അടുത്ത 5 ദിവസം വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും

അടുത്ത 5 ദിവസം വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നളെയും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

എട്ടിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പതിനും ഇതേ ജില്ലകളില്‍ തന്നെ യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്. പത്തിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ

06/09/2024 : കണ്ണൂര്‍, കാസര്‍കോട്

07/09/2024 : കണ്ണൂര്‍, കാസര്‍കോട്

08/09/2024 : എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

09/09/2024 : എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

10/09/2024 : കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്

രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്

ഡല്‍ഹി: രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്. ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളം ‘ടോപ് അച്ചീവേഴ്‌സ്’ വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഡല്‍ഹിയില്‍ സംസ്ഥാന വാണിജ്യ-വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍നിന്ന് മന്ത്രി പി. രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി.

ബിസിനസ് പരിഷ്‌കാരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തില്‍ത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 30 ബിസിനസ് പരിഷ്‌കരണ സൂചികകളില്‍ 9 എണ്ണത്തില്‍ കേരളം ടോപ്പ് അച്ചീവേഴ്‌സ് (95 ശതമാനത്തിനു മുകളില്‍) വിഭാഗത്തിലാണ്. ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലുമാണ് മുന്നില്‍. വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണെന്നും പി രാജീവ് പറഞ്ഞു. വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയില്‍ വികസനത്തില്‍ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബഹുമതി കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

കൊച്ചി: പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് ആകും അത്തച്ചമയ പതാക വീശുക.

തൃപ്പൂണിത്തുറ നഗരത്തിലൂടെ ആവും അത്തച്ചമയ ഘോഷയാത്ര നടക്കുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. അത്തം നഗറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അതേസമയം അത്തച്ചമയ ഘോഷയാത്ര നടക്കുന്ന ഇന്ന് രാവിലെ 7 മണിമുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം

തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം

തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്.

നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ സാധിച്ചില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളിൽ മോഷണം തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

യെച്ചൂരിയുടെ നില തൃപ്തികരം, ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്ന് പാർട്ടി

യെച്ചൂരിയുടെ നില തൃപ്തികരം, ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്ന് പാർട്ടി

ഡല്‍ഹി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില തൃപ്തികരമെന്ന് പാര്‍ട്ടി. യെച്ചൂരി ചികിത്സയോടു മെച്ചപ്പെട്ട നിലയില്‍ പ്രതികരിക്കുന്നുണ്ടെന്ന് പാര്‍ട്ടി അറിയിച്ചു. കടുത്ത ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് വിവരമൊന്നും ന്ല്‍കിയിട്ടില്ല. എഴുപത്തിരണ്ടുകാരനായ യെച്ചൂരിയെ കഴിഞ്ഞ 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചി വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, വ്ളോഗര്‍ക്കെതിരെ കേസ്

കൊച്ചി വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, വ്ളോഗര്‍ക്കെതിരെ കേസ്

കൊച്ചി: ഡ്രോണ്‍ ഉപയോഗിച്ച് രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പ്രമുഖ വ്ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസ്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോകള്‍ പങ്കുവച്ചത്.

കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിനെ കുറിച്ച് അടുത്തിടെ വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു.

ഡ്രോണുകളുടെ നിരോധിത മേഖലാണ് കൊച്ചി വിമാനത്താവളം. പിന്നീട് പൊലീസ് ഇന്‍സ്റ്റഗ്രാം ഐഡി ട്രാക്ക് ചെയ്യുകയം അര്‍ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് സമ്മതിച്ചു. ഓഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. നേവല്‍ ബേസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി തുറമുഖം, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി എന്നിവ ഉള്‍പ്പെട്ട അതീവ സുരക്ഷാമേഖലകളില്‍ വ്‌ലോഗര്‍മാരും വിഡിയോ ഗ്രാഫര്‍മാരും ഡ്രോണുകള്‍ പറത്തുന്നത് പതിവാണ്.