by Midhun HP News | Aug 23, 2024 | Latest News, കേരളം
കൊല്ലം: ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 350 കിലോയോളം പുകയില ഉത്പന്നങ്ങൾ കൊല്ലത്ത് പിടികൂടി. വസ്ത്രങ്ങൾ ആണെന്ന വ്യാജേനയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന തരത്തിൽ രേഖകൾ നൽകിയാണ് ബംഗളൂരുവിൽ നിന്നുള്ള പാഴ്സൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പാഴ്സൽ കൈപ്പറ്റാൻ ആരും വരാതായതോടെ റെയിൽവെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയില്ലാണ് പെട്ടികൾക്ക് ഉള്ളിൽ നിന്ന് 350 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
തുടർന്ന് തന്ത്രപൂർവം റെയിൽവെ സംരക്ഷണ സേനയും ക്രൈം ഇന്‍റലിജൻസ് വിഭാഗവും എക്സൈസും പ്രതിക്കായി കാത്തിരുന്നു. ഒടുവിൽ പാഴ്സൽ ബുക്ക് ചെയ്ത ആറിങ്ങൽ സ്വദേശി അഖിൽ കഴിഞ്ഞ ദിവസം റെയിൽവെ സ്റ്റേഷനിൽ എത്തി. പ്രതിയെ കയ്യോടെ പിടികൂടി. വിപണിയിൽ 12 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതി മുൻപും സമാനമായ രീതിയിൽ പുകയില ഉത്പന്നങ്ങൾ കടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
by Midhun HP News | Aug 23, 2024 | Latest News, കേരളം
തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയെ ഇന്ന് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. ഇപ്പോള്‍ വിശാഖപട്ടണത്ത് ഒബ്‌സര്‍വേഷന്‍ ഹോമില്‍ സംരക്ഷണയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് നിന്നു പോയ പൊലീസ് സംഘത്തിനു ഇന്ന് ഉച്ചയോടെ കൈമാറും. കഴക്കൂട്ടം എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ നാലംഗ സംഘമാണു ട്രെയിനില്‍ ഇന്നലെ വിശാഖപട്ടണത്തേക്കു പോയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കേരള പൊലീസിന് കൈമാറി ഉടൻ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം. വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുൻഗണന. അതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുട്ടിയെ തിരികെയെത്തിച്ച് ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശമനുസരിച്ച് മാതാപിതാക്കള്‍ക്ക് കൈമാറാനാണു സാധ്യത. കുട്ടി ആരോഗ്യവതിയാണെന്നും വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
by Midhun HP News | Aug 22, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 535 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PN 280026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PX 227891 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

by Midhun HP News | Aug 22, 2024 | Latest News, കേരളം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് മന്ത്രി എംബി രാജേഷ്. സര്‍ക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കുമോ?. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താത്പര്യമാണ്. കോണ്‍ക്ലേവില്‍ ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും എംബി രാജേഷ് ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാന സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം വ്യക്തമാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും എടുത്തിട്ടില്ലാത്ത ആര്‍ജമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കമ്മിറ്റിയുടെ അധ്യക്ഷ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജിയിയാണ്. നിയമം നന്നായിട്ട് അറിയുന്നയാളാണ്. സുപ്രീം കോടതിയുടെ തന്നെ വിധികളും നിരീക്ഷണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്, കമ്മറ്റിയുടെ മുന്നില്‍ വന്ന് പലരും കാര്യങ്ങള്‍ വിശദീകരിച്ചത് ഈ കമ്മിറ്റിയുടെ കോണ്‍ഫിഡാന്‍ഷ്യാലിറ്റിയുടെ ഉറപ്പിലാണെന്ന് ജസ്റ്റിസ് ഹേമതന്നെ പറഞ്ഞിട്ടുണ്ട്. അവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് വൈകിയത്.
സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടിനെ തമസ്‌കരിക്കാനും വളച്ചൊടിക്കാനുമാണ് ശ്രമം. ഇപ്പോള്‍ രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി അതാണ് കാണുന്നത്. സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ. പിന്നെ എങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒരുമിച്ചിരിക്കുന്നുവെന്ന വ്യാഖ്യാനം ഉണ്ടായതെന്ന് രാജേഷ് ചോദിച്ചു.
സിനിമാമേഖലയെ കുറിച്ച് സമഗ്രമായ നയം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മറ്റെല്ലാം തെറ്റായ വ്യാഖ്യാനങ്ങളണ്. നിയമപരമല്ലാത്ത ഒരു നടപടിയുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. സര്‍ക്കാരിന് ആരെയങ്കിലും രക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ വെക്കണമായിരുന്നോ? ഇന്ത്യയില്‍ മറ്റെല്ലാം ഇടത്തും മീട്ടുപോലുളള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റിയെ വച്ചിരുന്നോ? എന്നും രാജേഷ് ചോദിച്ചു.

by Midhun HP News | Aug 22, 2024 | Latest News, കേരളം
പാലക്കാട്: യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് വാഹനം ആക്രമിച്ച് നശിപ്പിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പുളിക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ് (40) പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം പട്ടാമ്പിയില്‍ നടന്ന പ്രകടനത്തിനു ശേഷം പൊലീസുകാരെ അസഭ്യം വിളിക്കുകയും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തടസ്സമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും യാത്രക്കാര്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും നൂറിലധികം ആളുകളെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
by Midhun HP News | Aug 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച മുതല്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക -ഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ചയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Recent Comments