പൾസർ സുനിക്ക് ചിക്കൻപോക്സ്, ജയിൽ മോചനം അസുഖം ഭേദമായശേഷം

പൾസർ സുനിക്ക് ചിക്കൻപോക്സ്, ജയിൽ മോചനം അസുഖം ഭേദമായശേഷം

കൊച്ചി: ചിക്കൻപോക്സ് ബാധിച്ചതിനാൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. അസുഖബാധിതനായതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിക്കു ജാമ്യം അനുവദിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. ജാമ്യവ്യവസ്ഥ അന്തിമമാക്കുന്നതിന് വിചാരണ കോടതി വാദം കേള്‍ക്കണം. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാം. തുടര്‍ന്നുവേണം ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച തുടങ്ങും

അർജുനായുള്ള തെരച്ചിൽ വ്യാഴാഴ്ച തുടങ്ങും

ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജറുമായി ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രഡ്ജറുമായി ടഗ് ബോട്ട് കാർവാറിലേക്ക് പുറപ്പെട്ടത്.

ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തു കൊണ്ടാകും തെരച്ചിൽ വീണ്ടും പുനരാരംഭിക്കുക. ഇന്ന് വൈകുന്നേരത്തോടെ കാർവാർ തുറമുഖത്ത് ടഗ് ബോട്ട് എത്തും. നാളെ കാർവാറിൽ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും

നടുറോഡിൽ ചോരവാർന്ന് കിടന്ന് യുവാവ്; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

നടുറോഡിൽ ചോരവാർന്ന് കിടന്ന് യുവാവ്; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

കോട്ടയം: അപകടത്തിൽ പരിക്കേറ്റ് നടുറോഡിൽ ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും അവ നിർത്താതെ പോയതോടെയാണ് ബസിൽ ആശുപത്രിയിലെത്തിച്ചത്. അപകടം കണ്ടെങ്കിലും പല വാഹനങ്ങളും വേഗം കൂട്ടി കടന്നുപോകുകയായിരുന്നു.

ഇന്നലെ രാവിലെ 9.15ന് കോട്ടയം – കുമളി റോഡിൽ ചോറ്റി നിർമലാരം കവലയുടെ സമീപമായിരുന്നു സംഭവം. വണ്ടിപ്പെരിയാർ സ്വദേശി കൂടത്തിൽ അഭിജിത്ത് (24) ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പാലായിൽ നിന്നു മുണ്ടക്കയത്തേക്കു വരികയായിരുന്ന ബസാണ് രക്ഷയ്ക്കെത്തിയത്.

കണ്ടക്ടർ കൂരോപ്പട സ്വദേശി ആലുങ്കൽപറമ്പിൽ ജയിംസ് കുര്യനും ഡ്രൈവർ ചെറുവള്ളി സ്വദേശി ഉതിരകുളത്ത് കെ.ബി.രാജേഷും ഇറങ്ങി മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ റോഡിൽ നിന്നു വശത്തേക്കു മാറ്റിക്കിടത്തി. ആശുപത്രിയിൽ എത്തിക്കാനായി വാഹനങ്ങൾക്കു കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല.

ഒടുവിൽ ഇരുവരും ചേർന്ന് യുവാവിനെ ബസിൽ കയറ്റി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ട്രിപ് അവസാനിക്കുന്ന മുണ്ടക്കയം ബസ് സ്റ്റാൻഡിനു മുൻപിൽ യാത്രക്കാരെ ഇറക്കി വീണ്ടും വേഗത്തിൽ പുറപ്പെട്ടു. ടൗണിൽ നിന്നു 3 കിലോമീറ്റർ അകലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുൻപിൽ ബസ് വന്നതോടെ ആശുപത്രി അധികൃതർ എത്തി അഭിജിത്തിന്റെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുത്തു.

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 55,000ല്‍ താഴെ

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 55,000ല്‍ താഴെ

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെ 55000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55000ല്‍ താഴെ എത്തിയത്. 54,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്.

കാൻസറിന് പിന്നാലെ വീടിന് ജപ്തി ഭീഷണിയും; നിർധന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ​ഗോപി

കാൻസറിന് പിന്നാലെ വീടിന് ജപ്തി ഭീഷണിയും; നിർധന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ​ഗോപി

ആലപ്പുഴ: ജപ്തി ഭീഷണി നേരിടുന്ന നിർധന കുടുംബത്തിന് സഹായ ഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ആലപ്പുഴ പെരുമ്പള സ്വ​​ദേശി രാജപ്പൻ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ​ഗോപി പണമടച്ച് തിരിച്ചെടുത്ത് നൽകിയത്. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റിൽ നിന്നു നൽകിയാണ് ജപ്തി ഒഴിവാക്കിയത്.

തിങ്കളാഴ്ച കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി രാജപ്പനും കുടുബത്തിനും ജപ്തി നടപടികൾ ഒഴിവാക്കിക്കൊണ്ടുള്ള രേഖകൾ കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകൾ രശ്മി കാൻസർ വന്ന് മരിച്ചിരുന്നു. ഇതോടെ രശ്മിയുടെ രണ്ടു മക്കളുടെയും ഉത്തരവാദിത്തം രാജപ്പന്റെ ചുമലിലായി. ഇതിനിടെ രാജപ്പന്റെ ഭാര്യ മിനിക്കും കാൻസർ സ്ഥിരീകരിച്ചു.

എന്നാൽ അവിടെയും ദുരന്തങ്ങൾ അവസാനിച്ചില്ല. രശ്മിയുടെ മകൾ ആരഭിക്കും കാൻസറാണ്. ആരഭിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായം നൽകാമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. അവർക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യം ഒരുക്കാൻ പറ്റി. മ‍ജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മ‍ജ്ജ ദാനം ചെയ്യുന്നവർക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

എം പോക്‌സ് രോഗ ലക്ഷണം; മലപ്പുറത്ത് ഒരാള്‍ ചികിത്സയില്‍

എം പോക്‌സ് രോഗ ലക്ഷണം; മലപ്പുറത്ത് ഒരാള്‍ ചികിത്സയില്‍

മലപ്പുറം: മഞ്ചേരിയില്‍ എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്.പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.