് പരാമർശിച്ച് വാട്സ് ആപ്പിൽ പ്രചരിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
by Midhun HP News | Oct 8, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.
നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ടിക്കറ്റ് വില്‍പ്പന 70 ലക്ഷത്തിലേക്ക് കടന്നു. ആകെ 80 ലക്ഷം ടിക്കറ്റുകള്‍ വിപണിയില്‍ എത്തിച്ചതില്‍, തിങ്കളാഴ്ച നാലുമണി വരെയുള്ള കണക്ക് അനുസരിച്ച് 69,70,438 ടിക്കറ്റുകളാണ് വിറ്റു പോയത്.

മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.പാലക്കാട് ജില്ലയാണ് ഇത്തവണയും ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരവും തൃശൂരും തൊട്ടു പിന്നാലെയുണ്ട്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
Recent Comments