ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമേ കാസര്‍കോട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ വയനാട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും മഴയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായി കേരളത്തില്‍ തിങ്കളാഴ്ച വരെ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ കായലിന് നടുവില്‍ ഡെസ്റ്റിനേഷന്‍ വിവാഹം

ആലപ്പുഴ കായലിന് നടുവില്‍ ഡെസ്റ്റിനേഷന്‍ വിവാഹം

ആലപ്പുഴ: കായലിന് നടുവില്‍ ഡെസ്റ്റിനേഷന്‍ വിവാഹം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. കഴിഞ്ഞയാഴ്ച ആലപ്പുഴ കായലിന് നടുവില്‍ തുറന്ന വേദിയിലാണ് വധുവരന്മാര്‍ പരസ്പരം വരണമാല്യം ചാര്‍ത്തിയത്. നിരവധി വിവാഹങ്ങള്‍ ഇതിനു മുമ്പ് ഹൗസ്ബോട്ടുകളില്‍ നടന്നിട്ടുണ്ടെങ്കിലും കായലിനു നടുവില്‍ വച്ച് വരണമാല്യം ചാര്‍ത്തുന്നത് ആദ്യമാണ്.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ് വധൂവരന്മാര്‍ക്കായി കതിര്‍മണ്ഡപമൊരുങ്ങിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഡിടിപിസിയുടെ കൈനകരി ഹൗസ്ബോട്ട് ടെര്‍മിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറില്‍ കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചടങ്ങുകള്‍. നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റന്‍ ആയ ഹരിത അനിലിന്റേത് ആയിരുന്നു വിവാഹം. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരന്‍. ഹരിതയുടെ അപേക്ഷയില്‍ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്.

വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഷോർട്ട് ഫിലിം സംവിധായകനെതിരെ പോലീസ് കേസെടുത്തു

വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഷോർട്ട് ഫിലിം സംവിധായകനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരില്‍ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ലാറ്റിൽ വെച്ച് കടന്നു പിടിക്കുകയും, കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി.

ഏപ്രിൽ 12 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ ചേരാനെല്ലൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിനീതിന്റെ സുഹൃത്തുക്കളായ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി, ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകരായ ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
തന്റെ സുഹൃത്തുക്കൾക്കും ലൈം​ഗികമായി വഴങ്ങിക്കൊടുക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ചേരാനെല്ലൂർ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഓ​ഗസ്റ്റ് 13 നാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ചേരാനെല്ലൂർ സ്വദേശിനിയായ നടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടച്ചിടും

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടച്ചിടും

ഡൽഹി: അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ അപ്പോയ്മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു.

ഓ​ഗസ്റ്റ് 20 രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് വൈകീട്ട് ആറുവരെയാണ് സൈറ്റ് അടച്ചിടുക. നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്മെൻ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാമെന്നും അറിയിച്ചു. 2024 ആഗസ്റ്റ് 30-ന്, ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയ്‌മെന്റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഷെഡ്യൂൾ ചെയ്ത അപ്പോയ്‌മെന്റ് ദിവസം, അപേക്ഷകർ ഓഫീസിൽ നേരിട്ട് ഹാജരാകണം. വെരിഫിക്കേഷനായി ആവശ്യമായ രേഖകൾ നൽകാനും പോലീസ് വെരിഫിക്കേഷൻ പ്രക്രിയക്ക് വിധേയരാകാനും ആവശ്യപ്പെട്ടു.

ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ബ്രോ ഡാഡി സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചതായി പരാതി. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാള്‍ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്ന് പരാതി നല്‍കുമെന്ന് അവര്‍ അറിയിച്ചു.

2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു.

മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി.

പിന്നീടു രാവിലെ തന്റെ നഗ്‌നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ അയച്ചു തന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാത്സംഗത്തിന് കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പറയുന്നു.

അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളില്‍ ഇയാള്‍ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.

കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പൊലീസ്

കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണ് എന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പാണെന്നു വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോ​ഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പൊലീസ്. വ്യാജ ഐഡി ഉപയോ​ഗിച്ച് പൊലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ കുറിപ്പ്

ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു.

പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചു നൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.