by liji HP News | Sep 27, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
by liji HP News | Sep 27, 2024 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചത്. യുഎഇയില്‍ നിന്ന് ഈയിടെ കേരളത്തിലെത്തിയ യുവാവ് പനിയും മറ്റു രോഗലക്ഷണങ്ങളെയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.
അതിനിടെ രാജ്യത്ത് എം പോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലേഡ് രണ്ടിനെക്കാള്‍ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എം പോക്‌സ് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് എം പോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നചാത്തല്ലൂര്‍ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്.
ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
by liji HP News | Sep 26, 2024 | Latest News, കേരളം
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22)ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് വിതുര പ്ലാന്തോട്ടത്താണ് അപകടമുണ്ടായത്. തലക്ക് പരിക്കേറ്റ ഷബിൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഷെഹിൻ ഷാ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

by liji HP News | Sep 26, 2024 | Latest News, കേരളം
ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയ്ക്ക് ശനിയാഴ്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളം കളി. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി.
70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിനുള്ളത്. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാന ം ഉണ്ടായത്. വയനാട് ദുരന്ത സാഹചര്യത്തില്‍ സാംസ്‌കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക.വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് വള്ളം കളി നടത്താനുള്ള തീരുമാനം ഉണ്ടായത്.
by liji HP News | Sep 26, 2024 | Latest News, കേരളം
മലപ്പുറം: പരസ്യപ്രതികരണങ്ങളില്‍ നിന്നു പിന്‍മാറണമെന്ന പാര്‍ട്ടി വിലക്ക് ലംഘിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലേക്ക്. ഇന്നു വൈകിട്ട് നാലരയ്ക്കു മാധ്യങ്ങളുടെ കാണുമെന്ന് അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ആത്മാഭിമാനം തനിക്കിത്തിരി കൂടുതലാണെന്നും അന്‍വര്‍ കുറിപ്പില്‍ പറഞ്ഞു.
“വിശ്വാസങ്ങള്‍ക്കും, വിധേയത്വത്തിനും,താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.
അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ.. ഇന്ന് വൈകിട്ട് നാലരയ്ക്ക്
മാധ്യമങ്ങളെ കാണുന്നുണ്ട്.”- അന്‍വറിന്റെ കുറിപ്പ് ഇങ്ങനെ.
പരസ്യപ്രതികരണങ്ങളില്‍ നിന്നും അന്‍വര്‍ പിന്മാറണമെന്ന് കഴിഞ്ഞയാഴ്ച പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ നടപടികളെന്നാണ് സിപിഎം വിലയിരുത്തിയത്. അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി. അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി
പി വി അന്‍വര്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ചില പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലും അന്വേഷണം നടക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ പരസ്യ പ്രതികരണങ്ങള്‍ തുടരുകയാണ്. ഇത് ാെരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് പറയുന്നു. ഇത്തരം നിലപാടുകള്‍ തിരുത്തി അന്‍വര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
by liji HP News | Sep 26, 2024 | Latest News, കേരളം
വയനാട്-തമിഴ്‌നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്കിറങ്ങിയ കുഞ്ഞുമൊയ്തീനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. ഊട്ടി-കോഴിക്കോട് ദേശീയപാതയിൽ ചുങ്കം ജംഗ്ഷനിൽ വെച്ചാണ് ആക്ഷൻ കമ്മിറ്റി വാഹനങ്ങൾ തടയുന്നത്.
Recent Comments