by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, സുനിക്ക് അമ്മയെ കാണാനും കോടതി അനുമതി നല്‍കി. പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത്.
കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്തിമവാദം കേള്‍ക്കാന്‍ ഇരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. ഇതിന് പുറമേ തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

by Midhun HP News | Sep 20, 2024 | Latest News, കേരളം
തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്.
കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിനിലൂടെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ വര്‍ഷം മുതല്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി.
സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും യാഥാര്‍ത്ഥ്യമാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിലൂടെ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ഒപ്പം നിന്ന് പ്രവര്‍ത്തിച്ച് ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ന്യൂ ഡല്‍ഹി ഭാരത് മണ്ഡപില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയില്‍ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഏറ്റുവാങ്ങി.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭക്ഷ്യ സംരംഭകര്‍ക്കും നല്‍കിയ പരിശീലനങ്ങള്‍, ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിത്.

by Midhun HP News | Sep 20, 2024 | Latest News, കേരളം
തൃശൂര്‍: പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. 1934 മാര്‍ച്ച് 30-നാണ് വേലായുധന്‍ പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ വിരമിച്ചു. ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.

by Midhun HP News | Sep 20, 2024 | Latest News, കേരളം
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (36) തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. 16 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.

by Midhun HP News | Sep 20, 2024 | Latest News, കേരളം
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. ഡ്രഡ്ജര്‍ ഗംഗാവലി പുഴയില്‍ ഉറപ്പിച്ച് നിര്‍ത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് വിവരം.
ഡ്രഡ്ജര്‍ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാന്‍ 4-5 മണിക്കൂര്‍ വേണ്ടി വരും. നാവികസേനയുടെ ഡൈവര്‍മാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കും. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിര്‍ദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തുടര്‍നടപടി നിശ്ചയിക്കുക. കാര്‍വാറില്‍ നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഡ്രഡ്ജര്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ജുഗുണി അഴിമുഖത്ത് എത്തിയത്. ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായി വേലിയിറക്ക സമയം വരെ ഡ്രഡ്ജര്‍ അഴിമുഖത്ത് നങ്കൂരമിട്ടു. പിന്നീട് വൈകിട്ട് നാലു മണിക്ക് വേലിയിറക്കം തുടങ്ങിയതോടെ ഡ്രഡ്ജര്‍ പാലത്തിനടിയിലൂടെ നീങ്ങി.
ഡ്രഡ്ജര്‍ ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയില്‍ പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഗംഗാവലി പുഴയില്‍ ജല നിരപ്പ് കുറഞ്ഞതിനാല്‍ റെയിവെ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നു പോകാനായില്ല. രാത്രി ആയതിനാല്‍ പാലത്തിന്റെ വശങ്ങള്‍ അടക്കം കൃത്യമായി കാണുന്നതിന് തടസം ഉണ്ടായിരുന്നു.
by Midhun HP News | Sep 20, 2024 | Latest News, കേരളം
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്. മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പിലൂടെ അറിയിക്കാന്‍ കഴിയും. പരാതി അറിയിക്കാനുള്ള നമ്പര്‍: 94467 00800.
മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നിയമലംഘനത്തിന്മേല്‍ ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) പാരിതോഷികം നല്‍കും. വാട്സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോര്‍പറേഷനില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.
പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകള്‍ സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ അറിയിക്കാം.തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് എവിടെനിന്നും വാട്‌സാപ്പില്‍ ലഭിക്കുന്ന പരാതികള്‍ അവയുടെ ലൊക്കേഷന്‍ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്.
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതം നിര്‍ദിഷ്ട വാട്‌സ്ആപ്പ് നമ്പറില്‍ പരാതി അറിയിക്കാം. തുടര്‍ന്ന് ലൊക്കേഷന്‍ വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വികസിപ്പിച്ച വാര്‍റൂം പോര്‍ട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ലഭ്യമാക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം വാട്‌സാപ്പ് നമ്പറുകള്‍ ആണ് നിലവില്‍ ഉണ്ടായിരുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍ സേവനം ലഭ്യമാക്കുന്നത്.

Recent Comments