by Midhun HP News | Aug 30, 2024 | Latest News, കേരളം
ആലപ്പുഴ: ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില്‍ ഇടിച്ചുനിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം. ഹരിപ്പാട്ടെ തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ എത്തിയതാണ് ഭര്‍ത്താവും ഭാര്യയും കുഞ്ഞും. ഭര്‍ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്‌കൂട്ടറില്‍ ഇരുന്നു. ഭാര്യ വസ്ത്രം വാങ്ങാന്‍ കടയ്ക്കുള്ളിലേക്ക് പോയി. ഈസമയത്ത് കുട്ടി ആക്‌സിലറേറ്ററില്‍ കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന്‍ കാരണം. മുന്നില്‍ പോകുകയായിരുന്ന ഭാര്യ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിച്ചുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഓണവില്‍പ്പന മുന്നില്‍ കണ്ട് എത്തിച്ച തുണിക്കെട്ടുകള്‍ കടയ്ക്കുള്ളില്‍ വച്ചിരുന്നു. ഭാഗ്യത്തിന് സ്‌കൂട്ടര്‍ ഇതില്‍ തട്ടി നിന്നത് കൊണ്ടാണ് ആര്‍ക്കും അത്യാഹിതം സംഭവിക്കാതിരുന്നത്. ഹരിപ്പാട്ട് സ്വദേശികളാണ് ദമ്പതികള്‍. കടയില്‍ തുണി വാങ്ങാന്‍ എത്തിയവരും മറ്റും ഉള്ള സമയത്തായിരുന്നു സംഭവം. സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് പാഞ്ഞുവരുന്നത് കണ്ട് തുണി വാങ്ങാന്‍ എത്തിയവരും കടയിലെ ജീവനക്കാരു ഒരു നിമിഷം നടുങ്ങിപ്പോയി.
by Midhun HP News | Aug 30, 2024 | Latest News, കേരളം
ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. മന്ത്രി വി എൻ വാസവനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്
അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
പോത്തൻകോട്: കഴക്കൂട്ടം തൈക്കാട് ബൈപാസിൽ ചന്തവിള ജംക്‌ഷനു സമീപം എതിർ ദിശകളിൽ വന്ന പിക്കപ് വാനും കാറുകളുമായി കൂട്ടിയിടിച്ചു. വാൻ ഡ്രൈവർക്കും കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 4 പേർക്കും പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമല്ലെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആയിരുന്നു അപകടം. റോഡിന്റെ മധ്യഭാഗം കടന്ന് എതിർദിശകളിൽ വരികയായിരുന്ന പിക്കപ് വാനും കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. 2 വാഹനങ്ങളും വേഗത്തിലായിരുന്നു. മുന്നിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള പിക്കപ് വാനിന്റെ ശ്രമത്തിനിടെയായിരുന്നു അപകടം.
കാറിലിടിച്ച് നിയന്ത്രണംവിട്ട പിക്കപ് വാൻ എതിർ ദിശയിൽ വരികയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു മറിഞ്ഞുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിനു നടുവിൽ മറിഞ്ഞു കിടന്നിരുന്ന പിക്കപ് വാൻ പിന്നീട് പൊലീസ് എത്തി വശത്തേക്ക് മാറ്റി. വലിയമല ഐഎസ്ആർഒയ്ക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന കാറിലാണ് പിക്കപ് വാൻ ഇടിച്ചത്. ഈ മേഖലയിൽ അമിത വേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതെന്നും അപകടം പതിവായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.
ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്. 62 കുടുംബങ്ങൾ ഒരാള്‍ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്‍റെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയക്കുന്ന കാഴ്ചയായിരുന്നു പുലർന്നപ്പോള്‍ ഈ നാട് സാക്ഷ്യം വഹിച്ചത്.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: നഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് നിബന്ധനകളിൽ ഇളവ്. കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് (വഴിയുടെ അതിർത്തിയിൽ നിന്നും വിടേണ്ട ഭൂമിയുടെ അളവ്) ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. മൂന്നു മീറ്റർ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണ് പുതിയ ഇളവ് ബാധകമാകുക. തിരുവനന്തപുരം കോർപ്പറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും മണിയമ്മയുടേയും പരാതി തീർപ്പാക്കിക്കൊണ്ടാണ് നിർണായക നിർദേശം മന്ത്രി നൽകിയത്.നിലവിൽ വലിയ പ്ലോട്ടുകൾക്ക് രണ്ടു മീറ്ററും, മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു റോഡിൽ നിന്നും വിടേണ്ടിയിരുന്നത്. കെഎംബിആർ 2019 റൂൾ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നൽകാനാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമ്മിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.
Recent Comments