ഉരുള്‍പൊട്ടല്‍: കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും

ഉരുള്‍പൊട്ടല്‍: കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘമാകും ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെത്തി പഠനം നടത്തുക. ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

അതിനിടെ ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിനായി വിദഗ്ധ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. നാശഷ്ടങ്ങള്‍ ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകള്‍ കണക്കാക്കുക, പുനര്‍നിര്‍മ്മാണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുള്ളത്.

ദുരന്തമേഖലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആറ് അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗവും ചേരുന്നുണ്ട്. രാവിലെ 10 ന് കലക്ടറേറ്റിലാണ് യോഗം ചേരുന്നത്.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കഴക്കൂട്ടത്ത് നിന്നു കാണാതായ 13കാരിയെ തലസ്ഥാനത്ത് എത്തിച്ചു

കഴക്കൂട്ടത്ത് നിന്നു കാണാതായ 13കാരിയെ തലസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വ​ദേശിയായ 13കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. കുട്ടിയെ വിശാഖപട്ടണത്തു നിന്നാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് തലസ്ഥാനത്ത് കുട്ടിയെ എത്തിച്ചത്. പൊലീസിൽ നിന്നു കുട്ടിയെ സിഡബ്ല്യുസി ഏറ്റുവാങ്ങി. തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ച കുട്ടി നിലവിൽ അവിടെ സംരക്ഷണയിലാണ്.

വിഷയത്തിൽ സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. കുട്ടിയെ വിശദമായി കേൾക്കും. കുട്ടി വീടു വിട്ടിറങ്ങാനുണ്ടായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്നു നിരന്തരം വഴക്കും മർദ്ദനവും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയും. കുട്ടിയെ കേട്ട ശേഷം മാതാപിതാക്കളുടെ മൊഴിയുമെടുക്കും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി നിലവിൽ സിഡബ്ല്യുസിക്ക് മുന്നിലുണ്ട്.

ഇരു ഭാ​ഗവും വിശദമായി കേട്ട ശേഷമായിരിക്കും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടണോ അതോ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കുക. കുട്ടിയെ വൈദ്യ പരിശോധനകൾക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തും.

കുട്ടിക്ക് കൗൺസിലിങ് നൽകും. തുടർ പഠനത്തിനു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കി.

പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു

പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു. ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പിന്മാറ്റം. ടാക്‌സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകള്‍ തുടരും.

ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയര്‍ത്തിയത്. പ്രതിസന്ധിയിലായ ടാക്‌സി ഡ്രൈവര്‍മാര്‍ അന്നു മുതല്‍ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിനു മുന്നില്‍ ഡ്രൈവര്‍മാരും ടാക്‌സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു.

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തില്‍ അരങ്ങേറിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്.

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കുളനടയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. 26-ഓളം പേര്‍ക്ക് പരിക്ക് പറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

നാലുവര്‍ഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി

നാലുവര്‍ഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി

കൊച്ചി: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകലിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. കുസാറ്റില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ഥികള്‍ നീറ്റ്, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് മാറിപ്പോയാല്‍ കോളജുകളില്‍ സീറ്റുകള്‍ ഒഴിവുവരും. ഇതിനാലാണ് പ്രവേശനതീയതി 31 വരെ നീട്ടിയത്. 31ന് മുന്‍പ് സര്‍വകലാശാലകള്‍ സ്‌പോട്ട് അഡ്മിഷന്‍ ക്രമീകരിച്ച് ഒഴിവ് വരുന്ന സീറ്റുകളില്‍ പ്രവേശനം നടത്തണം.