by Midhun HP News | Oct 5, 2024 | Latest News, കേരളം
ഒരു ദിവസം പരമാവധി 80,000 പേര്‍ക്കായിരിക്കും ദര്‍ശന സൗകര്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനമായത്.
വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടാകും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.
നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുമുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.
യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

by Midhun HP News | Oct 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഇടുക്കി ജില്ലയിലും, ചൊവ്വാഴ്ച ഇടുക്കി, ബുധനാഴ്ച പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ന് പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള തീരത്ത് തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരളതീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Oct 5, 2024 | Latest News, കേരളം
എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കും. തൃശൂര്‍ പൂരം നടത്തിപ്പില്‍ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. അന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു.
എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൂരം ദിവസം അദ്ദേഹം തൃശൂരില്‍ ഉണ്ടായിരുന്നു. പക്ഷേ പുലര്‍ച്ചെ മൂന്നരയോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മൂകാംബികയിലേക്ക് പോവുകയാണ് ചെയ്തത്. മൂകാംബിക സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നാണ് എഡിജിപി നല്‍കുന്ന വിശദീകരണം. എന്നാല്‍ എഡിജിപി തൃശൂരില്‍ ഉള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നതിന് മറ്റ് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്നാണ് ഡിജിപി പറയുന്നത്. മൂന്ന് ദിവസം മുന്‍പ് ഉന്നത തലയോഗം ചേര്‍ന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനം എടുത്തിരുന്നെന്നും അതില്‍ എഡിജിപി പങ്കെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രശ്‌ന ബാധിത മേഖലയില്‍ നിന്ന് പ്രശ്‌നം ഉണ്ടായപ്പോള്‍ മാറി നിന്നു എന്ന നിലയിലാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതേസമയം, എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളില്‍ തെളിവില്ലെന്നും വിശദപരിശോധന വിജിലന്‍സ് നടത്തുമെന്ന ശുപാര്‍ശയാണ് നല്‍കിയിരിക്കുന്നത്.

by Midhun HP News | Oct 5, 2024 | Latest News, കേരളം
കൊച്ചി: ചരിത്രമുറങ്ങുന്ന പാഴൂര്‍ പടിപ്പുരയിലെ ജ്യോത്സ്യന്‍ പി എസ് സുരേന്ദ്രന്‍(75) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ 57 വര്‍ഷമായി പാഴൂര്‍ പടിപ്പുരയില്‍ പ്രശ്നം നോക്കി ഫലം പ്രവചിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് ഇദ്ദേഹത്തിന്റെയടുത്ത് പ്രശ്‌നം നോക്കാന്‍ എത്തിയത്. ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നതിനാല്‍ തറവാട്ട് വീട്ടില്‍ വച്ചായിരുന്നു ജ്യോതിഷ കാര്യങ്ങള്‍ നോക്കിയിരുന്നത്. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: പത്തനാപുരം മഞ്ചല്ലൂര്‍ കുടുംബാംഗം ഇന്ദിര. മക്കള്‍: ഡോ. ആശ, ഡോ. അഞ്ജന. മരുമക്കള്‍: ഡോ. സുജിത്ത്, ശ്രീനാഥ്.
by Midhun HP News | Oct 5, 2024 | Latest News, കേരളം
കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അർബുദബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.
നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂർ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവർത്തകരിൽ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്. ദളിത് യുവതിയായിരുന്നതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴിൽ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്.
അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവർത്തകരിൽ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. ആദ്യം എടാട്ട് വച്ച് ചിത്രലേഖയുടെ ഓട്ടെോ റിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ഓഗസ്റ്റിലും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു.
രണ്ട് സംഭവങ്ങൾക്ക് പിന്നിലും സിഐടിയു – സിപിഎം പ്രവർത്തകരാണെന്നാണ് ചിത്രലേഖയുടെ ആരോപണം. ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ഇവരും കുടുംബവും സമരവും നടത്തിയിരുന്നു.
കണ്ണൂരിൽ ഓട്ടോ ഓടിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനു വേണ്ടി പ്രയത്നിക്കുന്നതിനിടയിലാണ് കാൻസറിൻ്റെ പിടിയിൽപ്പെട്ട് ആശുപത്രിയിലാവുന്നത്. പാൻക്രിയാസ്, കരൾ എന്നിവിടങ്ങളിലാണ് ചിത്രലേഖയ്ക്ക് രോഗബാധയുണ്ടായത്.
by Midhun HP News | Oct 5, 2024 | Latest News, കേരളം
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. തുടർന്നാണ് മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴാവാക്കാൻ പൊലീസ് തീരുമാനിച്ചത്.
മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നത് എന്നാണ് കുടുംബം ആരോപിച്ചത്. പിന്നാലെ സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

Recent Comments