കണ്ണൂരില്‍ എംപോക്‌സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്‌സ് എന്ന് സ്ഥിരീകരണം

കണ്ണൂരില്‍ എംപോക്‌സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്‌സ് എന്ന് സ്ഥിരീകരണം

കണ്ണൂര്‍: എംപോക്‌സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. കണ്ണൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കന്‍പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു.

സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനില്‍ പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇവരെ കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചത്. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഭര്‍ത്താവും വീട്ടുകാരും കുഞ്ഞിനെ കൊലപ്പെടുത്തി; പരാതി നല്‍കി നേപ്പാള്‍ സ്വദേശിനി

ഭര്‍ത്താവും വീട്ടുകാരും കുഞ്ഞിനെ കൊലപ്പെടുത്തി; പരാതി നല്‍കി നേപ്പാള്‍ സ്വദേശിനി

കല്‍പ്പറ്റ: വയനാട്ടില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് പരാതി. കുഞ്ഞിന്റെ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തുകയാണ്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. നേപ്പാള്‍ സ്വദേശിയായ യുവതി കല്‍പ്പറ്റയിലാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷം ഭര്‍ത്താവും അമ്മയും അച്ഛനും ചേര്‍ന്ന് ഈ കുഞ്ഞിനെ കടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധപൂര്‍വം മരുന്ന് നല്‍കി പ്രസവം നടത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതിന് ശേഷം കുഞ്ഞിനെ കൊന്ന് മൃതദേഹം അടക്കം ചെയ്‌തെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രസവത്തിന് ശേഷം യുവതി നേപ്പാളിലേയ്ക്ക് പോയിരുന്നു. അതിന് ശേഷം തിരികെ വന്നാണ് പരാതി നല്‍കുന്നത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ കല്‍പ്പറ്റ പൊലീസ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.

എം എം ലോറന്‍സ് അന്തരിച്ചു

എം എം ലോറന്‍സ് അന്തരിച്ചു

കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്.

2015 മുതല്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരുന്ന എം എം ലോറന്‍സ് കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നി നിലകളില്‍ ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946 ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. ഇടപ്പള്ളി സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ്. 1950–ൽ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലീസ് മർദ്ദനത്തിന് ഇരയായി. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞു. 1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ചും അടിയന്തിരാവസ്‌ഥക്കാലത്തും അദ്ദേഹം വിവിധ ജയിലുകളിൽ കഴിഞ്ഞു.

എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ജനനം. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, മുനവുറല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.

ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി; ലളിതമായി സത്യപ്രതിജ്ഞ

ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി; ലളിതമായി സത്യപ്രതിജ്ഞ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 4.30 നാണ് സത്യപ്രതിജ്ഞ. ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുക്കും. ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കുകയെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഗോപാൽ റോയ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ , മുകേഷ് അഹ്ലാവത്ത് എന്നിവരും അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

മുകേഷ് അഹ്ലാവത്ത് ആദ്യമായാണ് മന്ത്രിപദത്തിലെത്തുന്നത്. സെപ്റ്റംബർ 17നാണ് അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചത്. മദ്യ നയ അഴ‍ിമതിയുമായി ബന്ധപ്പെട്ട കേസ് തുടരുന്ന സാഹചര്യത്തിലാണ് രാജി.

കെജ്‌രിവാളാണ് അതിഷിയെ മുഖ്യമന്ത്രിയായി നാമനിർദേശം ചെയ്തത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് അതിഷി മുഖ്യമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്നത്.

‘അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പണവും സ്വർണാഭരണങ്ങളും തിരികെ കിട്ടാൻ സൗഹൃദം തുടർന്നു’; ശ്രീക്കുട്ടി

‘അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പണവും സ്വർണാഭരണങ്ങളും തിരികെ കിട്ടാൻ സൗഹൃദം തുടർന്നു’; ശ്രീക്കുട്ടി

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നൽകിയിരിക്കുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. നിലവിൽ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് ഭാഷ്യം. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോ​ഗിച്ചതിന് പൊലീസിന് തെളിവ് ലഭിച്ചു. 14 ന് ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവർ ഇതേ ഹോട്ടലിൽ മൂന്ന് തവണ മുറിയെടുത്തിരുന്നു. ഇവർക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച അജ്മലിനും ശ്രിക്കുട്ടിക്കുമെതിരെ ജനരോഷമുയർന്നു. അപകടം നടന്ന അനൂർകാവിൽ അജ്മലിനെയും ശ്രീക്കുട്ടിയെയും എത്തിച്ചെങ്കിലും നാട്ടുകാർ പ്രകോപിതരായതോടെ പുറത്തിറക്കാനായില്ല. ഒടുവിൽ ശ്രീക്കുട്ടിയെയും വാഹനത്തിന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തി. പ്രതികൾക്ക് വാഹനം നൽകിയ സുഹൃത്തിൻ്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് പുതിയ ഉയരം കുറിച്ചത്. 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കൂടിയത്. 6960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ ഇന്നലെ ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55000ന് മുകളില്‍ എത്തിയതോടെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന സൂചന നല്‍കി. ഇന്ന് വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു.