കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; പത്തൊമ്പതുകാരന് ദാരുണാന്ത്യം

കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; പത്തൊമ്പതുകാരന് ദാരുണാന്ത്യം

ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം.

ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(38) ആണു മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 2 ആഴ്ചയോളം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. മാതാവ് മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കൾ: നിവേദ്യ, നൈനിക.

എം എം ലോറന്‍സിന് നാട് വിട നല്‍കും; പൊതുദര്‍ശനം ഇന്ന്

എം എം ലോറന്‍സിന് നാട് വിട നല്‍കും; പൊതുദര്‍ശനം ഇന്ന്

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനം. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ എത്തിക്കും. ഒമ്പതുവരെ ലെനിന്‍ സെന്ററില്‍ അന്ത്യോപചാരമര്‍പ്പിക്കാം.

ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും.ന്യുമോണിയ ബാധിച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. നേതാവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് ഒരു ചക്രവാതച്ചുഴി. മറ്റൊരു ചക്രവാതച്ചുഴി മ്യാന്മാറിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 7 ദിവസം മഴ തുടരാനാണ് സാധ്യത. ഇന്നും നാളെയും കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

‘മകളുമായുള്ള വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചു’; മദ്യലഹരിയില്‍ കൊലപാതകം

‘മകളുമായുള്ള വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചു’; മദ്യലഹരിയില്‍ കൊലപാതകം

കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്. ഇരവിപുരം നാന്‍സി വില്ലയില്‍ അരുണ്‍ കുമാറിനെയാണ് പ്രസാദ് കൊലപ്പെടുത്തിയത്. ഇത് ദുരഭിമാനക്കൊലയല്ലെന്ന് പറഞ്ഞ പൊലീസ്, അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായതെന്നും വിശദീകരിച്ചു.

കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണു കൊലപാതകം നടന്നത്. അരുണിനെ കുത്തിയശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രസാദിനെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി-1 റിമാന്‍ഡ് ചെയ്തു.

പ്രസാദിന്റെ മകളുമായി അരുണ്‍ സൗഹൃദത്തിലായിരുന്നു. മുന്‍പും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇരവിപുരം പൊലീസില്‍ ഇതുസംബന്ധിച്ച് പരാതിയുണ്ടായിരുന്നു. പിന്നീട് വിവാഹം നടത്തികൊടുക്കാമെന്ന് പ്രസാദ് പറയുകയായിരുന്നു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചു. ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാല്‍ മദ്യപിച്ചാല്‍ പ്രശ്‌നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ഷിരൂരില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളല്ല; ഡ്രഡ്ജർ കരാര്‍ നാളെ അവസാനിക്കും

ഷിരൂരില്‍ കണ്ടെത്തിയത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങളല്ല; ഡ്രഡ്ജർ കരാര്‍ നാളെ അവസാനിക്കും

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസവും ഫലം കണ്ടില്ല. അര്‍ജുന്റെ ട്രക്കിന്റേതെന്ന് ഉറപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. ഇന്ന് കണ്ടെത്തിയ ലോഹഭാഗവും ഹൈഡ്രോളിക് ജാക്കിയും അര്‍ജുന്റെ ലോറിയുടേതല്ലെന്നാണ് ലോറിയുടമ വ്യക്തമാക്കിയത്. നാളെ വരെ തിരച്ചില്‍ നടത്താനാണ് ഡ്രഡ്ജറിന്‍റെ കരാര്‍.

നാവിക സേന പുഴയില്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയിന്റിലാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. പുഴയ്ക്കടിയില്‍ കഴിഞ്ഞ ദിവസം തന്നെ തടിക്കഷ്ണങ്ങളും സ്‌കൂട്ടറും കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി 4 എന്ന പോയിന്റില്‍ തന്നെ തിരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര്‍ മല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ക്യാമ്പിനും മുന്‍വശത്തെ ടയറുമാണ് കിട്ടിയത്.