കാരുണ്യ ഫാര്‍മസികളിലൂടെ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കും

കാരുണ്യ ഫാര്‍മസികളിലൂടെ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കും

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കാരുണ്യ ഫാര്‍മസികളിലൂടെ വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ കമ്പനി വിലയ്ക്ക് നാളെ മുതല്‍ ലഭ്യമാക്കും. വൈകീട്ട് 3.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ 14 ജില്ലകളിലെയും ഓരോ ഫാര്‍മസികളിലാണു മരുന്നു വിതരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കെഎംഎസ്സിഎല്ലിന് ലഭിക്കുന്ന ഏഴു ശതമാനം വരെയുള്ള ലാഭം ഒഴിവാക്കിയാണു മരുന്നു വില്‍ക്കുക.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊല്ലംഗവ. വിക്ടോറിയ ആശുപത്രി, പത്തനംതിട്ടജനറല്‍ ആശുപത്രി, ആലപ്പുഴമെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയംമെഡിക്കല്‍ കോളജ്, ഇടുക്കിനെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളംകളമശേരി മെഡിക്കല്‍ കോളജ്, തൃശൂര്‍മെഡിക്കല്‍ കോളജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ്, വയനാട്ജില്ലാ ആശുപത്രി, കണ്ണൂര്‍പരിയാരം മെഡിക്കല്‍ കോളജ്, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികളില്‍ നിന്നാണ് കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്ന് ലഭിക്കുക.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലർട്ടുമുണ്ട്.

നിലവില്‍ അതി തീവ്രന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്യുകയാണ്. തെക്കന്‍ രാജസ്ഥാന്‍- ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച് വ്യാഴാഴ്ചയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ശക്തികൂടിയ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാളിന് മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മധ്യ കിഴക്കന്‍ / വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 29 മുതൽ 31 വരെയും; കർണാടക തീരത്ത് ഓഗസ്റ്റ് 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കും മൂന്നു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചന. ഈയാഴ്ച ഒരു മാസത്തെ പെന്‍ഷനും അടുത്തമാസം രണ്ടു മാസത്തെ പെന്‍ഷനും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത മാസം രണ്ടു ഗഡു പെന്‍ഷനായ 3200 രൂപ നല്‍കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇതോടെ ഓണത്തോടനുബന്ധിച്ച് ഒരാള്‍ക്ക് 4800 രൂപവീതം ലഭിക്കും.

ഒരു മാസത്തെ പെന്‍ഷനായി 900 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. മൂന്നു മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടും പെന്‍ഷന്‍ എത്തിക്കും.

മുകേഷ് ആരോപണവിധേയന്‍; സിനിമാ നയരൂപീകരണസമിതിയില്‍ നിന്ന് ഒഴിവാക്കും

മുകേഷ് ആരോപണവിധേയന്‍; സിനിമാ നയരൂപീകരണസമിതിയില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കും. ആരോപണവിധേയവരായവരെ മാറ്റണമെന്ന സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതേസമയം മാറി നില്‍ക്കുന്ന കാര്യത്തില്‍ മുകേഷ് സ്വയം തീരുമാനമെടുക്കട്ടെയെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. എന്നാല്‍ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയില്‍ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു. സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യം.

ഷാജി എന്‍ കരുണ്‍ ചെയര്‍മാനും സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി സമിതി കണ്‍വീനറുമായ കമ്മിറ്റിയില്‍ സിപിഎം എംഎല്‍എയും നടനുമായ മുകേഷ്, മഞ്ജുവാര്യര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. രാജീവ് രവിയും മഞ്ജു വാര്യരും കമ്മിറ്റിയില്‍ നിന്ന പിന്‍വാങ്ങുന്നതായി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

മലപ്പുറത്ത് 21 കാരന്‍ പിതാവിന്റെ കാര്‍ കത്തിച്ചു

മലപ്പുറത്ത് 21 കാരന്‍ പിതാവിന്റെ കാര്‍ കത്തിച്ചു

മലപ്പുറം: താക്കോല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിന്റെ കാര്‍ കത്തിച്ചു . മലപ്പുറം കൊണ്ടോട്ടി നീറ്റാണിമല്‍ ഡാനിഷ് മിന്‍ഹാജിനെയാണ് കാര്‍ കത്തിച്ചത്. പിതാവിന്റെ പരാതിയില്‍ 21കാരനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം.

ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

അധ്യാപികയുടെ മാല പൊട്ടിച്ചു കടന്നു; മോഷ്ടാവിനെ സാഹസികമായി പിടികൂടി കെഎസ്ആര്‍ടിസി ഡ്രൈവര്‍

അധ്യാപികയുടെ മാല പൊട്ടിച്ചു കടന്നു; മോഷ്ടാവിനെ സാഹസികമായി പിടികൂടി കെഎസ്ആര്‍ടിസി ഡ്രൈവര്‍

കൊല്ലം: അധ്യാപികയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാവിനെ അതിസാഹസികമായി പിടികൂടി കെഎസ്ആര്‍ടിസി ഡ്രൈവര്‍. സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളില്‍ ഒരാളെ രണ്ടര കിലോമീറ്ററോളം കാറില്‍ പിന്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടികൂടിയത്.പിടികൂടിയ മോഷ്ടാവില്‍ നിന്നു രണ്ടു പവന്റെ സ്വര്‍ണ മാലയും കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു. കൊല്ലം കൂട്ടിക്കട കളീലില്‍ വീട്ടില്‍ ജാസിര്‍ സിദ്ദിഖാണ് (37) പിടിയിലായത്.

റാന്നി ഡിപ്പോയിലെ ഡ്രൈവര്‍ ഉതിമൂട് വലിയകലുങ്ക് പുളിക്കല്‍ വീട്ടില്‍ പി ഡി സന്തോഷ് കുമാറാണ് (52) അധ്യാപികയുടെ രക്ഷയ്‌ക്കെത്തിയത്.പിടികൂടുന്നതിനിടെ മോഷ്ടാവ് ഹെല്‍മറ്റ് ഉപയോഗിച്ചു സന്തോഷിനെ അടിക്കുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്കു വാളകത്താണ് സംഭവം. അബുദാബിയിലേക്കു പോകുന്ന ഭാര്യയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ആക്കിയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ വാളകം എംഎല്‍എ ജംഗ്ഷനു സമീപം വച്ചാണ് മോഷ്ടാക്കള്‍ അധ്യാപികയുടെ മാല പൊട്ടിച്ചു കടന്നുകളയുന്നത് സന്തോഷ് കണ്ടത്. ബൈക്കില്‍ കടന്ന മോഷ്ടാക്കളെ സന്തോഷ് കാറില്‍ പിന്തുടര്‍ന്നു. കാറില്‍ ഒപ്പം രണ്ടു മക്കളും സുഹൃത്തും ഉണ്ടായിരുന്നു.

എംസി റോഡ് വഴി കൊട്ടാരക്കര ഭാഗത്തേക്കു പാഞ്ഞ മോഷ്ടാക്കള്‍ പനവേലി ഭാഗത്തെത്തിയപ്പോള്‍ പെട്ടെന്നു തിരിഞ്ഞു വീണ്ടും വാളകത്തേക്കു പോയി. സന്തോഷും ഇവര്‍ക്കു പിന്നാലെ പാഞ്ഞു. വാളകത്തു നിന്ന് ഉമ്മന്നൂര്‍ ഭാഗത്തേക്കു പോകുന്ന റോഡിലേക്കു മോഷ്ടാക്കള്‍ കയറിയതോടെ കാര്‍ മോഷ്ടാക്കളുടെ അടുത്തെത്തി. രണ്ടു കിലോമീറ്ററോളം ബൈക്കിനു പിന്നാലെ പാഞ്ഞു. പെരുമ്പ ഭാഗത്തെ വളവില്‍ വച്ചു ബൈക്കിനു കുറുകെ കാര്‍ കയറ്റി നിര്‍ത്തി. ഇതോടെ മോഷ്ടാക്കള്‍ രണ്ടു പേരും റോഡിലേക്കു വീണു.

ബൈക്ക് ഓടിച്ചിരുന്ന ആള്‍ വീണ്ടും ബൈക്കില്‍ കയറി വേഗത്തില്‍ ഓടിച്ചു പോയി. രണ്ടാമത്തെയാളെ കാറില്‍ നിന്നു ചാടി ഇറങ്ങിയ സന്തോഷ് പിടികൂടാന്‍ ശ്രമിച്ചു. ഈ സമയത്താണ് മോഷ്ടാവ് ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചത്. ഇടതു കയ്യില്‍ അടിയേറ്റു. പിടിവലിയില്‍ സന്തോഷിന്റെ ഷര്‍ട്ടും കീറി. പിടിയിലാകും എന്നു ഉറപ്പായതോടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണമാല മോഷ്ടാവ് റോഡിന്റെ വശത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. ഇതു സന്തോഷ് കാണുകയും മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയ ശേഷം മാല കണ്ടെത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും മോഷ്ടാവിനെ പിടികൂടുന്നതിനു സഹായിച്ചു.

വാളകത്തെ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപിക പനി ആയതിനാല്‍ അവധി എടുത്തു വീട്ടിലേക്കു മടങ്ങുന്നതിനു ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടക്കുമ്പോഴായിരുന്നു കവര്‍ച്ച. പിടിവലിയില്‍ മാലയുടെ ഒരു ഭാഗം അധ്യാപികയുടെ കയ്യില്‍ കിട്ടി. കിളിമാനൂര്‍ ഭാഗത്തു നിന്നാണ് മോഷ്ടാക്കള്‍ വാളകത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞു.