കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ കാല്‍നടയാത്രയുമായി 75കാരന്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ കാല്‍നടയാത്രയുമായി 75കാരന്‍

കൊച്ചി: ‘ഞാനൊരു രാജ്യദ്രോഹിയല്ല, രാജ്യസ്‌നേഹിയാണ്. ഇത് തെളിയിക്കണം’ – അതിനായാണ് 75കാരനായ മനോഹരന്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തുന്നത്. കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണ ജോലിയില്‍ നിന്നും പുറത്താക്കിയ അഡ്വ. ആര്‍ മനോഹരന്‍ നീതിക്കുവേണ്ടിയുള്ള നടത്തത്തിലാണ്. ‘കമ്യൂണിസ്റ്റ് മുദ്രകുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയവരെ പുനരധിവസിപ്പിക്കണം’ എന്നതാണ് കാസര്‍കോട്ടുമുതല്‍ തിരുവനന്തപുരംവരെ നീളുന്ന യാത്രയുടെ ഉദ്ദേശ്യം.

പന്തളത്തെ എന്‍എസ്എസ് പോളിടെക്‌നിക്കലില്‍ നിന്ന് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ മനോഹരന്‍ 1969ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതുമാസത്തിന് ശേഷം ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ സ്വഭാവം നല്ലതല്ലെന്നായിരുന്നു അധികൃതര്‍ അതിനുകണ്ടെത്തിയ കാരണമെന്ന് മനോഹരന്‍ പറയുന്നു. പരിശോധനയില്‍ താന്‍ കമ്യൂണിസ്റ്റാണെന്ന് അവര്‍ കണ്ടെത്തിയിരുന്നു. പിന്നീട് മുംബൈയില്‍ ആദായനികുതി വകുപ്പില്‍ ജോലി കിട്ടി. അവിടെ നിന്ന് ഇതേ കാരണത്താല്‍ തന്നെ പുറത്താക്കിയെന്ന് മനോഹരന്‍ പറയുന്നു.

ജോലിയില്‍ തിരിച്ചെടുക്കണമെന്നും ദേശവിരുദ്ധരില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിരവധി മെമ്മോറാണ്ടങ്ങള്‍ അയച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മനോഹരന്‍ പറയുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ വിഷയം ഉന്നയിച്ചിരുന്നെന്നും മനോഹരന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. ‘ഇപ്പോള്‍ എനിക്ക് 75 വയസ്സായി, രാജ്യത്തോടുള്ള എന്റെ സ്നേഹം തെളിയിക്കണം.

ഇതിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന കാല്‍നടയാത്ര നടത്താന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 15ന് കാസര്‍കോട് തലപ്പാടിയിലാണ് യാത്ര തുടങ്ങിയത്. നവംബറോടെ തിരുവനന്തപുരത്തെത്തുമെന്നാണ് പ്രതീക്ഷ’ – മനോഹരന്‍ പറഞ്ഞു. ദിവസവും 15 മുതല്‍ 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന മനോഹരന്‍ ഇപ്പോള്‍ മലപ്പുറം ജില്ലയിലാണ്. അടുത്തയാഴ്ച പാലക്കാട് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടശേഷം മനോഹരന്‍ വിവിധ ജോലികളില്‍ മുഴുകി. കായംകുളത്തെ ഒരു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് സൊസൈറ്റിയായ കേരള കോഓപ്പറേറ്റീവ് ട്രാന്‍സ്പോര്‍ട്ടില്‍ (കെസിടി) മെക്കാനിക്കായ അദ്ദേഹം പിന്നീട് അതിന്റെ യൂണിയന്‍ നേതാവായി. 1980-ല്‍ ഒമാനില്‍ പോയി അവിടെ ഒമ്പത് വര്‍ഷത്തോളം ജോലി ചെയ്തു 1989-ല്‍ തിരിച്ചെത്തി. പിന്നീട് തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയില്‍ എല്‍എല്‍ബി നേടിയ ശേഷംം അഭിഭാഷകനായി ജോലി ചെയ്തു. അച്ഛന്‍ രാമകൃഷ്ണനാണ് മനോഹരനെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചത്. 2012വരെ സിപിഎമ്മില്‍ സജീവമായിരുന്ന മനോഹരന്‍, ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് പരസ്യമായി ശബ്ദമുയര്‍ത്തിയതോടെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ‘ഞാനൊരു കമ്യൂണിസ്റ്റാണ്, പക്ഷേ രാജ്യദ്രോഹിയല്ല. എന്റെ മരണത്തിന് മുമ്പ് എനിക്ക് അത് തെളിയിക്കണം, ‘അദ്ദേഹം പറഞ്ഞു.

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍, അറസ്റ്റിന് നീക്കം

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍, അറസ്റ്റിന് നീക്കം

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. അതേസമയം സിദ്ദിഖ് എവിടെ എന്നതില്‍ വ്യക്തതയില്ല. അദ്ദേഹത്തിന്റെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ല. കുട്ടമശേരിയിലെ വീട് പൂട്ടിയ നിലയിലാണ്.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി. സുപ്രീംകോടതി തീരുമാനം വരെ കാത്തിരിക്കേണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യാനും ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് നിര്‍ദേശം നല്‍കിയതാണ് വിവരം.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെയാണ് തള്ളിയത്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ നടിയാണ് പരാതി നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററില്‍ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു….

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു….

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.

എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന സൂചന നല്‍കിയത്. അഞ്ചുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം

കേവലം ഒരു വ്യാജ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത ആരോഗ്യ വകുപ്പ് ഡയരക്ടറുടെ നടപടിയിൽ കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം പ്രതിഷേധിച്ചു. കുടുംബസമേതം താമസിക്കാനായി വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഒളി ക്യാമറയുമായി ഒരു മാധ്യമ പ്രവർത്തകൻ എത്തിയത്. പൊതു അവധി ദിവസമായ കഴിഞ്ഞ സെപ്റ്റംബർ 21 ന് തൻ്റെ ജോലി സമയത്തിനുശേഷം വൈകുന്നേരം നാലുമണിക്ക് രോഗികളെ പരിശോധിച്ച ഡോക്ടറെയാണ് തെറ്റായ മാധ്യമ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ എടുത്തുചാടി നടപടിക്ക് വിധേയനാക്കിയിരിക്കുന്നത്. ഇത് നഗ്നമായ നീതി നിഷേധമാണ്.

കടുത്ത മാനവ വിഭവ ശേഷി കുറവിനിടയിലും 24 മണിക്കൂറും പൊതുജനങ്ങൾക്ക് സേവനം കൊടുക്കുന്ന സ്ഥാപനമാണ് ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രം. ഡോക്ടറെ സസ്പെൻഡ് ചെയ്തതോടെ അവിടുത്തെ സേവനങ്ങൾക്ക് വിഘാതം സൃഷ്ടിക്കപ്പെടുന്നുമുണ്ട്. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെയും ഡോക്ടറുടെ ഭാഗം കേൾക്കാതെയും എടുക്കുന്ന ഇത്തരം നടപടികൾ ഡോക്ടർ സമൂഹത്തിൻ്റെ തന്നെ മനോവീര്യം തളർത്തുന്നതാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ ആവുന്നതല്ല എന്ന് കെജിഎംഒ എ തിരുവനന്തപുരം ജില്ലാ ഘടകം പറഞ്ഞു. മികച്ച രീതിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരിക്കുന്ന ആശുപത്രിയെ തകർക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നടപടി ഉടനടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതരാകും എന്ന് തിരുവനന്തപുരം ജില്ല കമ്മിറ്റി അറിയിച്ചു.

എല്ലാ മാസവും ശബരിമലയിൽ; ഒടുവിൽ സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു

എല്ലാ മാസവും ശബരിമലയിൽ; ഒടുവിൽ സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു

പത്തനംതിട്ട: ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തെങ്കാശി, കീലസുരണ്ട സുരേഷ് (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ദേവസ്വം മഹാ കാണിക്കയുടെ മുൻഭാ​ഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് ഇയാൾ പണം മോഷ്ടിച്ചത്. ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്ന ഓ​ഗസ്റ്റ് 20നാണ് സംഭവം.

നട അടച്ച ശേഷം ഇതു ശ്രദ്ധയിൽപ്പെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

സന്നിധാനത്തേയും പമ്പയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ആളെ മനസിലാക്കിയത്. കന്നി മാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്കു വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചതിലൂടെ മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചു. ഇയാൾ വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വരാറുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ഇത്തവണ വന്നില്ല. മൊബൈൽ ഫോൺ ഉപയോ​ഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി.

ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പൊലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഇയാളെ പിടികൂടിയത്. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.