സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 400 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിലാണ് ഇന്നലെ വര്‍ധന ഉണ്ടായത്.

ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തുടരന്വേഷണം വേണമെന്ന് പൊലീസ്

ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തുടരന്വേഷണം വേണമെന്ന് പൊലീസ്

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് നടപടി. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന്‍ പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.

പൊലീസ് തെരച്ചിൽ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികൾ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ചു

കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ഓണത്തിന് ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി.

2023-ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി. ഓണം പ്രമാണിച്ച് സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാര്‍ക്കും 4000 രൂപ ബോണസ് നല്‍കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നല്‍കും.

സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാര്‍, സ്‌കീം തൊഴിലാളികള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഉത്സവബത്ത ലഭിക്കും. എല്ലാ ജീവനക്കാര്‍ക്കും 20000 രൂപ അഡ്വാന്‍സ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാന്‍സ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

കൊച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ ലീ​ഗ് കേരള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാ​ഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗിച്ച് സ്റ്റേഡിയത്തിൽ എത്തണം.

പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാ​ഗങ്ങളിൽ പാർക്ക് ചെയ്യണം. പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാ​ഗങ്ങളിൽ പാർക്ക് ചെയ്യണം.

കാണികളുമായെത്തുന്ന ബസുകളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ന​ഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈകിട്ട് 5 ന് ശേഷം എറണാകുളം ഭാ​ഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാ​ഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജം​ഗക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി-മാമം​ഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോ​ഗപ്പെടുത്തി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.

‘എന്നും നന്ദിയുണ്ടാകും’; റെയില്‍വേയിലെ ജോലി രാജിവച്ച് വിനേഷ് ഫോഗട്ട്; ഇനി കോണ്‍ഗ്രസ് ഗോദയിലേക്ക്

‘എന്നും നന്ദിയുണ്ടാകും’; റെയില്‍വേയിലെ ജോലി രാജിവച്ച് വിനേഷ് ഫോഗട്ട്; ഇനി കോണ്‍ഗ്രസ് ഗോദയിലേക്ക്

ഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ജോലി രാജിവച്ചു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് നീക്കം. ജോലിയില്‍ നിന്ന് രാജിവച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജിവച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അവിടെ എത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം എഐസിസി ആസ്ഥാനത്ത് എത്തിയ ശേഷമായിരിക്കും ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിക്കുക.

‘ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, റെയില്‍വേയിലെ ജോലി ഞാന്‍ രാജിവയ്ക്കുകയാണ്. തന്റ രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറി. രാജ്യത്തെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും.’ വിനേഷ് എക്‌സില്‍ കുറിച്ചു.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി

തിരുവനന്തപുരം: മനുഷ്യ ജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ജീവിയാണ് പിണറായി വിജയനെന്ന് സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്നു പറഞ്ഞ സുധാകരന്‍ ഈ മുഖ്യമന്ത്രിയെ ജനം അടിച്ചുപുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനുമുന്‍പ് നിരവധി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോണ്‍ഗ്രസുകാര്‍ അപലപിച്ചിട്ടുമില്ല, വിമര്‍ശിച്ചിട്ടുമില്ല. അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊണ്ടവരായിരുന്നു. താന്‍, തന്റെ കുടുംബം, തന്റെ സമ്പത്ത് അത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രിയുടെ ഭരണമാറ്റം നാടിന് അനിവാര്യമാണ്. ഒന്നുകില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തീരുമാനിക്കണം. അല്ലെങ്കില്‍ പൊതുജനം അതിന് തയ്യാറാകുമെന്ന് സുധാകരന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രക്ഷോഭത്തിന്റെ തീച്ചുളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കണം.

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് അവകാശ സമരമാണ്. തന്റെ കുട്ടികളെ പൊലീസ് വളഞ്ഞുവച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്. പൊലിസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം മുന്നോട്ടുപോകാനാവില്ല. അദ്ദേഹത്തെ പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊലീസുകാരാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യം. അദ്ദേഹത്തെ അങ്കിളെന്ന് വിളിച്ചിരുന്ന ഒരു എസ്പിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയെന്നും സുധാകരന്‍ പറഞ്ഞു.