by Midhun HP News | Sep 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ഒരിടവേളയ്ക്ക് സംസ്ഥാനത്ത് മഴ വീണ്ടും ശത്മമാകുന്നു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ചൊവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 23, 24 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
നാളെ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ മുതല്‍ 26 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
by Midhun HP News | Sep 22, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ‘തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം എഡിജിപിയെ ഏല്‍പ്പിച്ചപ്പോള്‍ അന്ന് പ്രതികരിക്കാതിരുന്നത്, എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട വാര്‍ത്ത അന്ന് പുറത്തുവന്നിരുന്നില്ല. റിപ്പോര്‍ട്ട് വരട്ടെ, അന്നിട്ട് തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടിയും മുന്നണിയും ധാരണയില്‍ എത്തിയിരുന്നത്.
എന്നാല്‍ പിന്നീട് അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്ത പുറത്തുവന്നപ്പോള്‍, ഇനി ഞങ്ങള്‍ക്ക് വേണ്ടത് ജുഡീഷ്യല്‍ അന്വേഷണമാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് എന്ത് തന്നെയായാലും വിശ്വാസ്യത ഇല്ല’- കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണം. ഇതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയാണല്ലോ. അവരും പറയുന്നത് ജുഡീഷ്യല്‍ അന്വേഷണം. സിപിഐ നേതാവ് വി എസ് സുനില്‍കുമാറും പറഞ്ഞത് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഒരേ ആവശ്യത്തില്‍ എത്തി നില്‍ക്കുന്നു.എന്നിട്ടും ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി? ജുഡീഷ്യല്‍ അന്വേഷണം വേണം. സംശയങ്ങള്‍ ഉണ്ട്. ഇത് ദൂരീകരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’- കെ മുരളീധരന്‍ പറഞ്ഞു.
‘പൂരം കലങ്ങിയ വിവാദമാണ് അതുവരെ ഉണ്ടായിരുന്ന രാഷ്ട്രീയ ചിത്രം മാറാന്‍ കാരണം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരണം. പൂരത്തിന് ഒരു വര്‍ഷം മുന്‍പാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അന്നത്തെ ചര്‍ച്ച ഒരു പക്ഷേ എങ്ങനെ ബിജെപിയെയും ഇടതുപക്ഷത്തെയും പരസ്പരം സഹായിക്കാമെന്നതായിരിക്കാം. അന്ന് പൂരം കലക്കല്‍ അജണ്ടയില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. എന്തായാലും ബിജെപിക്ക് ഒരു എംപി വേണമെന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
പൂരത്തിന്റെ സമയം എത്തിയപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ് ആയിരുന്നു. പൂരം കലക്കിയാല്‍ അന്നത്തെ പ്രയോജനം തൃശൂരില്‍ കിട്ടും. പൂരം കലക്കിയത് അന്നത്തെ ചര്‍ച്ചയുടെ ഭാഗമായാകാം. ബിജെപിയുടെ ഒരാളെ എങ്ങനെ ജയിപ്പിക്കാമെന്ന ചര്‍ച്ചയുടെ തുടക്കമാണ് അന്ന് നടന്നത്. സംശയം ദൂരീകരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആയിക്കൂടെ?. ജയിച്ച എംപിയും തോറ്റ ഞങ്ങള്‍ രണ്ടുപേരും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണത്തോട് ഒരു അകല്‍ച്ച?’- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Sep 22, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ നീക്കം.
സന്ദർശനം ഉടൻ ഉണ്ടാകുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. കൂടുതൽ പരാതി ഉള്ളവർക്ക് നേരിട്ട് സമീപിക്കാമെന്നും ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം നൽകണമെന്ന് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുന്നു.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തിയിരുന്നു. മൊഴി നൽകിയവരെ നേരിട്ട് ബന്ധപ്പെടാനാണ് എസ്ഐടിയുടെ തീരുമാനം. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മാസം മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കും. മൊഴി നൽകിയ നടിമാര്‍ അടക്കമുള്ളവരെ കണ്ടെത്താനുള്ള ചുമതല എസ്‌ഐടിയിലെ അംഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്.
by Midhun HP News | Sep 21, 2024 | Latest News, കേരളം
സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി പത്തനംതിട്ടയിൽ അറസ്റ്റിലായി. കടയിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് ആര്യനാട് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്‌റ്റുചെയ്തത്.
തട്ടുകടയുടെ ബോർഡ് റോഡിൽനിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അരുൺ എന്നയാളുടെ കടയിൽ വച്ചാണ് സംഭവം. അരുണിൻ്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തർക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സംഭവം വിഡിയോയിൽ പകർത്താൻ ശ്രമിച്ച സുകന്യയുടെ മകൻ മൊഹിത്തിന്റെ കൈയിൽനിന്ന് ശശി മൊബൈൽ ഫോൺ തട്ടിയെറിയുന്നത് ദൃശ്യത്തിൽ വ്യക്തമായിരുന്നു.

by Midhun HP News | Sep 21, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വയനാട്ടിൽ വിറ്റ KL 644906 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ KM 349817 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Sep 21, 2024 | Latest News, കേരളം
ആലപ്പുഴ: ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കൻ പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.
പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് എടുത്തുചാടി ജീവനൊടുക്കിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
Recent Comments