നിയമ വശങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹനവകുപ്പ്

നിയമ വശങ്ങൾ വിശദീകരിച്ച് മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന ഡ്രൈവിങ് റെഗുലേഷൻ 2017 അനുസരിച്ച് യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിങ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്. പെഡസ്ട്രിയൻ ക്രോസിങ് ഇല്ലെങ്കിൽ കൂടിയും റോഡിൽ “Give Way” സൈനോ “Stop” സൈനോ ഉണ്ടെങ്കിൽ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികന് തന്നെയാണ് മുൻഗണന നൽകേണ്ടത്. ഇതടക്കം സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയൻ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങൾ കേരള മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ വിശദീകരിച്ചു.

കുറിപ്പ്:

സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയൻ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങൾ :-

മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017 –

റെഗുലേഷൻ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവർടേക്ക് ചെയ്യരുത്.

റെഗുലേഷൻ 7 (3) : പെഡസ്ട്രിയൻ ക്രോസിംഗ് ഇല്ലെങ്കിൽ കൂടിയും റോഡിൽ “Give Way” സൈനോ “Stop” സൈനോ ഉണ്ടെങ്കിൽ ടി സ്ഥലത്തും . റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികന് തന്നെയാണ് മുൻഗണന.

റെഗുലേഷൻ 39 (1) : പെഡസ്ട്രിയൻ ക്രോസിംഗിൽ എത്തുമ്പോൾ, ഡ്രൈവർ വാഹനത്തിൻ്റെ വേഗത കുറക്കുകയും നിർത്തുകയും കാൽനടയാത്രികരെ റോഡ് മുറിച്ച് കടക്കാൻ അനുവദിക്കുകയും വേണം.

റെഗുലേഷൻ 39 (2) : റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങൾ സുഗമമായി നീങ്ങാതെ നിൽക്കുന്ന സമയത്ത് ഡ്രൈവർ ഒരിക്കലും പെഡസ്ട്രിയൻ കോസിംഗിലേക്ക് വാഹനം ഓടിച്ച് കയറ്റി നിർത്തി കാൽനട യാത്രികർക്ക് പെഡസ്ട്രിയൻ ക്രോസിംഗ് ഉപയോഗിക്കുന്നതിന് തടസ്സം നിൽക്കരുത്.

കേരള മോട്ടോർ വാഹന ചട്ടം 365 (1) : പെഡസ്ട്രിയൻ ക്രോസിംഗിന് മുമ്പായി വരച്ചിരിക്കുന്ന റോഡിലെ സ്റ്റോപ്പ് ലൈനിൽ വാഹനം നിർത്തുമ്പോൾ യാതൊരു കാരണവശാലും വാഹനത്തിൻ്റെ മുമ്പിൽ തള്ളി നിൽക്കുന്ന യാതൊരു വാഹന ഭാഗവും പെഡസ്ട്രിയൻ ക്രോസിംഗിൽ എത്താൻ പാടില്ല.

കാരറ്റെടുത്ത് കടിച്ചു; ചോദ്യം ചെയ്ത കടയുടമയെ വെട്ടിക്കൊന്നു

കാരറ്റെടുത്ത് കടിച്ചു; ചോദ്യം ചെയ്ത കടയുടമയെ വെട്ടിക്കൊന്നു

പത്തനംതിട്ട: കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കടയുടമയെ വെട്ടി കൊന്നു. റാന്നിയിലാണ് ദാരുണ സംഭവം. അങ്ങാടി എസ്ബിഐയ്ക്ക് മുന്നിൽ കട നടത്തുന്ന ചേത്തയ്ക്കൽ സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദീപ്, അനിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലുള്ളത്.

ഇന്നലെ രാത്രി 10.50ഓടെയാണ് റാന്നിയെ നടുക്കിയ കൊലപാതകം. അനിൽ കുമാറിന്റെ കടയിലെത്തിയ ഇവർ കാരറ്റെടുത്തു കടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി ഇതു ചോദ്യം ചെയ്തു. കാരറ്റിനു വലിയ വിലയാണെന്നു പറഞ്ഞാണ് മഹാലക്ഷ്മി തടയാൻ ശ്രമിച്ചത്.

ഇതിൽ പ്രകോപിതരായ പ്രദീപും അനിലും ജീവനക്കാരിയുമായി വാക്കു തർക്കമുണ്ടാക്കി. പിന്നാലെ വിഷയത്തിൽ ജീവനക്കാരിയുടെ ഭർത്താവും ഇടപെട്ടു. ഇയാളും ഈ കടയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അതിനിടെ ഇവിടെ നിന്നു പോയ പ്രദീപും അനിലും വടിവാളുമായി തിരിച്ചെത്തി മഹാലക്ഷ്മിയേയും ഭർത്താവിനേയും ആക്രമിക്കാൻ ഒരുങ്ങി. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അനിൽ കുമാറിനെ വെട്ടിക്കൊന്നത്. മഹാലക്ഷ്മിക്കും വെട്ടേറ്റ് സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും

മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായി പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേക അന്വേഷണ സംഘം മിനു മുനീറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് മിനു മുനീര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും മിനു മുനീര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയും നടി പരാതി നല്‍കുമെന്നാണ് സൂചന.

നടൻമാരായ മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് നടി മിനു മുനീർ വെളിപ്പെടുത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞു. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്നും മുകേഷ് ആവശ്യപ്പെട്ടു. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു മുനീർ വെളിപ്പെടുത്തിയിരുന്നു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീർ പറഞ്ഞു. നടന്മാരായ മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് പറഞ്ഞിരുന്നുവെന്നും മിനു മുനീർ വെളിപ്പെടുത്തി.

ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ, വിതരണം ഓഗസ്റ്റ് അവസാനത്തോടെ

ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ, വിതരണം ഓഗസ്റ്റ് അവസാനത്തോടെ

തിരുവനന്തപുരം: ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.

5 മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്.

ഓണക്കാല ചെലവുകൾക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബർ മാസം വരെ കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളത് 3753 കോടിയാണ്. ഇതിൽ 3000 കോടി കടമെടുത്ത് ക്ഷേമ പെൻഷൻ കൊടുക്കുകയും അത്യാവശ്യ ചെലവുകൾക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് തീരുമാനം. കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വർഷം 15,000 കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്.

‘വയനാടിന് കേന്ദ്രസഹായം തേടി’; മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

‘വയനാടിന് കേന്ദ്രസഹായം തേടി’; മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഉരുൾപൊട്ടലുണ്ടായ വയനാടിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ തയാറാക്കിയ വിശദമായ നിവേദനം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കൈമാറും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാനും പിണറായി വിജയൻ ആവശ്യപ്പെടും.

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തബാധിതരെ നേരിട്ടു കണ്ട പ്രധാനമന്ത്രി, കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പങ്കെടുത്തു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നല്‍കിയ മോദി, സംസ്ഥാന സര്‍ക്കാരിനോട് വിശദമായ നിവേദനം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ വാസയോഗ്യമല്ലാത്ത വിധമായിത്തീര്‍ന്നു. 416 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പ് ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത്.

ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതി തീവ്ര ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്യുന്നു. തെക്കൻ രാജസ്ഥാൻ ഗുജറാത്ത്‌ മേഖലയിലേക്ക് സഞ്ചരിച്ചു ഓഗസ്റ്റ് 29 ഓടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത. ശക്തികൂടിയ ന്യൂനമർദ്ദം പശ്ചിമ ബംഗാളിന് മുകളിൽ സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ ഝാർഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക്‌ നീങ്ങാൻ സാധ്യത.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 ഓടെ മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 28 വരെ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.