by Midhun HP News | Aug 21, 2024 | Latest News, കേരളം
കൊച്ചി: ശബരിമലയിലെ പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചയ്‌ത്തേക്കാണ് സ്‌റ്റേ. കൂടിയാലോചനകളില്ലാതെ തീരുമാനമെടുക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ഉന്നതാധികാര സമിതി, പൊലീസ്, സ്‌പെഷല്‍ കമ്മിഷണര്‍ എന്നിവരെ തീരുമാനം അറിയിക്കണമെന്ന് ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. പുതിയ ഭസ്മക്കുളം നിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ശബരിമലയില്‍ പുതിയ ഭസ്മക്കുളത്തിനു കല്ലിട്ടത്. തന്ത്രി കണ്ഠരര് രാജീവര്,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കല്ലിട്ടത്.
മകരജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം കൊപ്രാക്കളത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍ ഐസിഎല്‍ ഫിന്‍ കോര്‍പ്പ് സിഎംഡി കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കല്ലിട്ടു. പഞ്ചലോഹഗണപതി വിഗ്രഹം ശബരിമല എന്‍ട്രി പോയിന്റിലേക്കു മാറ്റി സ്ഥാപിക്കുന്നതിന്റെയും ശിലസ്ഥാപന കര്‍മം നടന്നു.

by Midhun HP News | Aug 21, 2024 | Latest News, കേരളം
തിരുവനന്തപുരം: സഹോദരി തന്നെ വിളിച്ചിട്ടില്ലെന്ന് കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരി തസ്മിത്ത് തംസത്തിന്റെ സഹോദരന്‍ വാഹിദ് ഹുസൈന്‍ അറിയിച്ചു. താന്‍ ചെന്നൈയിലല്ല, ബംഗലൂരുവിലാണ്. താന്‍ എവിടെയാണ് ഉള്ളതെന്ന് സഹോദരിക്ക് അറിയില്ല. തന്നെ വിളിച്ചിട്ടില്ല. തന്റെ അടുത്ത് സഹോദരി വന്നിട്ടില്ലെന്നും വാഹിദ് ഹുസൈന്‍ പറഞ്ഞു. അനുജത്തിയെ കാണാതായ വിവരം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നു എന്നും വാഹിദ് വ്യക്തമാക്കി. ബംഗലൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനാണ് വാഹിദ്.
പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. പുലര്‍ച്ചെ 5.30 ഓടെ ബീച്ച് റോഡിന് സമീപത്തു വെച്ച് പെണ്‍കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആ പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട് പൊലീസും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്.
കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് വന്ന സമയം മുതലുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വൈകീട്ട് 3.30 മുതല്‍ 4 മണിവരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പെണ്‍കുട്ടി എത്തിയതായി കണ്ടെത്തിയിട്ടില്ല. പാറശാല വരെ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നതായാണ് ട്രെയിനില്‍ കുട്ടിയുടെ ചിത്രമെടുത്ത് പൊലീസിനെ അറിയിച്ച യാത്രക്കാരി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്‌റ്റേഷനുകളിലും അന്വേഷണം നടത്തുന്നുണ്ട്.
കുട്ടി ചെന്നൈയിലേക്ക് പോയിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചു. കുട്ടി തിരികെ തിരുവനന്തപുരത്തേക്ക് പോന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്ന് തമ്പാനൂരില്‍ അടക്കം വിശദമായ പരിശോധനകളും നടത്തുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തമ്പാനൂരില്‍ നിന്നാണ് ബാംഗ്ലൂര്‍ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായ് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ രാവിലെ 10 മണിക്കാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇളയസഹോദരിയുമായി വഴക്കുകൂടിയതിന് 13കാരിയെ അമ്മ ശകാരിച്ചിരുന്നു. ഇതാണ് പിണങ്ങിപ്പോകാന്‍ കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ചുവപ്പ് പാവാടയും മഞ്ഞ ടോപ്പുമാണ് വേഷം. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Aug 21, 2024 | Latest News, കേരളം
തിരുവനന്തപുരം: പതിമൂന്ന് ഇനങ്ങളുള്ള ഓണക്കിറ്റ് സംസ്ഥാനത്തെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബര്‍ 6 മുതല്‍ ആരംഭിക്കും. ജൈവ പച്ചക്കറിയും, ഓണം ഫെയറുകളും ഒരുക്കും. മാവേലി സ്റ്റോറില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Aug 21, 2024 | Latest News, കേരളം
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി പെൻഷനർ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി പെൻഷൻ മുടങ്ങിയതിൽ അച്ഛൻ മനോവിഷമത്തിലായിരുന്നുവെന്ന് മകൻ പറഞ്ഞു. പെൻഷൻ മുടങ്ങിയതിലെ പ്രശ്നങ്ങൾ വീട്ടിൽ പറഞ്ഞിരുന്നതായി മകൻ സുജിത്ത് പറഞ്ഞു.
പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്. പെൻഷൻ മുടങ്ങിയത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് പൊലീസ് എഫ്ഐആർ. ഓണത്തിന് മുൻപ് ജീവനക്കാർക്ക് പെൻഷൻ വിതരണം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പെൻഷൻ വിതരണം നടത്തിയില്ലെങ്കിൽ ചീഫ് സെക്രട്ടറി അടക്കം ഉള്ളവരെ വിളിച്ചുവരുത്തും എന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ വിരമിച്ച ജീവനക്കാർക്ക് രണ്ടു മാസമായി പെൻഷൻ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

by Midhun HP News | Aug 21, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് 53,360 രൂപ ഭേദിച്ചും മുന്നേറിയത്. നിലവില്‍ 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ 2500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപയാണ് വര്‍ധിച്ചത്.
by Midhun HP News | Aug 21, 2024 | Latest News, കേരളം
തിരുവനന്തപുരം: വയനാട് ഉരുൾ പൊട്ടലിൽ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരനധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യാൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നൽകുക. ദുരന്ത ബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളിൽ ഉണ്ടായിരുന്നത്. നിലവിൽ 219 കുടുംബങ്ങൾ ക്യാംപുകളിൽ കഴിയുന്നു. മറ്റുള്ളവർ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവർക്ക് സർക്കാർ അനുവദിച്ച വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാം.
സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. അതിൽ 123 എണ്ണം ഇപ്പോൾ തന്നെ മാറിത്താമസിക്കാൻ യോഗ്യമാണ്. 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു നൽകിയിട്ടുണ്ട്. 22 കുടുംബങ്ങൾ അങ്ങനെ താമസം തുടങ്ങി. മാറിത്താമസിക്കാൻ ബാക്കിയുള്ളവർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾ കണ്ടെത്തി നൽകുന്നതിൽ കാര്യമായ തടസ്സം ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരാൾ പോലും അവശേഷിക്കാതെ…
ദുരന്തത്തിൽ 179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളിൽ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ നെക്സ്റ്റ് ഓഫ് കിൻ-നെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഡി എൻ എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ് ഡി ആർ എഫിൽ നിന്നും 4 ലക്ഷവും സി എം ഡി ആർ എഫിൽ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു.
691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് കൈമാറി. 119 പേരെയാണ് ഇനി കണ്ടെത്താൻ അവശേഷിക്കുന്നത്. കണ്ടെത്തെത്താൻ അവശേഷിക്കുന്നവരുടെ ബന്ധുക്കളിൽ നിന്നും 91 പേരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. കാർഷികവും കാർഷികേതര ആവശ്യങ്ങൾക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചർ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കൺസംഷൻ ലോണുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഈ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയിൽ ഉള്ള എല്ലാ റിക്കവറി നടപടികളും തൽക്കാലം നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്തമേഖലയിൽ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാൻഡേറ്റുകൾ അവർക്ക് സാമ്പത്തികമായ സമ്മർദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ റിവ്യൂ ചെയ്യുന്നതിനും തീരുമാനമെടുത്തു.
ഓണം വാരാഘോഷ പരിപാടി ഒഴിവാക്കി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷ പരിപാടി ഒഴിവാക്കിയിട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിൻറേയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മൾ എപ്പോഴത്തേക്കാളും ഒരുമിച്ചു നിൽക്കേണ്ട ഈ ഘട്ടത്തിൽ അതിനുള്ള ഊർജ്ജവും പ്രചോദനവും നൽകാൻ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉൾക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദർഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recent Comments