തിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ജലവിതരണം വൈകീട്ടു നാലുമണിയോടെ പുനഃസ്ഥാപിക്കുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. മൂന്നു മണിക്കൂറിനകം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തുമെന്നും മന്ത്രി പറഞ്ഞു. ചില സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് കുടിവെള്ള വിതരണം വൈകിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പമ്പിംഗ് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

തമ്പാനൂര്‍- കന്യാകുമാരി റെയില്‍വേ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്‍ന്നാണ് നാല് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത്. ഈ ജോലി രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാമെന്നാണ് കരുതിയിരുന്നത്. അതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

പണി പൂര്‍ത്തീകരിച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷം വാല്‍വ് ക്ലിയര്‍ ചെയ്ത് അരുവിക്കരയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും വെള്ളം തുറന്നു വിട്ടപ്പോള്‍ വാല്‍വില്‍ ചോര്‍ച്ചയുണ്ടായി. എന്നാല്‍ ചോര്‍ച്ച രൂക്ഷമായതോടെ, വാല്‍വ് വീണ്ടും അഴിച്ചു പണിയോണ്ടി വന്നു. ഇതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ബെന്റ് കോണ്‍ക്രീറ്റ് ചെയ്തശേഷം പമ്പ് ചാര്‍ജ് ചെയ്യും. വൈകീട്ടോടെ എല്ലാ പ്രദേശത്തും വെള്ളമെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

പൈപ്പ് മാറ്റിയിടല്‍ ജോലിയെത്തുടര്‍ന്ന് തലസ്ഥാനത്ത് നാലു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്‍ത്തിവച്ചിരുന്നത്. പൂര്‍ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില്‍ ടാങ്കറുകളില്‍ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചിരുന്നു. എന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതായതോടെ ജനം വളരെ ദുരിതത്തിലായിരുന്നു.

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കും; അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കും; അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍

കൊച്ചി: ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കലക്ടര്‍മാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുമെന്നും കലക്ടര്‍മാരുടെ യോഗത്തില്‍ മന്ത്രി അറിയിച്ചു.

നിലവില്‍ 2,83,097 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. തരംമാറ്റ അപേക്ഷകളുടെ വര്‍ധന കണക്കിലെടുത്താണ് തരംമാറ്റ അധികാരം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി നല്‍കിയത്. നിലവില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടര്‍ ഓഫീസുകളിലുമായി 71 ഇടത്താണ് അപേക്ഷ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നുള്ളത് എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ ആര്‍ഡി ഓഫീസുകളിലാണ്. കലക്ടര്‍മാരുടെ യോഗം ഞായറാഴ്ചയും തുടരും.

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം പരിഷ്കരിച്ചു, മാറ്റങ്ങൾ ഇങ്ങനെ

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം പരിഷ്കരിച്ചു, മാറ്റങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഔട്ട്ലുക്കും ഡിസൈനും നൽകി അപ്ഗ്രേഡ് ചെയ്തു. ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് പരിഷ്കാരം വരുത്തിയത്. പുതിയ ഡിസൈനിനും ഔട്ട്ലുക്കിനും പുറമേ തീയതി തെരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം അടക്കം നിരവധി അപ്ഡേഷനുകളാണ് കൊണ്ടുവന്നത്.

ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തിൽ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ബോർഡിംഗ് പോയിൻറുകൾ, ഡ്രോപ്പിംഗ് പോയിൻറുകൾ, ഏതൊക്കെ നഗരങ്ങൾ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കൽ നയവും ഓപ്ഷനുകൾ ഉപയോഗിച്ച് വേഗത്തിൽ അറിയാനാകുമെന്നും കെഎസ്ആർടിസി ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഔട്ട്ലുക്കും ഡിസൈനും നൽകി അപ്ഗ്രേഡ് ചെയ്തു.

ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങൾ:-

പുതിയ ഡിസൈനും ഔട്ട്ലുക്കും

തീയതി തിരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം ഏർപ്പെടുത്തി

ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തിൽ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്

ബോർഡിംഗ് പോയിൻറുകൾ, ഡ്രോപ്പിംഗ് പോയിൻറുകൾ, ഏതൊക്കെ നഗരങ്ങൾ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കൽ നയവും ഓപ്ഷനുകൾ ഉപയോഗിച്ച് വേഗത്തിൽ അറിയാനാകും.

ഓപ്ഷനുകൾ വളരെ വേഗത്തിൽ കണ്ടെത്താവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്

വിശദമായ ബോർഡിംഗ് & ഡ്രോപ്പിംഗ് പോയിൻറുകൾ

ഏതൊക്കെ നഗരങ്ങൾ വഴിയാണ് യാത്ര എന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രിയ യാത്രക്കാർക്ക് യാതൊരു തരത്തിലുമുള്ള ആശയക്കുഴപ്പവും ഇല്ലാതെ വളരെ ലളിതമായി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും

ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത്. വിമാന സർവീസുകൾ 30 മിനിറ്റ് വരെ വൈകുന്നുമുണ്ട്. ബംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല.

ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ

ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് മണി വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഓരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 150 ഓളം പൊലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തൊടുപുഴ: നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

യുവതിയുടെ പരാതിയില്‍ അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു.

യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബാബുരാജിന്റെ വാദം.