സിദ്ധാര്‍ത്ഥന്റെ മരണം: മുന്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സിദ്ധാര്‍ത്ഥന്റെ മരണം: മുന്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ വിസിക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രനാഥിനാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡീന്‍ എം കെ. നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍ കാന്തനാഥനും വീഴ്ച പറ്റിയെന്നാണ് ചാന്‍സലറായ ഗവര്‍ണറുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍വകലാശാല വിസിക്ക് കൈമാറിയിട്ടുണ്ട്. 45 ദിവസത്തിനകം ഇരുവര്‍ക്കും എതിരെ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘ഒഴിവാക്ക’ലില്‍ വിവാദം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘ഒഴിവാക്ക’ലില്‍ വിവാദം

തിരുവനന്തപുരം: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ, വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാതെ മറച്ചുവെച്ചതില്‍ വിവാദം. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി.

ഇതടക്കം 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നതില്‍ നിന്നും ഒഴിവാക്കിയത്. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍, കൂടുതല്‍ പേജുകള്‍ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മറച്ചുപിടിക്കുകയായിരുന്നു എന്നാണ് ആരോപണം. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട അപേക്ഷകരോടും ഇത്രയും പേജുകള്‍ ഒഴിവാക്കിയത് അറിയിച്ചിരുന്നില്ല.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 96-ാം പാരഗ്രാഫില്‍ മലയാള സിനിമയിലെ അതിപ്രശസ്തരായ വ്യക്തികള്‍ തന്നെ ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ട്. കമ്മീഷന് അത് മൊഴിയായി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതിനുശേഷമുള്ള 11 ഖണ്ഡികകള്‍ ഒഴിവാക്കിയവയില്‍പ്പെടുന്നു. കാസ്റ്റിങ് കൗച്ച് അടക്കമുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചവയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സെപ്റ്റംബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സെപ്റ്റംബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് തിരുവന്തപുരം, ആലുവ എന്നി കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മതിയാകും. പ്രിലിംസ് കം മെയിന്‍സ് സെപ്റ്റംബര്‍ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരും 2024 -ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യുപിഎസ്‌സി പ്രിലിംസ്, മെയിന്‍സ് പരീക്ഷക്കുള്ള ഒരു വര്‍ഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

കൂടാതെ അക്കാദമി ആരഭിക്കുന്ന റിപ്പിറ്റേഴ്സ് ബാച്ചായ റീകിന്റിലിലേക്ക് മുന്‍ വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മറ്റും അപേക്ഷ നല്‍കാം. വിശദമായ വിവരങ്ങള്‍ അക്കാദമിയുടെ kscsa.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്.

ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും. മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. 2023ല്‍ 14 കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചിരുന്നു.

ഇനി തോന്നുംപോലെ ഹോട്ടലുകളില്‍ നിര്‍ത്തില്ല, യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണം ഉറപ്പാക്കും; പുതിയ സംവിധാനവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. കെഎസ്ആര്‍ടിസി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആര്‍ടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്റുകളില്‍ നിന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിക്കുന്നതായി കെഎസ്ആര്‍ടിസി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

കുറിപ്പ്:

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആര്‍ടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്റുകളില്‍ നിന്ന് കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.

പ്രധാന നിബന്ധനകള്‍…

1. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വെജ്, നോണ്‍ വെജ് ഭക്ഷണം ന്യായമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാലകളായിരിക്കണം.

2. ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം

3. ശുചിത്വമുള്ള ടോയ്ലറ്റുകള്‍/മൂത്രപ്പുരകള്‍, വിശ്രമമുറി സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം

4. ബസ് പാര്‍ക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എസ്റ്റേറ്റ് ഓഫീസര്‍, ചീഫ് ഓഫീസ്, കെഎസ്ആര്‍ടിസി

Phone Number 04712471011232 Email ID estate@kerala.gov.in.

ആവശ്യമായ രേഖകള്‍ സഹിതമുള്ള താല്പര്യപത്രം 05/09/2024,17.00 മണിക്കു മുന്‍പായി കെഎസ്ആര്‍ടിസി ട്രാന്‍സ്പോര്‍ട്ട് ഭവനിലെ തപാല്‍ വിഭാഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

യോഗ്യതാമാനദണ്ഡം, നിബന്ധനകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കായി

www.keralartc.com/tenders/misc

എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മൂവാറ്റുപുഴയിൽ യുവാവിനെ സഹോദരൻ വെടിവെച്ചു വീഴ്ത്തി; ഗുരുതര പരുക്ക്

മൂവാറ്റുപുഴയിൽ യുവാവിനെ സഹോദരൻ വെടിവെച്ചു വീഴ്ത്തി; ഗുരുതര പരുക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെയ്പ്പ്. കടാതിമംഗലത്ത് വീട്ടില്‍ നവീന് വെടിയേറ്റു. അര്‍ദ്ധ സഹോദരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുപിതനായ കിഷോര്‍ നവീന് നേരെ നിറയൊഴിക്കുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തതെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.

വയറിന് വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിച്ചത്.