by Midhun HP News | Sep 6, 2024 | Latest News, കേരളം
തിരുവനന്തപുരം: ട്രെയിനുകള്‍ക്ക് കവച് സുരക്ഷ കേരളത്തിലും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സുരക്ഷ സംവിധാനമാണ് കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 106 കിലോ മീറ്ററുള്ള ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. 67.77 കോടി ചെലവിലാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുക. വിവിധ സംസ്ഥാനങ്ങളിലായി 7,228 കിലോ മീറ്റര്‍ പാതയിലാണ് 2,200 കോടി രൂപ ചെലവില്‍ പദ്ധതി ഈ വര്‍ഷം നടപ്പിക്കാന്‍ കരാര്‍ ക്ഷണിച്ചത്. രാജ്യത്തെ 68,000 കിലോ മീറ്റര്‍ ട്രാക്ക് ശൃംഖലയില്‍ 1,465 കിലോ മീറ്ററില്‍ നിലവില്‍ സംവിധാനം ഉണ്ട്. 3000 കിലോമീറ്റര്‍ സ്ഥാപിക്കാനുള്ള ജോലി നടന്നുവരികയാണ്.
കേരളത്തിന് പുറമെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ഡിവിഷനുകളിലും കവച് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ടെന്‍ഡറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണ് കവച്. ഇതിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും അമിത വേഗത ഒഴിവാക്കാനും മൂടല്‍മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥകളില്‍ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സഹായിക്കാനും ഒരു നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ ഉണ്ടെങ്കില്‍ ട്രെയിന്‍ യാന്ത്രികമായി നിര്‍ത്താനും കഴിയും. ട്രെയിന്‍ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുകയാണ് കവചിന്റെ ലക്ഷ്യം. ലോക്കോപൈലറ്റ് കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ബ്രേക്കിട്ടാണ് കവച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കുന്നത്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
വിദേശത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയാണ് ആരോഗ്യരംഗം. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ നിരവധി നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ ഇതിനോടകം നടന്നിട്ടുണ്ട്. അത്തരത്തില്‍ വീണ്ടുമൊരു യു.കെ റിക്രൂട്ട്‌മെന്റാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് കീഴിലാണ് യു.കെയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യുണൈറ്റഡ് കിങ്ഡം (യു.കെ)യിലെ വെയില്‍സിലെ കാര്‍ഡിഫ് ആന്‍ഡ് വെയ്ല്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡിലേക്കാണ് നഴ്‌സുമാര്‍ക്ക് അവസരം. ഓണ്‍ലൈന്‍ അഭിമുഖം മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
നഴ്‌സിങ്ങില്‍ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്‌പെഷ്യാലിറ്റിയില്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.
സിബിടി യോഗ്യതയുള്ള പീഡിയാട്രിക് ഐസിയു (PICU) സ്‌പെഷ്യാലിറ്റിയും ട്രക്കിയോസ്റ്റമിയിലും പ്രവൃത്തി പരിചയം വേണം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ അവരുടെ ബയോഡാറ്റ, ഒ ഇ ടി /ഐ ഇ എല്‍ ടി എസ്സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ സഹിതം 2024 സെപ്റ്റംബര്‍ 07 നകം(നാളെ) അപേക്ഷിക്കാവുന്നതാണ്. പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. വിസ അപേക്ഷകള്‍, യാത്രാ ക്രമീകരണങ്ങള്‍, താമസസൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയിലുടനീളം നോര്‍ക്ക റൂട്ട്‌സിന്റെ പിന്തുണയും ലഭ്യമാണ്.
by Midhun HP News | Sep 6, 2024 | Latest News, കേരളം
കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍പെടുന്നതും മരിക്കുന്നതും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
by Midhun HP News | Sep 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേകം അലര്‍ട്ടുകളൊന്നുമില്ല. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.എട്ടാം തീയതിയോടെ മഴ വീണ്ടും ശക്തമാകും. 8,9 തിയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും, ഒന്‍പതിന് വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | Sep 6, 2024 | Latest News, കേരളം
കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്.
പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.
നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു നിവിന്‍ പോളിക്കെതിരെ യുവതി നല്‍കിയ പരാതി. പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി.
by Midhun HP News | Sep 6, 2024 | Latest News, കേരളം
കൊച്ചി: പൂവിളി പൂവിളി പൊന്നോണമായി… ഇന്ന് അത്തം. മാവേലിയെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളുടേതു കൂടിയാണ്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. മലയാളികളുടെ മുറ്റത്ത് ഇന്ന് മുതൽ പൂക്കളങ്ങൾ വിരിഞ്ഞ് തുടങ്ങും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.
വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി എല്ലാത്തിനും നാടൊരുങ്ങി. അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പൊതുവേ അത്തത്തിന് ഇരുണ്ട ആകാശവും മഴയും ഒക്കെയാണ്.
അങ്ങനെ വന്നാൽ പിന്നീട് തിരുവേണം നാളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ സെപ്റ്റംബര്‍ 15 നാണ് തിരുവോണം. ഓണവിപണിയിലേക്കുള്ള പൂക്കളും ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഓണക്കാലമായതോടെ പൂവിപണികളും ഇന്ന് മുതൽ സജീവമാകും.സർക്കാരിന്റേതുൾപ്പെടെയുള്ള വിവിധ ഓണച്ചന്തകൾക്കും ഇന്നു തുടക്കമാകും. അതേസമയം ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. ഗവ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30 ന് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
Recent Comments