സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് നാലാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നൽകണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വർണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.

സഞ്ജു ദുലീപ് ട്രോഫി കളിക്കും! അവസാന മണിക്കൂറില്‍ ‘ട്വിസ്റ്റ്’

സഞ്ജു ദുലീപ് ട്രോഫി കളിക്കും! അവസാന മണിക്കൂറില്‍ ‘ട്വിസ്റ്റ്’

ബം​ഗളൂരു: ആഭ്യന്തര ക്രിക്കറ്റ് പോരാട്ടമായ ദുലീപ് ട്രോഫിക്ക് ഇന്ന് തുടക്കം. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം നിൽക്കെ മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തി. ഇന്ന് രാവിലെ 9.30 മുതലാണ് പോരാട്ടം. അതിനിടെയാണ് അപ്രതീക്ഷിതമായി മലയാളി താരത്തിനു വിളിയെത്തിയത്. ദുലീപ് ട്രോഫി പോരാട്ടത്തിലെ പ്രകടനം ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്നതിനാൽ താരങ്ങൾക്ക് മുന്നിൽ മികച്ച അവസരമാണ്.

ഇന്ത്യയുടെ എ, ബി, സി, ഡി ടീമുകളാണ് ദുലീപ് ട്രോഫിക്കായി മത്സരിക്കുന്നത്. ഇതിൽ ‍ഡി ടീമിലാണ് സഞ്ജു വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെത്തിയത്. ഡി ടീമിലുണ്ടായിരുന്ന ഇഷാൻ കിഷനു പരിക്കേറ്റതോടെയാണ് സഞ്ജുവിന് വിളിയെത്തിയത്. ഇഷാന് കാലിനു പരിക്കേറ്റതാണ് വിനയായത്. ഡി ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്.

പരിക്കേറ്റതിനാല്‍ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ്, പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങൾ കളിക്കില്ല. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ടൂർണമെന്റിൽ നിന്നു പിൻമാറി.

ഇന്ന് രാവിലെ 9.30 മുതൽ ഋതുരാജ് ​ഗെയ്ക്‌വാദ് നായകനായ സി ടീമിനെതിരെയാണ് ഡി ടീമിൻറെ ആദ്യ പോരാട്ടം. അനന്തപുർ റൂറൽ ‍ഡെവലപ്മെൻറ് സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇതേ സമയത്തു തന്നെ ഇന്ത്യ എ, ബി ടീമുകളുടെ പോരാട്ടവും അരങ്ങേറും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ശക്തമായ കാറ്റ്

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ഈ മാസം എട്ട് വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ മിക്ക ഭാഗങ്ങളും, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങളും, വടക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പെണ്‍കുട്ടിയെ അറിയില്ല, പരാതിക്ക് പിന്നില്‍ ഗൂഢാലോചന; നിവിൻ പോളി ഹൈക്കോടതിയിലേക്ക്

പെണ്‍കുട്ടിയെ അറിയില്ല, പരാതിക്ക് പിന്നില്‍ ഗൂഢാലോചന; നിവിൻ പോളി ഹൈക്കോടതിയിലേക്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ നടന്‍ നിവിന്‍ പോളി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്നും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് നിവിന്‍ പോളിയുടെ നിലപാട്. മുതിര്‍ന്ന് അഭിഭാഷകനുമായി നടന്‍ കൂടിക്കാഴ്ച നടത്തി.

തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കി ദുബായില്‍ വെച്ച് നിവിന്‍ പോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ പീഡിപ്പെച്ചെന്നാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയിൽ കൊണ്ടുപോയി. ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അത്തച്ചമയ ഘോഷയാത്ര നാളെ

അത്തച്ചമയ ഘോഷയാത്ര നാളെ

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെ തൃപ്പൂണിത്തുറയില്‍ ഗതാഗതക്രമീകരണം. കോട്ടയം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ മുളന്തുരുത്തി, ചോറ്റാനിക്കര, -തിരുവാങ്കുളം,- സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും വൈക്കം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും പോകണമെന്ന് കേരള പൊലീസ് അറിയിച്ചു.

കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളില്‍നിന്ന് എറണാകുളത്തേക്ക് പോകേണ്ട സര്‍വീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണന്‍കുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപാസ് വഴി പോകണം. കോട്ടയം, വൈക്കം ഭാഗങ്ങളില്‍നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ടവ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കരവഴി പോകണം.

എറണാകുളം, വൈറ്റില ഭാഗങ്ങളില്‍നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സര്‍വീസ് ബസുകളും പേട്ട ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മിനി ബൈപാസ്, കണ്ണന്‍കുളങ്ങരവഴിയും വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളില്‍നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജങ്ഷനിലെത്തി ഇരുമ്പനം ജങ്ഷന്‍വഴിയും പോകണം. വെണ്ണല, എരൂര്‍ ഭാഗങ്ങളില്‍നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ എരൂര്‍ ലേബര്‍ ജങ്ഷനില്‍നിന്ന് കിഴക്കോട്ടുതിരിഞ്ഞ് ട്രാക്കോ കേബിള്‍ ജങ്ഷനിലെത്തി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വഴി ഇരുമ്പനം ജങ്ഷനിലെത്തി പോകണം.

മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളില്‍നിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള ചെറുവാഹനങ്ങളും സര്‍വീസ് ബസുകളും കരിങ്ങാച്ചിറ -ഇരുമ്പനം ജങ്ഷനിലെത്തി എസ്എന്‍ ജങ്ഷന്‍ പേട്ടവഴിയും ഭാരവാഹനങ്ങള്‍ കാക്കനാട്, പാലാരിവട്ടംവഴിയും പോകണം. ടിപ്പര്‍, ടാങ്കര്‍, കണ്ടെയ്‌നര്‍ ലോറികള്‍ക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്തുനിന്ന് മാര്‍ക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡ് ജങ്ഷനിലേക്ക് പ്രവേശനമില്ല.

ഘോഷയാത്ര വരുന്ന ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു, – കിഴക്കേകോട്ട, എസ്എന്‍ ജങ്ഷന്‍, അലയന്‍സ്,- വടക്കേകോട്ട, പൂര്‍ണത്രയീശക്ഷേത്രം, കണ്ണന്‍കുളങ്ങരമുതല്‍ മിനി ബൈപാസ്, പേട്ടവരെയുള്ള റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.

പുതിയകാവില്‍നിന്ന് വരുന്ന സര്‍വീസ് ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കയറാതെ കണ്ണന്‍കുളങ്ങര – ആശുപത്രി ജങ്ഷന്‍- മിനി ബൈപാസ് വഴി പോകണം. ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മിനി ബൈപാസിലുള്ള എസ്എന്‍ വിദ്യാപീഠം, വെങ്കിടേശ്വര സ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇരുമ്പനം പുതിയറോഡ് ജങ്ഷന്‍,- ചിത്രപ്പുഴ റോഡിന്റെ ഇടതുവശത്ത് ഗതാഗതതടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം.

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എംപിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് രാഹുല്‍ 2.30 ലക്ഷം രൂപ സംഭാവന ചെയ്തത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും. അവര്‍ക്കുണ്ടായ, സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് അവര്‍ മോചിതരാകാന്‍ നമ്മുടെ പിന്തുണ ആവശ്യമാണ്. എന്റെ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതരുടെ സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ളതിലേക്ക് സംഭാവന ചെയ്തു.

തങ്ങളാല്‍ കഴിയുന്ന വിധം സംഭവന നല്‍കാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണ്, എത്ര ചെറിയ സഹായവും പ്രയോജനകരമാകും. രാജ്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് വയനാട്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാം, രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.