by Midhun HP News | Jul 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,07,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടിയത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jul 5, 2026 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനകം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്രമായത്. നാളെ
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട്:
06/07/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
07/07/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്
08/07/2026: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
09/07/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

by Midhun HP News | Jul 5, 2026 | Latest News, കേരളം
പാലക്കാട്: അജൈവമാലിന്യ ശേഖരണത്തിൽ റെക്കോർഡ് നേട്ടവുമായി പാലക്കാട് ജില്ല. ചരിത്രത്തിലാദ്യമായി ജില്ലയിൽ ഒരു മാസം ശേഖരിച്ച അജൈവമാലിന്യത്തിന്റെ അളവ് 1,000 ടൺ കടന്നു. ക്ലീൻ കേരള കമ്പനി ജില്ലയ്ക്ക് നിശ്ചയിച്ചുനൽകിയ പ്രതിമാസ ലക്ഷ്യത്തെക്കാൾ വലിയ അളവിലുള്ള മാലിന്യമാണ് ജൂൺ മാസത്തിൽ ജില്ലയിലുടനീളം ശേഖരിക്കാനായത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 1007.5 ടൺ അജൈവമാലിന്യമാണ് ഹരിതകർമ്മസേന ശൃംഖല വഴി ശേഖരിച്ചത്. ഇതിൽ 922.8 ടൺ റീസൈക്കിൾ ചെയ്യാൻ കഴിയാത്ത റിജക്ട് മാലിന്യങ്ങളും, 95.9 ടൺ തരംതിരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും, 1.4 ടൺ ഇ-വേസ്റ്റുംഉൾപ്പെടുന്നു.
ഹരിതകർമ്മസേനാംഗങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ലീൻ കേരള കമ്പനിയുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. വർദ്ധിച്ചുവരുന്ന അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി കൊണ്ടുപോകാനും സംസ്കരിക്കാനുമുള്ള കമ്പനിയുടെ ശേഷിയെയും ശക്തമായ ശേഖരണ ശൃംഖലയുടെ കാര്യക്ഷമതയെയുമാണ് ഈ വിജയം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറവിടത്തിൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം
ഹരിതകർമ്മസേനയുടെ വീട്ടുപടിക്കലെത്തിയുള്ള കൃത്യമായ ശേഖരണ രീതിയും, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളാതെ തരംതിരിച്ച് കൈമാറണമെന്ന പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന ബോധവൽക്കരണവുമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിലെന്ന് സെക്ടർ കോർഡിനേറ്റർമാർ വിലയിരുത്തുന്നു. കൂടുതൽ മാലിന്യങ്ങൾ ഔദ്യോഗിക സംസ്കരണ ശൃംഖലയിലേക്ക് എത്തുന്നത് പുനരുപയോഗത്തിനും ശാസ്ത്രീയമായ സംസ്കരണത്തിനും വഴിതുറക്കും.
എങ്കിലും, ഇത്രയധികം മാലിന്യങ്ങൾ ഉണ്ടാകുന്നത് പ്ലാസ്റ്റിക് ഉപയോഗം ഉറവിടത്തിൽ തന്നെ കുറയ്ക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെയാണ് കാണിക്കുന്നത്. പ്ലാസ്റ്റിക്കിന് പകരമുള്ള പുനരുപയോഗ സാധനങ്ങളെ പ്രോത്സാഹിപ്പിക്കാനും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
by Midhun HP News | Jul 5, 2026 | Latest News, കേരളം
കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നഗരത്തില്‍ ഇന്നലെ(ശനിയാഴ്ച) വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എസ് കെ ടെമ്പിള്‍ റോഡില്‍ പൊലീസ് മഫ്തിയില്‍ പട്രോളിങ് നടത്തുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാല്‍ എന്നിവര്‍ക്ക് നേരെയാണ് മൂന്ന് അംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.വഖഫ് ബോര്‍ഡ് ബില്‍ഡിങിന് സമീപം റോഡ് സൈഡില്‍ വെച്ച് മൂന്നു പേര്‍ മദ്യപിക്കുന്നത് കണ്ട സമയത്ത് കക്കോടി സ്വദേശി മുഹമ്മദ് ഹാഷി(38)ന്റെ പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടു. പിന്നീട് പൊലീസുകാര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന സമയത്ത് റോഡിന് എതിര്‍വശത്തുവെച്ച് ഹാഷിം പൊലീസുകാരായ രഞ്ജിത്ത്, അനൂപ് എന്നിവര്‍ക്ക് നേരെ ഓട്ടോ ഓടിച്ച് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി ഹാഷിമും സംഘവം പൊലീസുകാരെ പിടിച്ചുവെച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഹാഷിമിനെ അറസ്റ്റു ചെയ്തു.
by Midhun HP News | Jul 5, 2026 | Latest News, കേരളം
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ESIC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 14ന് നടക്കും. യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്തു നേരിട്ട് നിയമനം നേടാം.
ഒഴിവുകൾ
1.സൂപ്പർ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ
എൻഡോക്രിനോളജി – 1
കാർഡിയോളജി – 1
2.സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (7)
ജനറൽ മെഡിസിൻ – 1
ഐ.സി.യു – 2
കാഷ്വാലിറ്റി (A&E) – 2
ഡെർമറ്റോളജി – 1
മൈക്രോബയോളജി – 1
3. സീനിയർ റെസിഡന്റ് ഒഴിവുകൾ (18)
കാർഡിയോളജി – 1
നെഫ്രോളജി – 1
ജനറൽ സർജറി – 2
ഐ.സി.യു – 2
ജനറൽ മെഡിസിൻ – 3
ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി – 2
ഇ.എൻ.ടി – 2
പതോളജി – 1
പീഡിയാട്രിക്സ് – 1
ഓർത്തോപീഡിക്സ് – 2
കാഷ്വാലിറ്റി – 1
യോഗ്യത
ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംബിബിഎസ്, പി.ജി. ഡിഗ്രി/ഡിപ്ലോമ/ഡി.എൻ.ബി/ഡി.എം/എം.സി.എച്ച് എന്നിവയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. തസ്തിക അനുസരിച്ച് ആവശ്യമായ പ്രവൃത്തി പരിചയവും വേണം.
ശമ്പളം
ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 2,00,000–2,40,000 രൂപ വരെ
പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 1,00,000–1,50,000 രൂപ വരെ
ഫുൾ ടൈം സ്പെഷ്യലിസ്റ്റ്: 1,38,108–1,60,752 രൂപ വരെ
പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 60,000 രൂപ വരെ
സീനിയർ റെസിഡന്റ്: ഏകദേശം 1,38,108 രൂപ വരെ
അപേക്ഷാ ഫീസ്
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങൾക്ക് 250 രൂപ , എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ₹50. വനിതാ ഉദ്യോഗാർഥികൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.
ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാ ഫോറം, അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുമായി ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും ഇഎസ്‌ഐസിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ
തീയതി: 2026 ജൂലൈ 14 (ചൊവ്വ)
റിപ്പോർട്ടിംഗ് സമയം: രാവിലെ 9.00
രജിസ്ട്രേഷൻ: രാവിലെ 9.00 മുതൽ 10.00 വരെ
വേദി: ഇഎസ്‌ഐസി മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ആശ്രമം, കൊല്ലം
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://esic.gov.in/attachments/recruitmentfile/WALK_IN_INTERVIEW.pdf
by Midhun HP News | Jul 5, 2026 | Latest News, കേരളം
കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇതുസംബന്ധിച്ച് വനംവകുപ്പിന് അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറി.
ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.
മോഹൻലാലിന്റെ കൈവശമുള്ള രണ്ടു ജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയാണ് കോടതി നടപടി. വന്യജീവി സംരക്ഷണ നയിമത്തിലെ 40(4) വകുപ്പ് പ്രകാരം ഇക്കാര്യത്തിൽ സർക്കാരിന് വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ സ്വാതന്ത്രമുണ്ടെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വ്യക്തികൾക്കോ ഒരുവിഭാഗം ആളുകൾക്കോ തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപന്നങ്ങളുടെ ശേഖരം വെളിപ്പെടുത്തുന്നതിനും നിയമനടപടികളിൽ നിന്ന് പരിരക്ഷ നേടുന്നതിനുമായി സംസ്ഥാന സർക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചത്.
മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കമൈറി. ഇതിനിടെ സർക്കാർ ആനക്കൊമ്പുകളുടെയും മറ്റ് കരകൗശല വസ്തുക്കളുടെയും ഉടമസ്ഥത മോഹൻലാലിന് അനുവദിച്ച് 2016-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ അനക്കൊമ്പടക്കമുള്ള വസ്തുക്കൾ ആർക്കും കൈവശം വെക്കാനാവില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ 40(4) വകുപ്പ് പ്രകാരം സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ ഇളവനുവദിക്കാം.

Recent Comments