വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. മലപ്പുറം പെരുമ്പടപ്പ് പുറങ്ങിലാണ് സംഭവം.

ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ആദ്യം സരസ്വതിയാണ് മരിച്ചത്. തൊട്ടുപിന്നാലെ മണികഠ്ണനും റീനയും മരിച്ചു. ഇവര്‍ മൂന്നുപേരും ഒരു മുറിയിലായിരുന്നു.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിന് തീപിടിച്ചതായി നാട്ടുകാര്‍ കണ്ടത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്രോളിന്റെ അവശിഷ്ടങ്ങളും, കുപ്പിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മണികണ്ഠന്‍-റീന ദമ്പതികളുടെ മക്കളായ അനിരുദ്ധന്‍ , നന്ദന എന്നിവര്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. മുറിയില്‍ തീ പടര്‍ന്നതു കണ്ട് ഓടിയെത്തിയ ഇവര്‍ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇന്നാല്‍ പരിക്ക് സാരമുള്ളതല്ല. ഇവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പാപ്പനംകോട്ടെ തീപ്പിടിത്തം: വൈഷ്ണയെ കൊന്നത് ഭര്‍ത്താവ്?, നിര്‍ണായകമാകുക ഡിഎന്‍എ ഫലം

പാപ്പനംകോട്ടെ തീപ്പിടിത്തം: വൈഷ്ണയെ കൊന്നത് ഭര്‍ത്താവ്?, നിര്‍ണായകമാകുക ഡിഎന്‍എ ഫലം

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ് പുറത്തുവന്നിരുന്നതെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുരുഷനാണെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ സേവനത്തിനായി എത്തിയ ആളാണോ അതല്ലെങ്കില്‍ യുവതിക്ക് പരിചയമുള്ള ആരെങ്കിലുമാണോ എന്ന അന്വേഷണമാണ് ആദ്യം നടന്നത്. അതിനിടെ, വൈഷ്ണ ഭര്‍ത്താവുമായി പിണക്കത്തിലായിരുന്നുവെന്നും ഇയാള്‍ ഇടയ്ക്കിടെ ഓഫിസിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്നും നേമം പൊലീസ് എസ്എച്ച്ഒക്കു രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് വൈഷ്ണയുടെ കുടുംബം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുള്ളതായി പൊലീസ് തിരിച്ചറിഞ്ഞത്.

വൈഷ്ണയും ഭര്‍ത്താവും കഴിഞ്ഞ ആറുവര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഇടയ്ക്കിടെ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും മരിച്ചതാണോ എന്ന സംശയം കുടുംബവും പ്രകടിപ്പിച്ചു. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനു തീകൊളുത്തിയതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണയുടേതെന്ന് സംശയിക്കുന്ന ഇന്ധനത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മരിച്ചത് ബിനു തന്നെയാണോ എന്ന് ഡിഎന്‍എ ഫലം പുറത്തുവന്ന ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. കൂടാതെ കൊലപാതക കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വടക്കന്‍ കേരളത്തില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തേക്കു താമസം മാറിയതാണ് വൈഷ്ണയുടെ കുടുംബം.അമ്മ സുധാകലയും സഹോദരങ്ങളുമെല്ലാം തിരുവനന്തപുരത്താണു താമസം. നാലു വര്‍ഷം മുന്‍പാണ് വൈഷ്ണ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിനു സമീപത്തെ വാടക വീട്ടിലെത്തിയത്. സഹോദരന്‍ വിഷ്ണുവും ഇവിടെയാണ് താമസം.

ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ഏജന്റ് ബിമണി നടത്തിയിരുന്ന പാപ്പനംകോട്ടെ ഏജന്‍സി ഓഫിസില്‍ ഏഴു വര്‍ഷം മുന്‍പാണ് വൈഷ്ണ ജോലിക്കു കയറിയത്. ഇന്നലെയും സ്‌കൂട്ടറില്‍ ജോലിക്കെത്തി.

കുറച്ചു നാള്‍ മുന്‍പ് വൈഷ്ണയുടെ ഭര്‍ത്താവ് ബിനു ഓഫിസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് വീട്ടുകാര്‍ നേമം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നേമം യുപി സ്‌കൂളില്‍ നിന്നു പേരക്കുട്ടികളെ കൂട്ടി ഓട്ടോറിക്ഷയില്‍ വരുമ്പോഴാണ് മകള്‍ വൈഷ്ണയ്ക്കു പൊള്ളലേറ്റു എന്ന വിവരം സുധാകല അറിഞ്ഞത്.

വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള തീരത്തെ ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായി. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് മീന്‍പിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പച്ചക്കറി, പൂക്കള്‍, വസ്ത്രങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ…; ന്യായവിലയ്ക്ക് 2154 ഓണച്ചന്തയുമായി കുടുംബശ്രീ

പച്ചക്കറി, പൂക്കള്‍, വസ്ത്രങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ…; ന്യായവിലയ്ക്ക് 2154 ഓണച്ചന്തയുമായി കുടുംബശ്രീ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനമാകെ 2000ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ. പച്ചക്കറി മുതല്‍ പൂക്കള്‍വരെ ഓണച്ചന്തകളില്‍ ലഭ്യമാക്കും. ഉപ്പേരിയും ശര്‍ക്കരവരട്ടിയും വസ്ത്രങ്ങളും കരകൗശല ഉല്‍പ്പന്നങ്ങളുമുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. 10ന് മന്ത്രി എം ബി രാജേഷ് പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കുടുംബശ്രീക്കുകീഴിലുള്ള 1070 സിഡിഎസില്‍ ഓരോന്നിലും രണ്ടുവീതം 2140 ചന്തയും 14 ജില്ലാ വിപണനമേളയും സംഘടിപ്പിക്കും.

സംസ്ഥാനത്ത് 2154 ഓണച്ചന്തയുണ്ടാകും. മേള സംഘടിപ്പിക്കാന്‍ ഓരോ ജില്ലക്കും രണ്ട് ലക്ഷം രൂപയും ഗ്രാമ, നഗര സിഡിഎസുകള്‍ക്ക് 20,000 രൂപവീതവും നല്‍കും. നഗര സിഡിഎസില്‍ രണ്ടില്‍ കൂടുതലുള്ള ഓരോ മേളയ്ക്കും 10,000 രൂപവീതവും നല്‍കും. ഒരു അയല്‍ക്കൂട്ടത്തില്‍നിന്ന് കുറഞ്ഞത് ഒരുല്‍പ്പന്നമെങ്കിലും മേളയില്‍ എത്തിക്കും.

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി തുടങ്ങി കുടുംബശ്രീ ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തും. ധാന്യപ്പൊടി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയും ലഭിക്കും. വനിതാകര്‍ഷകര്‍ കൃഷിചെയ്ത ചെണ്ടുമല്ലി, ബന്ദി, മുല്ല, താമര തുടങ്ങിയ വിവിധയിനം പൂക്കളും മേളയിലുണ്ടാകും. 14ന് സമാപിക്കും.

വീടിന് മുമ്പില്‍ ഷീറ്റിടല്‍ പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ല; ഇളവിന് ചട്ടഭേദഗതി കൊണ്ടുവരും: മന്ത്രി എം ബി രാജേഷ്

വീടിന് മുമ്പില്‍ ഷീറ്റിടല്‍ പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ല; ഇളവിന് ചട്ടഭേദഗതി കൊണ്ടുവരും: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വെയിലും മഴയും കൊള്ളാതിരിക്കാന്‍ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ താല്‍ക്കാലിക ഷീറ്റിടുന്നത് പ്രത്യേക നിര്‍മിതിയായി കണക്കാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. നിബന്ധനകള്‍ക്ക് വിധേയമായി ഇളവുനല്‍കാന്‍ ചട്ടഭേദഗതി കൊണ്ടുവരുമെന്നും കാസര്‍കോട്ട് തദ്ദേശ അദാലത്തില്‍ മന്ത്രി പറഞ്ഞു.

പീലിക്കോട് ചൂരിക്കൊവ്വലിലെ വി പി ജ്യോതിയുടെ പരാതി പരിഗണിച്ചാണ് തീരുമാനം. ഷീറ്റ് റോഡിലേക്ക് നില്‍ക്കുന്നതുപോലെയുള്ള നിയമലംഘനം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; മലയാളി ഉദ്യോ​ഗസ്ഥന് വീരമൃത്യു

തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; മലയാളി ഉദ്യോ​ഗസ്ഥന് വീരമൃത്യു

ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോ​ഗസ്ഥന് വീരമൃത്യു. ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്.

പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. ഹരിലീല എന്ന മോട്ടോർടാങ്കിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ പതിക്കുകയായിരുന്നു.

രണ്ടു പൈലറ്റുമാരടക്കം നാലുപേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. വിപിൻ ബാബുവിന്‍റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ കൊച്ചിയിൽ എത്തിക്കും. വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ സി ബാബുവിന്‍റെയും ശ്രീലതാ ബാബുവിന്‍റെയും മകനാണ് വിപിൻബാബു.

ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശില്പ (മിലിറ്ററി നഴ്‌സ്, ഡൽഹി). മകൻ: സെനിത് (അഞ്ച്). ഇവർ കുടുംബമായി ഡൽഹിയിലാണ് താമസം. മൂന്നുമാസം മുൻപാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്.