മകനെ ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കി; വടിവാളുമായി ചോദിക്കാനെത്തി പിതാവ്

മകനെ ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കി; വടിവാളുമായി ചോദിക്കാനെത്തി പിതാവ്

കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ മകന് ചുവപ്പുകാർഡ് കാണിച്ചു പുറത്താക്കിയതിൽ പ്രകോപിതനായ പിതാവ് വടിവാളുമായി ചോദിക്കാനെത്തി. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. 16 വയസിൽ താഴെയുള്ള കുട്ടികളുടെ കളിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുട്ടികളുടെ പരാതിയിൽ മൂവാറ്റുപുഴ പ്ലാമൂട്ടിൽ ഹാരിസ് അമീറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

മാറാടിയിലാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത ഫുട്ബോൾ മത്സരം നടന്നത്. കളിക്കിടെ ഫൗൾ ചെയ്തതിനു ഹാരിസിന്റെ മകനെ റെഡ് കാർഡ് നൽകി റഫറി പുറത്താക്കിയിരുന്നു. എന്നാൽ കളിക്കളത്തിൽ നിന്നു പുറത്തു പോകാൻ വിസമ്മതിച്ചതിനെ തുടർന്നു കളിക്കാർ തമ്മിൽ കയ്യാങ്കളി നടന്നു. പിന്നാലെ മകൻ ഹീരിസിനെ വിളിച്ചുവരുത്തുകയായിരുന്നു.

മൂവാറ്റുപുഴയിലെ മുതിർന്ന മുസ്‌ലിംലീഗ് നേതാവിന്റെ മകനാണ് ഹാരിസ്. വടിവാളുമായി എത്തിയ ഇയാൾ കളി തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. വടിവാൾ വീശി വധഭീഷണി മുഴക്കിയെന്നും സ്കൂളിൽ നിന്ന് വരുന്ന വഴിക്ക് ആക്രമിക്കും എന്നു ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് കുട്ടികൾ പരാതി നൽകിയതോടെയാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തു വരികയും നടപടി ആവശ്യപ്പെട്ട് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പൊലീസ് ഉദ്യോ​ഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

വയനാട്: സസ്പെൻഷനിലായിരുന്ന പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ബത്തേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുരയിൽ ജിൻസൺ സണ്ണി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് ജിൻസണിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളം സർവീസുള്ള ജിൻസൺ ഒരു വർഷമായി സസ്പെൻഷനിലാണ്. സസ്പെൻഷനുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോകുന്നതിന്റെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ബെവ്‌കോയില്‍ നിന്ന് പട്ടാപ്പകല്‍ കുപ്പിയെടുത്തോടി പൊലീസുകാരന്‍; പിടികൂടി ജീവനക്കാര്‍; അറസ്റ്റില്‍

ബെവ്‌കോയില്‍ നിന്ന് പട്ടാപ്പകല്‍ കുപ്പിയെടുത്തോടി പൊലീസുകാരന്‍; പിടികൂടി ജീവനക്കാര്‍; അറസ്റ്റില്‍

കൊച്ചി: പട്ടാപ്പകല്‍ പണം നല്‍കാതെ ബെവ്‌കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ പൊലീസുകാരന്‍ പിടിയില്‍. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെകെ ഗോപിയാണ് പൊലീസിന്‍റെ പിടിയിലായത്. എറണാകുളം പട്ടിമറ്റത്താണ് സംഭവം.

ഇന്നലെ രാവിലെയാണ് സംഭവം. മദ്യക്കുപ്പി എടുത്ത ശേഷം കൗണ്ടറിലുണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിച്ചു. പണം നല്‍കണമെന്ന് അവര്‍ പറഞ്ഞതോടെ കുപ്പിയുമെടുത്ത് ഇയാള്‍ ഓടുകയായിരുന്നു. വാതില്‍ക്കല്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റുകയും ചെയ്തു. ഇതിനിടെ ബെവ്‌കോയിലെ ഡോര്‍ തകര്‍ന്നുവീഴുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ജീവനക്കാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും മദ്യക്കുപ്പി തിരികെ വാങ്ങുകയുമായിരുന്നു. ബെവ്‌കോ ജീവനക്കാരുടെ പരാതിയില്‍, പട്ടിമറ്റത്തെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബെവ്‌കോയിലെത്തിയ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു. സ്ത്രീയെ അതിക്രമിച്ചതുള്‍പ്പെടയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെകെ ഗോപിക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടായേക്കും.

അര്‍ജുനായി തിരച്ചില്‍ ഇന്നും തുടരും; ഷിരൂരില്‍ കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും

അര്‍ജുനായി തിരച്ചില്‍ ഇന്നും തുടരും; ഷിരൂരില്‍ കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും

ബംഗളൂരു: ഷിരൂരില്‍ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. തിരച്ചിലിന് റിട്ടയര്‍ മേജര്‍ ഇന്ദ്രബാലും നേവിയുടെയും എന്‍ഡിആര്‍ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു.

ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും. ഷിരൂരില്‍ പ്രാദേശിവ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു. ഷിരൂരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ടാങ്കര്‍ ലോറിയുടെ എഞ്ചിന്റെ ഭാഗവും ഒരു സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രാജ്യാന്തര വിപണിയിൽ ഔൺസിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെ ഇന്ത്യൻ വിപണിയിലും സ്വർണ വില കുതിച്ചു. ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിന് ശേഷം കുറഞ്ഞുനിന്ന സ്വർണവില യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ വീണ്ടും കുതിപ്പിലാണ്.

ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,480 രൂപയാണ്. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവൻ സ്വർണം ആഭരണ രൂപത്തിൽ ലഭിക്കാൻ 3 ശതമാനം ജി എസ് ടിയും ചേർത്ത് 63,000 രൂപയ്ക്ക് മുകളിൽ നൽകണം. ഇന്ന് ലാഭമെടുപ്പ് കൂടിയാൽ വില അൽപം കുറഞ്ഞേക്കുമെന്ന് വിദഗ്ധർ പറയുന്നു.

മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ‍ജനങ്ങൾക്കൊപ്പം: കവർ ചിത്രം മാറ്റി പി വി അൻവർ

മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ‍ജനങ്ങൾക്കൊപ്പം: കവർ ചിത്രം മാറ്റി പി വി അൻവർ

മലപ്പുറം: വിവാദങ്ങൾക്കിടെ ഫെയ്സ്ബുക്കിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം നീക്കി നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങൾക്കൊപ്പമുള്ള ചിത്രമാണ് അൻവർ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവർചിത്രമായി നൽകിയിരുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശത്തെ തുടർന്ന് അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കവർ ചിത്രം നീക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അൻവറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.

എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയായിരുന്നു അൻവറിന്റെ ആരോപണം. എന്നാൽ പി ശശിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പരസ്യമായി രം​ഗത്തെത്തി. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി, അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകി. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിനു മറുപടിയുമായി അൻവർ രം​ഗത്തെത്തി.

പിന്നാലെയാണ് അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണ്. അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. ഇതോടെയാണ് പാർട്ടി നിർദേശം ശിരസാ വഹിക്കുന്നുവെന്ന് അൻവർ വ്യക്തമാക്കിയത്. താൻ പാർട്ടി വിടില്ലെന്നും കൂട്ടിച്ചേർത്തു.