മുകേഷിന്റെ രാജി: സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍

മുകേഷിന്റെ രാജി: സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍പ്പെട്ട എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. മഹിളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ കളക്ടീവും എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എംഎല്‍എക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. ഇന്നലെയും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുകേഷുമായി ബന്ധപ്പെട്ട വിഷയം സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദമായ ചര്‍ച്ചയാകും. കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷ് ധാര്‍മ്മികത മുന്‍നിര്‍ത്തി രാജിവെച്ച് മാറിനില്‍ക്കണമെന്ന പാര്‍ട്ടി നിലപാട് സിപിഐ, സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. മുകേഷ് ധൃതിപിടിച്ച് രാജിവെക്കേണ്ടതില്ലെന്നായിരുന്നു ഇന്നലെ ചേര്‍ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നത്.

ഇന്നും ശക്തമായ മഴ; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്നും ശക്തമായ മഴ; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതോടെ വയനാട്ടിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ഗുജറാത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളി മരിച്ചു

ഗുജറാത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടല്‍ ലിഫ്റ്റിന്റെ പിറ്റില്‍ വീണ് മലയാളി മരിച്ചു. കോട്ടയം കുടമാളൂര്‍ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്.വാതില്‍ തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ ലിഫ്റ്റ് മുകളിലായിരുന്നു. ലിഫ്റ്റ് പിറ്റിലൂടെ ആറാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.

ബിസിനസ് ആവശ്യങ്ങൾക്കായി കോട്ടയത്തു നിന്നും സൂറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോഴാണ് അപകടം ഉണ്ടായത്.

ഓണക്കാല ചെലവ്; സംസ്ഥാനം 753 കോടി രൂപ കൂടി കടമെടുക്കുന്നു

ഓണക്കാല ചെലവ്; സംസ്ഥാനം 753 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഒണക്കാല ചെലവുകൾക്കായി 753 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ചൊവ്വാഴ്ച 3000 കോടി രൂപ കടമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് 753 കോടി കൂടി കടമെടുക്കുന്നത്. റിസർവ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബർ രണ്ടിനു നടക്കും.

ഇതോടെ ഡിസംബർ വരെ കേന്ദ്ര സർക്കാർ എടുക്കാൻ അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ മുഴുവൻ എടുത്തു തീരും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേക്ക് നിലവിൽ വായ്പ എടുക്കാനാകില്ല. എന്നാൽ പബ്ലിക്ക് അക്കൗണ്ടിൽ എജിയുടെ അന്തിമ കണക്കനുസരിച്ച് നാലായിരം കോടി രൂപയ്ക്ക് കൂടി അർഹതയുണ്ട്. ഇതിനായി സംസ്ഥാനം അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്രത്തിന്റെ തീരുമാനം വന്നിട്ടില്ല.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് തിരിച്ചിറങ്ങിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഏത് ദിശയില്‍ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.

സ്‌ക്രീന്‍ ഷോട്ടിനുപിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നേരത്തെ പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിച്ച സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം ഏതെന്നു വ്യക്തമാക്കാത്തതിനാല്‍ അവയുടെ മാതൃകമ്പനിയായ ‘മെറ്റ’യെ കേസില്‍ പ്രതിചേര്‍ത്തെന്നും പൊലീസ് അറിയിച്ചിരുന്നു.