ശനിയാഴ്ചയോടെ മഴ ശക്തമാകാന്‍ സാധ്യത, യെല്ലോ അലര്‍ട്ട്

ശനിയാഴ്ചയോടെ മഴ ശക്തമാകാന്‍ സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച മുതല്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക -ഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ചയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടിക്ക് ഡിജിപിയുടെ നിർദേശം

ഹേമ കമ്മിറ്റി റിപ്പോർട്ട്: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ പരാതിയിൽ നടപടിക്ക് ഡിജിപിയുടെ നിർദേശം

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി ഡിജിപി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി. 136ാം പേജിൽ മന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ആത്മ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മന്ത്രിക്കെതിരെ പരാമർശമുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അബിൻ വർക്കി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈംഗിക പീഡന പരാമർശങ്ങളിൽ ക്രിമിനൽ നടപടി ആരംഭിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

‘ഹേമ കമ്മിറ്റി റിപ്പോർട്ട്, ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കരുത്’; നടി ശ്രീയ രമേശ്

‘ഹേമ കമ്മിറ്റി റിപ്പോർട്ട്, ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കരുത്’; നടി ശ്രീയ രമേശ്

സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് നടി ശ്രീയ രമേശ്. ആയിരക്കണക്കിന് പേരാണ് സിനിമ ഇൻ്റസ്ട്രിയിൽ ജോലി ചെയ്യുന്നത്. അവർ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലർ പ്രശ്നക്കാരായിട്ട് ഉണ്ടെങ്കിൽ ആ പേരിൽ ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും നടി ഫേസ്ബുക്കിൽ കുറിക്കുന്നു.

മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി അത് എന്നും ഫേസ്ബുക്കിൽ കുറിക്കുന്നു. മൊത്തം ആളുകളെയും ചെളിവാരി എറിയുവാൻ കടുത്ത ലൈംഗിക ദാരിദ്ര്യവും അത് സൃഷ്ടിക്കുന്ന വൈകൃത മനസ്സുകൾക്ക് സംതൃപ്തിയേകുന്ന വാർത്തകൾക്ക് അവസരം നൽകരുതായിരുന്നു. സിനിമാ ഇൻ്റസ്ട്രിയിൽ വളരെ മാന്യമായി ജീവിയ്ക്കുന്നവർക്ക് നേരെ സൈബർ ഇടത്തിൽ അപഖ്യാതി പ്രചരിപ്പിക്കുന്ന വർക്ക് എതിരെ ശക്തമായ നടപടി എടുക്കുവാൻ അഭ്യർത്ഥിക്കുന്നുവെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി അത്. സത്യത്തിൽ ഇവർ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര കൺസേൺ ആയിരുന്നോ? ആണെങ്കിൽ അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാർ എന്ന് കണ്ടെത്തിയവരുടെ പേരുകൾ പുറത്ത് വിടണം. നടപടി എടുക്കണം.

അതല്ലാതെ കണ്ട ഞരമ്പ് രോഗികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃത കഥകളും പടച്ചുവിടുവാൻ അവസരം ഒരുക്കൽ അല്ലായിരുന്നു വേണ്ടത്.
അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേർ ഉള്ള ഒരു ഇൻ്റസ്ട്രിയെ മൊത്തത്തിൽ സമൂഹ മധ്യത്തിൽ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുവാൻ അവസരം ഉണ്ടാക്കുകയല്ല വേണ്ടത്.

ഇന്നിപ്പോൾ പരമാവധി വഷളത്തരവും അഭ്യൂഹങ്ങളും ചേർത്ത് കൊഴുപ്പിച്ച് വിളമ്പുവാനും അതുവഴി വ്യൂവേഴ്സിനെ കൂട്ടുവാനും കുറേ ഞരമ്പ് രോഗികൾ ഇറങ്ങിയിട്ടുണ്ട്. മാധ്യമങ്ങളിൽ വന്നിരുന്ന് അലറി വിളിക്കുന്നു വേറെ ഒരു കൂട്ടർ. ഈ അഭ്യൂഹം പരത്തുന്ന കൂട്ടർ തിരിച്ചറിയാതെ പോകുന്നത് ഈ മേഖലയിൽ മാന്യമായി തൊഴിൽ ചെയ്തു കുടുംബവുമായി ജീവിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തെ പറ്റിയാണ്. അവരുടെ പങ്കാളികൾക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ സമൂഹത്തിൽ ജീവിക്കേണ്ടതുണ്ട് എന്ന് കമ്മീഷനുൾപ്പെടെ ഉള്ളവർ ചിന്തിക്കണം.

ഡോക്ടര്‍മാര്‍ ജോലിക്ക് കയറണമെന്ന് സുപ്രീം കോടതി; ‘പ്രതികൂല നടപടി ഉണ്ടാകില്ല’

ഡോക്ടര്‍മാര്‍ ജോലിക്ക് കയറണമെന്ന് സുപ്രീം കോടതി; ‘പ്രതികൂല നടപടി ഉണ്ടാകില്ല’

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് ആദ്യം ജോലിയില്‍ തിരികെ പ്രവേശിക്കുക. ആരും ഒരു ഡോക്ടര്‍ക്കെതിരെയും പ്രതികൂല നടപടിയെടുക്കില്ല. ജോലിക്ക് കയറിയശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ കോടതിയെ സമീപിക്കു. അല്ലാത്തപക്ഷം പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.

ആര്‍ജി കര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്റ പറഞ്ഞു. ആശുപത്രി അധികൃതറില്‍നിന്നാണ് ഭീഷണി നേരിടുന്നതെന്നും അഭിഭാഷക വ്യക്തമാക്കി. സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാക്കി. ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

കളിപ്പാട്ടമാണെന്ന് കരുതി കൈയില്‍ എടുത്തു; പിഞ്ചുകുഞ്ഞ് പാമ്പിനെ കടിച്ചുകൊന്നു

കളിപ്പാട്ടമാണെന്ന് കരുതി കൈയില്‍ എടുത്തു; പിഞ്ചുകുഞ്ഞ് പാമ്പിനെ കടിച്ചുകൊന്നു

പട്‌ന: ബിഹാറില്‍ ഒരു വയസുള്ള കുട്ടി പാമ്പിനെ കടിച്ചു കൊന്നു. ഗയയില്‍ നിന്നാണ് അമ്പരപ്പിക്കുന്ന സംഭവം പുറത്തുവന്നത്. വീടിന്റെ ടെറസില്‍ ഇരുന്ന് പിഞ്ചുകുഞ്ഞ് കളിക്കുന്നതിനിടെയാണ് സംഭവം. കളിപ്പാട്ടമാണെന്ന് കരുതി കുട്ടി പാമ്പിനെ എടുത്ത് കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടതില്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയാണ് കുടുംബം. കുട്ടി അപകടത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഒരു കളിപ്പാട്ടമായാണ് കുട്ടി കണ്ടത് എന്ന് അമ്മ പറയുന്നു. കുട്ടിക്ക് സമീപം ചത്ത പാമ്പിനെ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.

കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശാരീരികമായി യാതൊരു പരിക്കുമില്ലെന്ന് സ്ഥിരീകരിച്ചു. വിഷമില്ലാത്ത പാമ്പിനെ എടുത്താണ് കുട്ടി കളിച്ചത്. കുട്ടിക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്.

വ്യാജരേഖകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്: 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ

വ്യാജരേഖകൾ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്: 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ

കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ വളപ്പില കമ്യൂണിക്കേഷൻസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ അറസ്റ്റിൽ. തൃശൂർ ആമ്പല്ലൂർ വട്ടണാത്ര സ്വദേശി വിഷ്ണുപ്രസാദ് ടി.യു (30 വയസ്സ്) ആണ് അറസ്റ്റിലായത്. 2022 നവംബർ 1 മുതൽ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറായി ജോലിചെയ്തുവരുന്നതിനിടെയണ് സ്വന്തം സാമ്പത്തിക ലാഭത്തിനായി ഓൺലൈൻ ബാങ്കിങ്ങിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിൻ്റെ ജിഎസ്ടി, ആ​ദായ നികുതി, പിഇ, ഇഎസ്ഐ, ടിഡിഎസ് എന്നിവ അടച്ചതിൻ്റെ വ്യാജരേഖകൾ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തയിരുന്നത്. സ്ഥാപനത്തിൻ്റെ ഓഡിറ്റിംഗിന് വിഭാഗമാണ് പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിത്. തുടർന്ന് തൃശൂർ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നൽകുകി. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും, ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റി.