വയനാടിനായി 5.25 കോടി രൂപ നൽകി കേരള ബാങ്ക് ജീവനക്കാർ

വയനാടിനായി 5.25 കോടി രൂപ നൽകി കേരള ബാങ്ക് ജീവനക്കാർ

വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്കിലെ ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനമെടുക്കുകയും ജീവനക്കാരുടെ സംഘടനകൾ ഈ തീരുമാനത്തെ പിന്തുണയും ചെയ്തതിനെ തുടർന്നാണ് ചെക്ക് കൈമാറിയത്. കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലായ് 30ന് തന്നെ നൽകിയിരുന്നു. ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.

സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ (KBEF) പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, KBEF ജനറൽ സെക്രട്ടറി കെ.ടി. അനിൽകുമാർ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം. സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കോടതിയ്ക്ക് അറിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ഇത്തരത്തിൽ ഒരു പഠന റിപ്പോ‍ർട്ട് കിട്ടിയിട്ട് അതിൽ ഏത് വിധത്തിൽ തുടർ നടപടി എടുക്കാൻ കഴിയുമെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ സർക്കാരിന് നേരിട്ട് കേസ് എടുക്കാൻ വകുപ്പുണ്ടോയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. പോക്സോ വകുപ്പുകളിലാണുളളതെന്ന് സർക്കാർ മറുപടി നൽകി. കമ്മിറ്റി റിപ്പോർ‍ട്ട് വെച്ച് സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോ‍ർട്ട് നൽകാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

‘കുട്ടിയെ തിരിച്ചു കിട്ടിയതില്‍ സന്തോഷം, ഫോട്ടോ വെറുതെ എടുത്തുവെച്ചത്’

‘കുട്ടിയെ തിരിച്ചു കിട്ടിയതില്‍ സന്തോഷം, ഫോട്ടോ വെറുതെ എടുത്തുവെച്ചത്’

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടിയെ തിരിച്ചു കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ട്രെയിനില്‍ നിന്ന് കുട്ടിയുടെ ചിത്രം പകര്‍ത്തിയ ബബിത. കുട്ടി സങ്കടത്തിലായിരുന്നു, മുഖത്ത് വിഷമം പോലെ തോന്നിയത് കൊണ്ടാണ് ചിത്രമെടുത്തത്. അങ്ങനെ തോന്നി വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു. കുട്ടി ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ലെന്നും ബബിത മാധ്യമങ്ങളോട് പറഞ്ഞു.

ട്രെയിനില്‍ കയറുമ്പോള്‍ കുട്ടി അവിടെ ഉണ്ടായിരുന്നു. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ലായെന്നും ഫോട്ടോ എടുത്തപ്പോള്‍ ദേഷ്യം തോന്നിയിരുന്നുവെന്നും ബബിത പറഞ്ഞു. ഒറ്റയ്ക്കാണെന്ന് വിചാരിച്ചിട്ടില്ല. വേറെ കംപാര്‍ട്ട്‌മെന്റിലെ ഉള്ളവരോട് പിണങ്ങി വന്നിരിക്കുകയാണെന്ന് കരുതിയിരുന്നതെന്ന് ബബിത പറഞ്ഞു. കൈയില്‍ പൈസ മുറുകെ പിടിച്ചിരുന്നു. ഇത് കണ്ടപ്പോള്‍ പന്തികേട് തോന്നിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി കാര്യം സംസാരിച്ചിരുന്നു.

കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു. അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നു. പിന്നീട് രാത്രി മൂന്നുമണിയ്ക്ക് എണീറ്റപ്പോഴാണ് വാര്‍ത്ത കണ്ടത്. അപ്പോഴാണ് കുട്ടിയുടെ ഫോട്ടോ പൊലീസിന് അയച്ചു കൊടുത്തത്. എല്ലാം പെട്ടെന്നായിരുന്നു. ഫോട്ടോ അയച്ചു കൊടുത്ത ഉടനെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു പൊലീസ്. ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞതായും ബബിത പ്രതികരിച്ചു.

ബബിതയ്‌ക്കൊപ്പം നവ്യയും ജനീഷയും എന്ന സുഹൃത്തുക്കളും ഉണ്ടായിരുന്നു. ബബിത നെയ്യാറ്റിന്‍കരയില്‍ ഇറങ്ങി. പാറശാല വരെ കുട്ടിയെ നവ്യ നിരീക്ഷിച്ചിരുന്നെന്ന് നവ്യ പറഞ്ഞു. ബെംഗളൂരു കന്യാകുമാരി ട്രെയിനില്‍ വെച്ചാണ് കുട്ടിയെ ഇവര്‍ കണ്ടിരുന്നത്. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം പകര്‍ത്തിയത്.

ജനസംഖ്യ സെന്‍സസ് അടുത്ത മാസത്തോടെ തുടങ്ങും; റിപ്പോര്‍ട്ട്

ജനസംഖ്യ സെന്‍സസ് അടുത്ത മാസത്തോടെ തുടങ്ങും; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച സെന്‍സസ് നടപടി സെപ്റ്റംബര്‍ മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 മാര്‍ച്ചോടെ സെന്‍സസ് പ്രസിദ്ധികരിക്കാനാകുമെന്നണ് സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

സെന്‍സസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റ്റേഷന്‍ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചാല്‍ സമയക്രമം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സെന്‍സസ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2021-ല്‍ പൂര്‍ത്തിയാക്കേണ്ട സെന്‍സസ് കണക്കുകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും കണക്കാക്കുന്നത് 2011 -ലെ ഡാറ്റ ആണ്. അതിനാല്‍തന്നെ സര്‍ക്കാര്‍ പുറത്തിറക്കുന്ന പല കണക്കുകള്‍ക്കും വിശ്വാസ്യത ഇല്ലെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാര്‍ച്ചില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021-ല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 53,500 രൂപയില്‍ താഴെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 53,500 രൂപയില്‍ താഴെ

കൊച്ചി: ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങി. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.
4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് താഴ്ന്നത്.

ജസ്ന തിരോധാനം: മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ

ജസ്ന തിരോധാനം: മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ

കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെ കണ്ടെന്ന് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിബിഐ സംഘം മൊഴിയെടുത്തത്. രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പ്രതികരിച്ചത്.

എന്നാല്‍ മൊഴിയില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് സിബിഐ വിധേയനാക്കും. ജസ്‌നയെ കണ്ട കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.