by Midhun HP News | Sep 5, 2024 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിട്ടു. കൊടി കെട്ടിയ വടികള്‍ പൊലീസിന് നേര്‍ക്ക് എറിഞ്ഞു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് തെരുവുയുദ്ധമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി. ശശി സേനയിലെ എമ്പോക്കികള്‍ തടഞ്ഞാലും സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക ഓഫീസായി മാറി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകളാണ്. ഇവരെയെല്ലാം സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കുന്നത്.
by Midhun HP News | Sep 5, 2024 | Latest News, കേരളം
ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ചെയർമാൻ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ പറഞ്ഞു.
അക്കാദമിയുടെ ജനാധിപത്യം സ്വഭാവം കാക്കുമെന്നും പ്രേംകുമാർ പറഞ്ഞു. സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിതാ വരണമെന്നും ആവശ്യപ്പെട്ടതായും പ്രേംകുമാർ പറഞ്ഞു.സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റുമെന്നും പ്രേംകുമാർ പറഞ്ഞു. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.
സിനിമ കോൺക്ലേവ് തീയതിയിൽ അന്തിമ തീരുമാനമായില്ലെന്നും മറ്റേണ്ടവരെ മാറ്റിനിർത്താമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്ന് പുറത്തിക്കിയ ഉത്തരവിൽ പറയുന്നു.
by Midhun HP News | Sep 5, 2024 | Latest News, കേരളം
കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് പൊതു താല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഒരു എംഎല്‍എയാണ് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ടാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. എഡിജിപി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ്. സ്വര്‍ണ കള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെടുത്തി എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം ആരംഭഘട്ടത്തിലാണ്. ആരോപണങ്ങളെല്ലാം വിശദമായി പരിശോധിച്ചു വരികയാണ്. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.
by Midhun HP News | Sep 5, 2024 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിൽ നടപടി. കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിലെ ഉടമ ഷിജാസിൽ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാൻ ഇടുക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. ആദിവാസി കോളനികളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
by Midhun HP News | Sep 5, 2024 | Latest News, കേരളം
ശിഷ്യന്മാരും സുഹൃത്തുക്കളും ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ തന്റെ ജന്മദിനം, തന്റെ പേരിൽ ആഘോഷിക്കുന്നതിനുപകരം അത് അധ്യാപക ദിനമായി ആചരിച്ചാൽ ഏറെ അഭിമാനകരമാകുമെന്ന് ഡോക്ടർ രാധാകൃഷ്ണൻ നിർദ്ദേശിക്കുകയായിരുന്നു.
അധ്യാപകർ കേവലം അറിവ് പകരുന്നവർ മാത്രമല്ല, മികവിനായി പരിശ്രമിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന ഉപദേഷ്ടാക്കളും വഴികാട്ടികളും റോൾ മോഡലുകളുമാണ് അവർ. ഇന്റർനെറ്റിന്റെയും നിർമ്മിതബുദ്ധിയുടേയും പുതിയകാലത്ത് അധ്യാപകരുടെ ദൗത്യം വഴികാട്ടികളെന്ന നിലയിലേക്ക് ചുരുങ്ങിയെന്നത് ശരി തന്നെ.
എന്നാൽ വിദ്യാർത്ഥികളുടെ ധാർമ്മിക മൂല്യങ്ങൾ, സാമൂഹിക കഴിവുകൾ, മൊത്തത്തിലുള്ള സ്വഭാവ വികസനം എന്നിവയെ സ്വാധീനിക്കുന്ന അവരുടെ സ്വാധീനം അക്കാദമിക് പഠനത്തിനപ്പുറത്തേക്ക് വ്യാപിക്കുകയാണ് ഇന്ന്. അധ്യാപകദിനം കേവലം ഒരു ആചരണം മാത്രമല്ല. വ്യക്തി ജീവിതത്തിലും സമൂഹത്തിൽ മൊത്തത്തിലും അധ്യാപകർ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണിത്. അധ്യാപകരെ ആദരിക്കുന്നതിലൂടെയും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിലൂടെയും, വിദ്യാഭ്യാസത്തിനും ഭാവി തലമുറയുടെ വികസനത്തിനുമുള്ള ജനതയുടെ പ്രതിബദ്ധതയാണ് യഥാർത്ഥത്തിൽ വെളിപ്പെടുന്നത്.
by Midhun HP News | Sep 5, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ എഎസ്‌ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് നാസര്‍. അന്നത്തെ എസ്പിയായിരുന്ന സുജിത് ദാസിന്റെ അനിഷ്ടം മൂലം ശ്രീകുമാറിനെ പലവട്ടം സ്ഥലംമാറ്റി. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മരിക്കുന്നതിന് തലേന്ന് ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നു എന്നും നാസര്‍ പറഞ്ഞു.
ശ്രീകുമാറിന്റെ ഭാര്യയും പൊലീസുകാരിയാണ്. ശ്രീകുമാറിന് നൈറ്റ് ഡ്യൂട്ടി നല്‍കിയാല്‍ ഭാര്യയ്ക്ക് പകല്‍ ഡ്യൂട്ടി നല്‍കും. രണ്ടുപേരെയും ഒരേസമയം വീട്ടില്‍ കഴിയാന്‍ അനുവദിക്കാറില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. പ്രതികളെ മര്‍ദ്ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രീകുമാറിനെ നിര്‍ബന്ധിക്കുമായിരുന്നു. പിന്നീട് ഇതിനു കൂട്ടാക്കാതിരുന്നതോടെ ശ്രീകുമാറിനെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പീഡിപ്പിക്കാന്‍ തുടങ്ങി.
ശ്രീകുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസുകാര്‍ കീറിക്കൊണ്ടുപോയെന്നും നാസര്‍ പറഞ്ഞു. ഒരു ഡയറിയെക്കുറിച്ച് ശ്രീകുമാര്‍ പറഞ്ഞിരുന്നു. അതു അവര്‍ക്ക് കിട്ടിയോയെന്ന് അറിയില്ല. ഒരു പുസ്തകത്തില്‍ എന്തോ എഴുതിവെച്ചിട്ടുണ്ട്. അതു വായിക്കുമ്പോള്‍ അറിയാം. ജോലി രാജിവെക്കുന്നകാര്യവും ശ്രീകുമാര്‍ പറഞ്ഞിരുന്നുവെന്ന് നാസര്‍ പറഞ്ഞു.
ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. സേനയിൽ നിന്നും, എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ശ്രീകുമാറിന്റെ ആത്മഹത്യക്ക് കാരണമെന്നും നാസർ ആരോപിച്ചു. എടവണ്ണ സ്വദേശിയായ ശ്രീകുമാർ 2021 ജൂൺ 10 നാണ് ആത്മഹത്യ ചെയ്തത്.
Recent Comments