by Midhun HP News | Sep 24, 2024 | Latest News, കേരളം
കോട്ടയം: കുമരകം-ചേര്‍ത്തല റൂട്ടില്‍ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസക്കാരനായ ഇവര്‍ കൊച്ചിയില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പെട്ടത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 8.45 നായിരുന്നു അപകടം.
കുമരകം ഭാഗത്തുനിന്ന് വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വിസ് റോഡ് വഴി ആറ്റിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിനുള്ളില്‍നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഹൗസ്‌ബോട്ടുകള്‍ സഞ്ചരിക്കുന്ന ഏറെ ആഴമുള്ള ആറ്റിലേക്കാണ് കാര്‍ മുങ്ങിത്താഴ്ന്നത്. വഴി പരിചയമില്ലാത്തതാണ് അപകടകാരണമായതെന്നും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വന്നതിലെ ആശയക്കുഴപ്പമാണോ അപകടത്തിലേക്ക് വഴിവെച്ചതെന്നും സംശയിക്കുന്നു.
മഴയും പ്രദേശത്തെ ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അരമണിക്കൂറിലേറെയുള്ള പ്രയത്‌നത്തിനൊടുവിലാണ് കാര്‍ ആറ്റില്‍നിന്ന് ഉയര്‍ത്തിയത്. കാറില്‍ കണ്ടെത്തിയ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനാ സ്‌കൂബാ ടീമംഗങ്ങളും വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് കാര്‍ കരക്കെത്തിച്ചത്.
by Midhun HP News | Sep 24, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
വരും മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Sep 24, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
തനിക്കെതിരായ ആരോപണങ്ങൾ ആടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ ആവശ്യം. വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ കേസ്. യുവ നടിയാണ് പരാതി നൽകിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററിൽ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
by Midhun HP News | Sep 24, 2024 | Latest News, കേരളം
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ മകളുടെ ഭാഗം കൂടി കേട്ട് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നാണ് കോടതി പറഞ്ഞത്.
അതുവരെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും അനാട്ടമി ആക്ട് അനുസരിച്ച് മെഡിക്കല്‍ കോളജിന് അന്തിമ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.
മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മുന്‍പില്‍ നിലവില്‍ തടസങ്ങളില്ല.കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജിന് കഴിയും.
പഠനാവശ്യങ്ങള്‍ക്ക് മൃതദേഹം വിട്ടുനില്‍ക്കുമ്പോള്‍ രേഖാമൂലമുള്ള സമ്മതം ആവശ്യമുണ്ടോ എന്നതാണ് കോടതി പ്രധാനമായി പരിഗണിച്ചത്. എന്നാല്‍ കേരള അനാട്ടമി ആക്ട് പ്രകാരം രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്ന സമയത്ത്, ഒരാള്‍ രണ്ടോ അതിലധികമോ ആളുകളോട് തന്റെ ശരീരം വിട്ടുനല്‍കാന്‍ താല്പര്യം ഉണ്ടെന്ന് വാക്കാല്‍ പറഞ്ഞാല്‍ മതിയാകുമെന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമില്ലെന്നും കേരള അനാട്ടമി ആക്ടിലെ സെക്ഷന്‍ 4എ് പ്രകാരമുള്ള നിയമസാധുത കോടതിയും ചൂണ്ടിക്കാട്ടി.
by Midhun HP News | Sep 23, 2024 | Latest News, കേരളം
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നു മകള്‍ ഹര്‍ജിയില്‍ പറയുന്നു. പള്ളിയില്‍ അടക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
എന്നാല്‍ പിതാവിന്റെ ആഗ്രഹം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കുന്നതെന്നാണ് മകന്‍ സജീവ് പറയുന്നത്. ആശയെ ചിലര്‍ കരുവാക്കുകയാണെന്നും സജീവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഇടവകയിലെ അംഗത്വമടക്കം ലോറന്‍സ് റദ്ദു ചെയ്തിരുന്നില്ലെന്ന് മകള്‍ ആശ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്റെ ആഗ്രഹം അതില്‍ നിന്ന് വ്യക്തമാണെന്നും മകള്‍ പറയുന്നു. ഇന്ന് നാല് മണിക്ക് മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ട് നല്‍കാനായിരുന്നു തീരുമാനം. ലോറന്‍സിന്റെ അവസാന യാത്രയയപ്പ് ചതിയിലൂടെയായിരുന്നുവെന്ന് മകള്‍ ആശാ ലോറന്‍സ് ഇന്നലെ പറഞ്ഞിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ലോറന്‍സിന്റെ മരണം.
by Midhun HP News | Sep 23, 2024 | Latest News, കേരളം
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.
പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. അര്‍ജുനു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തിയത്. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോലയ്ക്കു സമീപം ഷിരൂരിലാണ് അര്‍ജുന്‍ ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍പെട്ടത്.
ജൂലൈ 16ന് രാവിലെ 8.30ന് ആയിരുന്നു അപകടം. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ടാങ്കര്‍ ലോറിയുടെ എന്‍ജിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

Recent Comments