by Midhun HP News | Aug 27, 2024 | Latest News, കേരളം
തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വിൽപ്പന ശാലകൾ വഴി നൽകാൻ ആലോചന. 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് നൽകുന്നത്. റേഷൻ കടകൾക്കു പകരമാണ് കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാൻ സർക്കാർ ആലോചിക്കുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്തിരുന്നത്.
ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ആലോചനയ്ക്കു പിന്നിൽ. മാത്രമല്ല മുൻപ് വിതരണം ചെയ്ത ഇനത്തിൽ കമ്മീഷൻ കുടിശിക നൽകാത്തതിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് നീക്കം.
നിലവിൽ സപ്ലൈക്കോയുടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള വിൽപ്പന ശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഈ സംവിധാനം കിറ്റ് വിതരണത്തിനും ഉപയോഗിക്കാനാണ് നീക്കം.
by Midhun HP News | Aug 26, 2024 | Latest News, കേരളം
കൊച്ചി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് നടന്‍ ബാബുരാജ്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയുകയാണ് ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം. എന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നത് രണ്ടുദിവസത്തിനകം അറിയാം. എല്ലാവരെയും കുറിച്ച് എന്തും പറയാമെന്നത് ശരിയല്ലല്ലോ. ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബു രാജ് പറഞ്ഞു.
2019ലേക്ക് തന്റെ വീട്ടിലേക്ക് വിളിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തന്റെ ആലുവയിലെ വീട്ടില്‍ താമസം പോലും ഉണ്ടായിരുന്നില്ല. 2015 മുതല്‍ 2020 വരെ മൂന്നാറിലാണ് താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലേ വീട്ടിലേക്ക് മാറിയത്. അടുത്ത സെക്രട്ടറി എന്ന നിലയിലേക്ക് വരുമ്പോള്‍ അതിന്റെ ഭാഗമായിട്ടാകും ഇതെല്ലാം വരുന്നത്. അവര്‍ പറയുന്നപോലെ തന്റെ വീട്ടില്‍ സ്വീകരണമുറിയില്ല. അവര്‍ 2019 എന്ന് പറയുന്നത് മാറാതിരുന്നാല്‍ മതിയെന്നും ബാബുരാജ് പറഞ്ഞു.
ആരോപണത്തില്‍ സത്യമില്ലെന്ന് തുളസിദാസ്
തനിക്കെതിരായ ഗീതാ വിജയന്റെ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് സംവിധായകന്‍ തുളസിദാസ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. അത്തരം ഒരു സംഭവം ചാഞ്ചാട്ടത്തിന്റെ സെറ്റിലുണ്ടായിട്ടില്ല. സിനിമയുടെ ഷൂട്ടിങ് എല്ലാം തീര്‍ന്ന് യാതൊരു പരിഭവുമില്ലാതെയാണ് അവര്‍ അവിടെ നിന്ന് പോയത്. അതിനുശേഷം പല പരിപാടിക്കിടെ കണ്ടുമുട്ടിയപ്പോഴും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്.
സിനിമയുടെ ഷൂട്ടിങ് സമയത്ത് ജയറാമും ഉര്‍വശിയും മനോജ് കെ ജയനും സിദ്ദിഖുമെല്ലാം ഉണ്ടായിരുന്നു. ചാഞ്ചാട്ടം എന്റെ തുടക്കകാലത്തെ സിനിമായാണ്. അന്ന് അത്തരമൊരു മാനസിക അവസ്ഥപോലും ഉണ്ടായിരുന്നില്ല. സിനിമയില്‍ സജീവമാകണമെന്ന ചിന്തമാത്രമാണ് ഉണ്ടായത്. അവരുടെ മുറിയില്‍ പോയി തട്ടിയിട്ടില്ലെന്നും തനിക്കെതിരെ ഒരുപരാതി പോയതായി അറിയില്ലെന്നും ഇതില്‍ യാതൊരു സത്യവുമില്ലെന്ന് തുളസിദാസ് പറഞ്ഞു.
by Midhun HP News | Aug 26, 2024 | Latest News, കേരളം
തിരുവനന്തപുരം: വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്ന് ദിവസം ഈ രണ്ടു ജില്ലകള്‍ ഒഴികെ ഒരിടത്തും മഴ മുന്നറിയിപ്പ് ഇല്ല.
നിലവില്‍ അതി തീവ്രന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ സ്ഥിതിചെയ്യുകയാണ്. തെക്കന്‍ രാജസ്ഥാന്‍- ഗുജറാത്ത് മേഖലയിലേക്ക് സഞ്ചരിച്ച് വ്യാഴാഴ്ചയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ശക്തികൂടിയ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാളിന് മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് മധ്യ കിഴക്കന്‍ / വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെയെല്ലാം ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Aug 26, 2024 | Latest News, കേരളം
എറണാകുളം: പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ആഗസ്റ്റ് 30ന് ഓൾ കേരള റിലീസ്.
വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്. നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “കടപ്പാടത്തെ മാന്ത്രികൻ”.
അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിലെ ഗാനങ്ങൾ 123 മ്യൂസിക്കിലൂടെ പുറത്തിറങ്ങി ഗാനങ്ങളെല്ലാം ഇതിനോടകം വൈറലാണ്. ശിവജി ഗുരുവായൂർ, ഫാറൂഖ് മലപ്പുറം,നീമ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, തേജസ്സ്, കമാൽ വരദൂർ, നിവിൻ നായർ, നിഹാരിക റോസ്, സ്വലാഹു റഹ്മാൻ, വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്, സലാം ലെൻസ് വ്യൂ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ്.
വി.പി.ശ്രീകാന്ത് നായരും, നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. സലാം ലെൻസ് വ്യൂ വാണ് ചിത്രത്തിന്റെ പ്രോജക്റ്റ് കോഡിനേറ്റർ. അസോസിയേറ്റ് ക്യാമറ അനിൽ ജനനി,
പി ആർ ഒ ഷെജിൻ എം.കെ, വിതരണം മൂവി മാർക്ക് ഡിസ്ട്രിബ്യൂഷൻ.
by Midhun HP News | Aug 26, 2024 | Latest News, കേരളം
മലപ്പുറം: നടന്‍ ബാബുരാജിനെതിരായ പരാതി തന്നോട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി പങ്കുവച്ചെന്ന് മലപ്പുറം എസ്പി ശശിധരന്‍. താന്‍ കൊച്ചിയല്‍ ഡിസിപി ആയിരിക്കേയാണ് നടി സംസാരിച്ചത്. രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ശശിധരന്‍ പറഞ്ഞു.
നേരത്തെ ബാബുരാജില്‍ നിന്നുണ്ടായ ദുരനുഭവം മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതിനിടെയാണ് തന്റെ അനുഭങ്ങള്‍ നിലവിലെ മലപ്പുറം എസ്പി ശശിധരനുമായി പങ്കുവെച്ചകാര്യം പറഞ്ഞത്. അദ്ദേഹം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം സാധിച്ചില്ലെന്നും നടി പറഞ്ഞു. സിനിമയിലെത്തുന്ന പലരും സെക്സ് റാക്കറ്റിന്റെ പിടിയിലാകുന്നുണ്ട്. ഈ മേഖലയില്‍ ലഹരിയുടെ ഉപയോഗവും വ്യാപകമായുണ്ട്. ഇക്കാര്യങ്ങള്‍ ഏത് അന്വേഷണ ഏജന്‍സിക്കു മുമ്പിലും മൊഴി നല്‍കാനും തയ്യാറാണെന്നും നടി പറഞ്ഞു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. ‘ഒരു കാലത്ത് താന്‍ ബാബു രാജിനെ സഹോദരനെ പോലെ ഞാന്‍ വിശ്വസിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് സ്വപ്നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടന്‍ ബാബുരാജ് സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്.
വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. തനിക്ക് വിശ്രമിക്കാനായി വീടിന്റെ താഴത്തെ നിലയില്‍ ഒരു റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ താന്‍ റൂം തുറന്നു.ഈ സമയത്ത് ബാബുരാജ് റൂമിലേക്ക് കയറിവന്നു. മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.
പിറ്റേ ദിവസം മാത്രമാണ് തനിക്ക് ആ വീട്ടില്‍ നിന്ന് പോരാന്‍ കഴിഞ്ഞത്. തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായി. വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ തുറന്നു സംസാരിക്കാനാകില്ല’ – ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. പരസ്യചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് വിഎ ശ്രീകുമാറും കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു.
by Midhun HP News | Aug 26, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിക്കും. 2000 കോടിയോളം രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലില്‍ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ വാസയോഗ്യമല്ലാത്ത വിധമായിത്തീര്‍ന്നു. 416 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ടൗണ്‍ഷിപ്പ് ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത്.
Recent Comments