പത്തുലക്ഷം രൂപയുടെ വഴിപാട്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പ്രതീകാത്മകമായി നടയിരുത്തി മൈസൂരു സ്വദേശി

പത്തുലക്ഷം രൂപയുടെ വഴിപാട്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പ്രതീകാത്മകമായി നടയിരുത്തി മൈസൂരു സ്വദേശി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു നടയിരുത്തല്‍ ചടങ്ങ്.

ക്ഷേത്രം മേല്‍ശാന്തി പി എസ് മധുസൂദനന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. മൈസൂരു സ്വദേശി ഗോപാല്‍ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ ജൂനിയര്‍ വിഷ്ണുവിനെയാണ് നടയിരുത്തിയത്.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , ക്ഷേത്രം അസി. മാനേജര്‍ സി ആര്‍ ലെജുമോള്‍, അസി.മാനേജര്‍ (ജീവ ധനം) ഇ സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കിഴക്കേ കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. വഴിപാടു നേര്‍ന്ന ഗോപാല്‍ എസ് പണ്ഡിറ്റിന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായി.

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്; റിബേഷിനെതിരെ വകുപ്പുതല അന്വേഷണം

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്; റിബേഷിനെതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വടകര ലോക്‌സഭാ മണ്ഡലത്തില്‍ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തോടന്നൂര്‍ ആറങ്ങോട് എംഎല്‍പി സ്‌കൂളിലെ അധ്യാപകനായ റിബേഷ് ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണ്. സര്‍വീസ് ചട്ടം ലംഘിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയല്‍ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ ‘കാഫിര്‍’ എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടാണ് പ്രചരിപ്പിച്ചത്.

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഏത് ദിശയില്‍ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.

എന്നാല്‍ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സംഭവവുമായി റിബേഷിന് ഒരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. ആര്‍ക്കുവേണമെങ്കിലും റിബേഷിന്റെ ഫോണ്‍ പരിശോധിക്കാമെന്നും തെളിയിച്ചാല്‍ 25 ലക്ഷം രൂപ ഇനാം തരുമെന്നും ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി പ്രഖ്യാപിച്ചിരുന്നു.

ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

തൃശൂര്‍: കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേരള ഷോളയാര്‍ ഡാം തുറന്നു. ഇന്ന് രാവിലെ 11ന് ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി 50 ക്യുമെക്‌സ് ജലം പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലേക്ക് ഒഴുക്കാനാണ് തീരുമാനിച്ചത്.

മൂന്ന് മണിക്കൂര്‍ കൊണ്ട് പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറില്‍ എത്തിച്ചേരുന്ന ഈ ജലം താത്ക്കാലികമായി അവിടെ തന്നെ സംഭരിക്കാന്‍ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്‌സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനാല്‍ ചാലക്കുടി പുഴയില്‍ പരമാവധി 1.50 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഇപ്പോള്‍ കുറവായതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒഴുക്കാന്‍ ചാലക്കുടി വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

‘ഇവിടെ നിലപാട് പറയാന്‍ പാര്‍ട്ടി സെക്രട്ടറിയുണ്ട്; മുകേഷിന്റെ രാജിയില്‍ സിപിഐ – സിപിഎം തര്‍ക്കമില്ല’

‘ഇവിടെ നിലപാട് പറയാന്‍ പാര്‍ട്ടി സെക്രട്ടറിയുണ്ട്; മുകേഷിന്റെ രാജിയില്‍ സിപിഐ – സിപിഎം തര്‍ക്കമില്ല’

ആലപ്പുഴ: മുകേഷ് എംഎല്‍എയുടെ രാജിയെ ചൊല്ലി എല്‍ഡിഎഫില്‍ സിപിഐ- സിപിഎം തര്‍ക്കമില്ലെന്ന് ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സിപിഐയിലും ഭിന്നതയില്ല. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ലെന്നും ബിനോയ് പറഞ്ഞു.

‘ഇടതുപക്ഷമെന്നാല്‍ വെറും വാക്കല്ല. എല്ലാത്തരം സാമൂഹ്യപ്രശ്‌നങ്ങളിലും ആശയപ്രശ്‌നങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലുമെല്ലാം ഇടതുപക്ഷ മൂല്യങ്ങള്‍ എല്‍ഡിഎഫിനുണ്ട്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സിപിഐയും സിപിഎമ്മും. അതുകൊണ്ട് സിപിഐ- സിപിഎം തര്‍ക്കമെന്ന വ്യാമോഹമൊന്നും ആര്‍ക്കും വേണ്ട. എല്ലാത്തിനും പരിഹാരം കണ്ടെത്തും’- ബിനോയ് വിശ്വം പറഞ്ഞു

‘സിപിഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ട്. ഇവിടെയും അവിടെയുമൊന്നും സിപിഐക്ക് രണ്ട് കാഴ്ചപ്പാടില്ല. കേരളത്തിലെ സിപിഐ നിലപാട് പറയേണ്ടത് ഇവിടുത്തെ സംസ്ഥാന സെക്രട്ടറിയാണ്. അത് പാര്‍ട്ടിക്കകത്തെ വ്യവസ്ഥാപിതമായ അടിസ്ഥാനപാഠങ്ങളാണ്. അത് അറിയാത്ത മാധ്യങ്ങളുണ്ടെങ്കില്‍ അത് സിപിഐയുടെ കുറ്റമല്ല’ ബിനോയ് വിശ്വം പറഞ്ഞു.

മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡന പരാതി വന്നതു മുതല്‍ സിപിഐ മുകേഷ് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു മാറ്റണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് തള്ളിയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

എയര്‍ഇന്ത്യ, ലോകത്തെ വലിയ എയര്‍ലൈന്‍ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക്

എയര്‍ഇന്ത്യ, ലോകത്തെ വലിയ എയര്‍ലൈന്‍ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക്

ഡല്‍ഹി: എയര്‍ഇന്ത്യ- വിസ്താര ലയനത്തിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ, എയര്‍ഇന്ത്യ ഇടംപിടിക്കാന്‍ പോകുന്നത് ലോകത്തെ വലിയ എയര്‍ലൈന്‍ ഗ്രൂപ്പുകളുടെ പട്ടികയില്‍. ലയന നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ഇന്ത്യയില്‍ 25.1 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാവും. 2022ലാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം ആദ്യം നടത്തിയത്. വിസ്താരയില്‍ എയര്‍ഇന്ത്യയുടെ ഉടമയായ ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ശേഷിക്കുന്നത് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈയിലാണ്.

ലയന നടപടികളുടെ തുടര്‍ച്ചയെന്നോണം നവംബര്‍ 12 മുതലുള്ള യാത്രയ്ക്കായി വിസ്താരയില്‍ ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താന്‍ കഴിയില്ലെന്ന് ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 11 വരെ പതിവുപോലെ ബുക്കിങും വിമാന സര്‍വീസും തുടരുമെന്നും വിസ്താര അറിയിച്ചു. നവംബർ 12 മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡില്‍ ആയിരിക്കും സര്‍വീസ്. എല്ലാ വിസ്താര വിമാനങ്ങളും ഇനി എയർഇന്ത്യയാണ് കൈകാര്യം ചെയ്യുക. വിസ്താര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിങ് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ലയന നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ, വിസ്താരയും എയര്‍ ഇന്ത്യയും എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ പിന്തുണയും പതിവായി ആശയവിനിമയവും നടത്തുമെന്നും കമ്പനി അറിയിച്ചു.

അവന്റെ കൈ ചേര്‍ത്തുപിടിച്ച് ശ്രുതിയെത്തി; ഉറ്റവരെ ഒരുനോക്കുകാണാന്‍

അവന്റെ കൈ ചേര്‍ത്തുപിടിച്ച് ശ്രുതിയെത്തി; ഉറ്റവരെ ഒരുനോക്കുകാണാന്‍

കല്‍പ്പറ്റ: ഉറ്റവര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ പ്രിയപ്പെട്ടവന്റെ കൈപിടിച്ച് ശ്രുതിയെത്തി. വയനാട് ദുരന്തത്തിന് ഒരുമാസം തികയുന്നതിന് ഒരുദിവസം മുന്‍പാണ് ജെന്‍സണൊപ്പം ശ്രുതി പുത്തുമലയിലെ സംസ്‌കാരഭൂമിയില്‍ എത്തിയത്. ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും അനിയത്തിയും ഉള്‍പ്പടെ ഒന്‍പതുപേരെയാണ് നഷ്ടമായത്.

അപകടത്തില്‍ മരിച്ച അച്ഛന്റെയും അനുജത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞ് സംസ്‌കരിച്ചിരുന്നു. എന്നാല്‍ അമ്മയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധയില്‍ അമ്മയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്തിമോപചാരമര്‍പ്പിക്കാനായി ശ്രുതി എത്തിയത്. കോഴിക്കോട് ജോലി സ്ഥലത്ത് ആയതിനാലാണ് ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടലില്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടത്.

സ്‌കൂള്‍ കാലം മുതല്‍ കൂട്ടുകാരായ ശ്രുതിയും ജെന്‍സണും പത്തുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ സമ്മതം മൂളിയതോടെ ജൂലായ് 27നായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും മണ്ണില്‍ എവിടെയോ പോയി. ദുരന്തത്തിന് പിന്നാലെ ശ്രുതിയുടെ മനസിന്റെ താളം തെറ്റിപ്പോകാതെ ഒപ്പം ചേര്‍ത്തുപിടിച്ച് ജെന്‍സണ്‍ കൂടെയുണ്ട്. ശ്രുതി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലായിരുന്നപ്പോഴും ജെന്‍സൺ അവള്‍ക്കൊപ്പം കൂട്ടിരുന്നു. ജില്ലയിലെ കാര്‍ ക്ലീനിങ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജെന്‍സണ്‍. തന്റെ സ്‌കൂള്‍ കാലസുഹൃത്താണ് ശ്രുതിയെന്ന് ജെന്‍സണ്‍ പറയുന്നു. അവളെ എല്ലാ കാലത്തും ചേര്‍ത്തുനിര്‍ത്തുമെന്ന് നേരത്തെ തന്നെ താന്‍ ഉറപ്പിച്ചിരുന്നുവെന്നും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ ജെന്‍സണ്‍ ജോലിക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.