by Midhun HP News | Sep 20, 2024 | Latest News, കേരളം
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ശ്രുതിയുടെ അമ്മയുടെ മൃതശരീരം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. ശ്രുതിയുടെ ആവശ്യപ്രകാരം ആയിരുന്നു സംസ്കാര ചടങ്ങ് നടത്തിയത്. വയനാട് എംഎൽഎ ടി സിദ്ദിഖാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. “സാറേ… എനിക്കെന്റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകൾ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞുവെന്നും ടി സിദ്ദിഖ് കുറിച്ചു.
ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ അടക്കം ചെയ്തത്. കണ്ണീർ വറ്റിപ്പോയിരിക്കണം. ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്റെ അച്ഛൻ വല്ലാത്ത നോവായിരുന്നുവെന്നും സിദ്ദിഖ് കുറിച്ചു.
ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്
“സാറേ… എനിക്കെന്റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകൾ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞു…
പിന്നീട് ആംബുലൻസിൽ ശ്രുതിയെയും കൊണ്ട് ഒരു യാത്രയായിരുന്നു… പുത്തുമലയിലെ പൊതു കുഴിമാടത്തിൽ നിന്ന് ശ്രുതിയുടെ അമ്മയെ വൈറ്റ് ഗാർഡിന്റെ സഹായത്തോടെ
എടുത്ത് മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിൽ ഐവർ മഠത്തിന്റെ സഹായത്തോടെ ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല… കണ്ണീർ വറ്റിപ്പോയിരിക്കണം…
ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്റെ അച്ഛൻ വല്ലാത്ത നോവായിരുന്നു… വിഷ്വൽ ലാംഗ്വേജിൽ എല്ലാം നിങ്ങൾക്ക് കാണാം…
മുസ്ലിം പള്ളിയിലെ ഖബറിൽ നിന്ന് ചർച്ചിലേക്കും, ഹൈന്ദവ ശ്മശാനത്തിലേക്കും, പുത്തുമലയിലെ പൊതു ശ്മശാനത്തിൽ നിന്നും അത് പോലെ തിരിച്ചും ഡിഎൻഎ വഴി തിരിച്ചറിഞ്ഞ ബോഡികൾ എടുത്ത് മാറ്റുകയാണ് ദിവസവും ഞങ്ങൾ…
by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എംഡിഎംഎയാണ് ഉപയോഗിച്ചിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയില്‍ പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാനുള്ള ട്യൂബും കണ്ടെത്തി. അപകടമുണ്ടാകുന്നതിന് തലേന്നാണ് അജ്മലും ശ്രീക്കുട്ടിയും മുറിയെടുത്തത്. അപകടത്തിന് തലേന്നാണ് പ്രതികള്‍ രാസലഹരി ഉപയോഗിച്ചത്. രാസലഹരി ഉപയോഗിക്കാനായി പ്രതികള്‍ ഹോട്ടലില്‍ മുറിയെടുക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

യുവതിയെ കാര്‍കയറ്റി കൊന്ന സംഭവത്തിലെ ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ അപകടം നടന്ന സ്ഥലത്തും ഹോട്ടലിലുമെത്തിച്ച് തെളിവെടുക്കും. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്‍വാണിഭ സംഘം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചു. ബംഗ്ലാദേശില്‍ നിന്നും 12 -ാം വയസ്സില്‍ ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റ് വലയിലാക്കുകയായിരുന്നു.
സെക്‌സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗലൂരുവിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയുമാണ്. പെണ്‍കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പെണ്‍കുട്ടിയെ ശ്യാം പലര്‍ക്കും കാഴ്ചവെച്ചു. ഒരു ദിവസം ഏഴുപേര്‍ വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. തുടര്‍ന്ന് ബംഗലൂരു റാക്കറ്റിനെ നിയന്ത്രിച്ച സെറീനയ്ക്ക് കൈമാറുകയായിരുന്നു. സെറീനയും പലര്‍ക്കും പെണ്‍കുട്ടിയെ നല്‍കി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി കൊച്ചിയിലെ ജഗതയുടെ കൈയിലെത്തുന്നത്. കൊച്ചിയില്‍ 20 ലേറെ പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചതായാണ് വിവരം.

മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. സെക്‌സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്‌ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി കോട്ടയം സ്വദേശിയായ സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരണമടഞ്ഞത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും.
by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊച്ചി: മകളോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി, അമിത ജോലിഭാരത്തെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ മരിച്ച യുവതി അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫ്. മകള്‍ക്ക് രാത്രി 12.30 വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മകളോട് ജോലി ഉപേക്ഷിക്കാന്‍ ഉപദേശിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ എക്‌സ്‌പോഷര്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി മകള്‍ മടിക്കുകയാണ് ചെയ്തതെന്നും സിബി ജോസഫ് പറഞ്ഞു.
കടുത്ത ജോലി സമ്മര്‍ദ്ദം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും സിബി ജോസഫ് കുറ്റപ്പെടുത്തി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20 നാണ് അന്ന സെബാസ്റ്റ്യന്‍ (26) താമസസ്ഥലത്ത് വച്ച് കുഴഞ്ഞുവീണ് മരിച്ചത്. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ഏണസ്റ്റ് ആന്‍ഡ് യങ് രംഗത്തെത്തി. അന്ന സെബാസ്റ്റ്യന്റെ അകാല വേര്‍പാടില്‍ അതിയായ ദുഃഖമുണ്ട്. കമ്പനിയുടെ രാജ്യത്തുടനീളമുള്ള ഓഫീസുകളില്‍ ആരോഗ്യകരമായ ജോലി ക്രമീകരണം ഉറപ്പുവരുത്തുമെന്ന് കമ്പനി വ്യക്തമാക്കി. അന്നയുടെ മരണത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അനുശോചിച്ചു. അമിത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യുവാക്കള്‍ കുഴഞ്ഞു വീണു മരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും അജിത് പവാര്‍ പറഞ്ഞു. നവംബര്‍ 23ന് ചാർട്ടേഡ് അക്കൗൺന്റ് പരീക്ഷ പാസായ ശേഷം മാര്‍ച്ച് 19നാണ് അന്ന സെബാസ്റ്റ്യന്‍ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയംതെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്ന് അന്നയുടെ അമ്മ പറഞ്ഞു. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി അധികൃതർ കഴിഞ്ഞ ദിവസം അന്നയുടെ കളമശ്ശേരി കങ്ങരപ്പടിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു.

by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 480 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,080 രൂപയാണ്.
ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6885 രൂപയാണ്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില 55,000 കടന്നിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പവന്‍ വില 55,000 രൂപ കടക്കുന്നത്.തുടര്‍ന്നു മൂന്നുദിവസം വില കുറയുന്ന ട്രെന്‍ഡാണ് കണ്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.
Recent Comments