മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി മിനു മുനീര്‍

മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി മിനു മുനീര്‍

മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. ഏഴു പേര്‍ക്കെതിരെ പ്രത്യേകമാണ് പരാതി. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് പരാതി.

ഏഴ് പേര്‍ക്കെതിയുള്ള പരാതി അയച്ചു കഴിഞ്ഞു. അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. അവര്‍ തന്ന ഇമെയിലില്‍ പരാതി അയച്ചിട്ടുണ്ട്. വിശദമായ പരാതിയാണ് നല്‍കിയത് – മിനു മുനീര്‍ വ്യക്തമാക്കി. ഓരോരുത്തരും എവിടെ വച്ച്, ഏതൊക്കെ രീതിയിലുള്ള അതിക്രമമാണ് പ്രവര്‍ത്തിച്ചത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് നല്‍കിയത്. ഇന്നലെ വെളിപ്പെടുത്തലിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥ മിനുവിനെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഏഴു പേര്‍ക്കുമെതിരെ ഒറ്റ പരാതിയാണ് ആദ്യം സമര്‍പ്പിച്ചത്. എന്നാല്‍ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

വിച്ചു എന്നയാള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചില മെസേജുകളും വോയ്‌സ് നോട്ടുകളുമെല്ലാം ഇയാള്‍ മിനുവിന് അയച്ചിരുന്നു. അതടക്കം ചേര്‍ത്തുകൊണ്ടാണ് പരാതി. റൂറല്‍ പോലീസില്‍ പരാതി നല്‍കുമെന്നാണ് ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍ക്കുകയായിരുന്നു. മൊഴിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മിനു വ്യക്തമാക്കുന്നു. നീതി ലഭിക്കമെന്ന പ്രതീക്ഷയില്‍ തന്നെയാണവര്‍. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം പൂര്‍ണ പിന്തുണ തനിക്ക് നല്‍കുന്നുണ്ടെന്ന് മിനു വ്യക്തമാക്കി. തുടര്‍നടപടികള്‍ വേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇത് നിങ്ങളുടെ തീറ്റയാണ്; അതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ; മാധ്യമങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

ഇത് നിങ്ങളുടെ തീറ്റയാണ്; അതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ; മാധ്യമങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

തൃശൂര്‍: സഹതാരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ, അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് താന്‍ മനസിലാക്കുന്നത്. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്‍. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു. വിശുദ്ധ എവുപ്രസ്യമ്മയുടെ കബറിടത്തില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘ഞാന്‍ അമ്മയില്‍ എപ്പോഴുണ്ട്. അമ്മയുടെ യോഗത്തില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ചോദിക്കുക. ഞാനൊരു വിശുദ്ധ കര്‍മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്‍ അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ’- സുരേഷ് ഗോപി പറഞ്ഞു.

‘ഞാന്‍ എന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ എന്റെ ഓഫീസിനെ സംബന്ധിച്ച കാര്യം ചോദിക്കണം. എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കണം. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മീഡിയയ്ക്കുള്ള ഒരു തീറ്റയാണത്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കൊള്ളു, ഒരു കുഴപ്പവുമില്ല. പക്ഷെ ഒരു വലിയ സംവിധാനത്തിനെ തകിടം മറിക്കുകയാണ് നിങ്ങള്‍’- സുരേഷ് ഗോപി പറഞ്ഞു.

‘ഈ വിഷയങ്ങള്‍ എല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, കോടതിക്ക് യുക്തിയുണ്ട്. കോടതി തീരുമാനമെടുക്കും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊണ്ടുചെന്നാല്‍ അവര് എടുത്തോളും. എടുത്തോട്ടെ?. നിങ്ങള്‍ ഇത് ആടിനെ തമ്മില്‍ തല്ലിച്ചിട്ട് ചോര കുടി മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്?. നിങ്ങള്‍ ജനങ്ങളോട് എന്താണ് പറയുന്നത്?. നിങ്ങള്‍ കോടതിയാണോ? അലല്ലോ?. കോടതി തീരുമാനിക്കും’- സുരേഷ് ഗോപി പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ അടിമുടി പരിഷ്‌കരിക്കണം; നിര്‍ദേശവുമായി എന്‍സിഇആര്‍ടി

പന്ത്രണ്ടാം ക്ലാസ് പരീക്ഷ അടിമുടി പരിഷ്‌കരിക്കണം; നിര്‍ദേശവുമായി എന്‍സിഇആര്‍ടി

ഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കണമെന്ന് എന്‍സിഇആര്‍ടി. ‘എഡ്യുക്കേഷന്‍ ബോര്‍ഡുകളില്‍ ഉടനീളം തുല്യത സ്ഥാപിക്കല്‍’ എന്ന തലക്കെട്ടോടെയുള്ള റിപ്പോര്‍ട്ടിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 9 മുതല്‍ 11 വരെയുള്ള ക്ലാസുകളിലെ മാര്‍ക്ക് പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലവുമായി കൂട്ടിയോജിപ്പിച്ച് പുതിയ മൂല്യനിര്‍ണ്ണയ മോഡലിന് രൂപം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഒപ്പം തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പരമ്പരാഗത പരീക്ഷാ രീതികളില്‍ നിന്ന് പൂര്‍ണമായി മാറുന്നതാണ് പുതിയ രീതി. പുതിയ മോഡല്‍ അനുസരിച്ച് പന്ത്രണ്ടാം ക്ലാസ് ഫലങ്ങളെ മുന്‍ അധ്യയന വര്‍ഷങ്ങളിലെ മാര്‍ക്ക് സ്വാധീനിക്കും. പന്ത്രണ്ടാം ക്ലാസ് ഫലത്തിന്റെ 15 ശതമാനം ഒന്‍പതാം ക്ലാസില്‍ നിന്നും 20 ശതമാനം പത്താം ക്ലാസില്‍ നിന്നും 25 ശതമാനം പതിനൊന്നാം ക്ലാസ്സില്‍ നിന്നുമായിരിക്കും. ബാക്കി 40 ശതമാനം മാത്രമായിരിക്കും പന്ത്രണ്ടാം ക്ലാസിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഉണ്ടാവുക. ഒരു വിദ്യാര്‍ഥിയുടെ അക്കാദമിക് യാത്രയുടെ കൂടുതല്‍ സമഗ്രമായ വിലയിരുത്തല്‍ സാധ്യമാക്കാനാണ് പുതിയ രീതിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്‍സിഇആര്‍ടിയുടെ പരിഷ്‌കരണ നിര്‍ദ്ദേശം പാഠ്യപദ്ധതിയില്‍ തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്നു. ഡാറ്റ മാനേജ്മെന്റ്, കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സംഗീതം, കലകള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ നിര്‍ബന്ധിത കോഴ്സുകള്‍ക്കായി റിപ്പോര്‍ട്ട് വാദിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലുടനീളമുള്ള വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ക്രെഡിറ്റ് അധിഷ്ഠിത സംവിധാനവും പുതിയ മോഡല്‍ അവതരിപ്പിക്കുന്നു. ഈ സംവിധാനത്തിന് കീഴില്‍, വിദ്യാര്‍ഥികള്‍ ഓരോ വിഷയത്തിനും ഒരു നിശ്ചിത എണ്ണം ക്രെഡിറ്റുകള്‍ നേടേണ്ടതുണ്ട്. ഉദാഹരണത്തിന്, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ 40ല്‍ 32 ക്രെഡിറ്റുകള്‍ നേടണം. 11, 12 ക്ലാസുകളില്‍ ഉള്ളവര്‍ 44ല്‍ 36 ക്രെഡിറ്റുകള്‍ നേടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബാക്കിയുള്ള ക്രെഡിറ്റുകള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ വഴി ലഭിക്കും. ജൂലൈയിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് എന്‍സിഇആര്‍ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളില്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ട് സവിശേഷ സാന്നിധ്യം അറിയിച്ച സംവിധായകനായിരുന്നു മോഹന്‍.

വാടകവീട് (1978)ആണ് ആദ്യ സിനിമ. തുടര്‍ന്ന് ‘രണ്ട് പെണ്‍കുട്ടികള്‍’. ‘ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷെ, സാക്ഷ്യം, മുഖം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 23 ചിത്രങ്ങളാണ് മോഹന്‍ ഒരുക്കിയത്.

2005 ൽ റിലീസ് ചെയ്ത ക്യാംപസ് ആണ് അവസാന ചിത്രം. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. ഉപാസന എന്ന ചിത്രത്തിന്റെ നിര്‍മാതാവും മോഹന്‍ ആണ്. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ ബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായും മോഹന്‍ പ്രവര്‍ത്തിച്ചു.

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 53,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6695 രൂപ നൽകണം.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവാണ് ദൃശ്യമായത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വർണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപയാണ് വർധിച്ചത്.

10 ദിവസത്തോളം കൗൺസിലിംഗ് നൽകും; 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ

10 ദിവസത്തോളം കൗൺസിലിംഗ് നൽകും; 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ

വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി തിരുവനന്തപുരത്ത് തിരിച്ചെത്തിച്ച 13 വയസുകാരി സിഡബ്ല്യുസിയുടെ സംരക്ഷണയിൽ തുടരുന്നു. ഇന്നലെ കുട്ടിയുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം കൗൺസിലിംഗ് നടപടികൾ ആരംഭിച്ചിരുന്നു. 10 ദിവസത്തോളം കുട്ടിക്ക് കൗൺസിലിംഗ് നൽകും.

മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് കുട്ടി ഇന്നലെ സിഡബ്ല്യുസി അംഗങ്ങളെ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൗൺസിലിംഗ് കഴിഞ്ഞാൽ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുക്കും. കുട്ടിയുടെ രണ്ടു സഹോദരിമാരെയും സിഡബ്ല്യുസി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ ഏറ്റെടുക്കുന്നതിൽ മാതാപിതാക്കളും സമ്മതം അറിയിച്ചു. വീട്ടിൽ പോകാൻ താത്പര്യമില്ലെന്ന് കുട്ടി പറയുന്നതിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും പൊലീസ് ഒരുങ്ങുന്നുണ്ട്.

അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നിൽ വിശിദീകരിച്ചുവെന്നും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം പറഞ്ഞിരുന്നു. മൂത്ത കുട്ടിയല്ലേ എന്ന് വച്ച് അമ്മ കുട്ടിയെ കൂടുതൽ വഴക്ക് പറയാറുണ്ടായിരുന്നു. പത്ത് ദിവസത്തെ കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണമോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

കേരളത്തിൽ തന്നെ നിൽക്കാനാണ് ഇഷ്ട്ടമെന്നും ഇവിടെ തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുട്ടി പറഞ്ഞു. തൽക്കാലം മാതാപിതാക്കൾക്കൊപ്പം കുട്ടിയെ അയക്കുന്നില്ല എന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. വേണമെങ്കിൽ കുട്ടിയുടെ സഹോദരങ്ങളെ കൂടി നിർത്താമെന്ന് സിഡബ്ല്യൂസി അറിയിച്ചു.