ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സ്പേസ് ഓഡിറ്റിന് നിര്‍ദേശം നല്‍കി മന്ത്രി

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സ്പേസ് ഓഡിറ്റിന് നിര്‍ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പേസ് ഓഡിറ്റ് നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തില്‍ പ്രിന്‍സിപ്പല്‍മാരും സംസ്ഥാന തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

എല്ലാ മെഡിക്കല്‍ കോളജുകളിലും സെക്യൂരിറ്റി, ഫയര്‍ സേഫ്റ്റി, ഇലട്രിക്കല്‍, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ രണ്ട് പേരേയും വാര്‍ഡുകളില്‍ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ രോഗികളോട് കൃത്യമായി വിവരങ്ങള്‍ വിശദീകരിച്ച് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എല്ലാ മെഡിക്കല്‍ കോളജുകളും കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കണം. കലക്ടര്‍ അധ്യക്ഷനായ കോഡ് ഗ്രേ സമിതിയില്‍ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ആര്‍.എം.ഒ, പി.ജി, ഹൗസ് സര്‍ജന്‍ പ്രതിനിധികള്‍ എന്നിവരുണ്ടാകും. സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കണം. പബ്ലിക് അഡ്രസ് സിസ്റ്റം, വാക്കി ടോക്കി, അലാറം എന്നിവ നിര്‍ബന്ധമായും സ്ഥാപിക്കണം. പ്രധാനയിടങ്ങളില്‍ സിസിടിവി ഉറപ്പാക്കണം. പല മെഡിക്കല്‍ കോളജുകളും സേഫ്റ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. രാത്രി കാലങ്ങളില്‍ പൊലീസ് പട്രോളിങ് വ്യാപിപ്പിക്കും. ആശുപത്രിക്കുള്ളില്‍ അനധികൃത കച്ചവടം അനുവദിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

രാത്രി കാലങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വനിത ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. രാത്രിയില്‍ സെക്യൂരിറ്റി നിരീക്ഷണം ശക്തമാക്കണം. രോഗികളോ കൂട്ടിരുപ്പുകാരോ ജീവനക്കാരോ അല്ലാതെ പുറത്ത് നിന്നുള്ള പാസില്ലാത്ത ഒരാളും രാത്രികാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ തങ്ങാന്‍ പാടില്ല. അനധികൃതമായി കാമ്പസിനുള്ളില്‍ തങ്ങുന്നവര്‍ക്കെതിരെ പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കേണ്ടതാണ്.

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കാനായി ജീവനക്കാര്‍ക്ക് ഏകീകൃത നമ്പര്‍ നല്‍കണം. ഫോണ്‍ വഴി അലാറം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന സംവിധാനം സജ്ജമാക്കണം. തെരുവു നായകളുടെ ആക്രമണങ്ങളില്‍ നിന്നും ജീവനക്കാര്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പദ്ധതി തയാറാക്കി നടപ്പിലാക്കണം. ആബുലന്‍സുകളുടെ അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല. പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ഉന്നയിച്ച വിഷയങ്ങളില്‍ മെഡിക്കല്‍ കോളജ് തലത്തില്‍ പരിഹാരം കാണാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, പി.ജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്‍മാരുടേയും പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തീവ്ര മഴ കണക്കിലെടുത്ത് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘മൊഴികള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തെളിവ്’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

‘മൊഴികള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തെളിവ്’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

തിരുവനന്തപുരം: കമ്മിഷനു മുന്നില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഐപിസി 354 വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ പുറത്തുവിടാത്ത ഭാഗത്താണ് ഈ ശുപാര്‍ശയുള്ളത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 63 പേജുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചിരുന്നു. സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് പറഞ്ഞാണ് ഇതു മാറ്റിവെച്ചത്. ലഭിച്ച മൊഴികളുടെയെല്ലാം അടിസ്ഥാനത്തില്‍ അവസാനഘട്ടത്തിലാണ് കേസ് എടുക്കുന്നത് സംബന്ധിച്ച ചില നിര്‍ദേശങ്ങളും അടങ്ങിയിട്ടുള്ളത്. കേസെടുക്കാവുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ സൂചിപ്പിക്കുന്നത്.

സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന വിധത്തില്‍ പെരുമാറിയാല്‍ ഐപിസി 354 പ്രകാരം അഞ്ചു വര്‍ഷം വരെ ശിക്ഷ കിട്ടാം. സിനിമയിലെ ‘പവര്‍ മാഫിയ’യുമായി എന്തെങ്കിലും തരം അഭിപ്രായ ഭിന്നതയോ വിദ്വേഷമോ ഉണ്ടായാൽ, അവര്‍ക്കെതിരെ ഫാന്‍സിന്റെ സൈബര്‍ ആക്രമണം പതിവാണ്. മോശം ചിത്രങ്ങളും ദൃശ്യങ്ങളുമിട്ട് അവരെ പൊതുസമൂഹത്തിന് മുന്നില്‍ നാണം കെടുത്തുന്നത് പതിവാണ്. ഇതില്‍ നടനും ഫാന്‍സും കുറ്റക്കാരാണ്. ഇതില്‍ കേസ് എടുക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

‘മുളകുപൊടി എറിഞ്ഞ് 18 ലക്ഷം കവര്‍ന്നെന്ന് യുവതി’; കള്ളക്കഥ പൊളിച്ച് പൊലീസ്

‘മുളകുപൊടി എറിഞ്ഞ് 18 ലക്ഷം കവര്‍ന്നെന്ന് യുവതി’; കള്ളക്കഥ പൊളിച്ച് പൊലീസ്

തൊടുപുഴ: വീട്ടില്‍ കയറി കണ്ണില്‍ മുളകുപൊടി വിതറി യുവാക്കള്‍ 18 ലക്ഷം രൂപ തട്ടിയെന്ന യുവതിയുടെ പരാതി പൊലീസ് അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തി. ഓണച്ചിട്ടിയില്‍ നിക്ഷേപിച്ച പണം ആളുകള്‍ക്ക് തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഇടുക്കി നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിനി കള്ളക്കഥ മെനഞ്ഞത്.

ഉടുമ്പന്‍ചോല കോമ്പയാറില്‍ ഇന്നലെ വൈകീട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങള്‍ തട്ടിയെന്നാണു യുവതി ആരോപിച്ചത്. രണ്ടംഗ സംഘമാണ് എത്തിയത്. അവര്‍ മുഖംമൂടി ധരിച്ചിരുന്നു. മുളകുപൊടി വിതറിയശേഷം അലമാരയില്‍ നിന്നു പണം എടുത്തുകൊണ്ടു പോയി എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

നെടുങ്കണ്ടം എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ യുവതി നല്‍കിയത് വ്യാജ പരാതിയാണെന്ന് തെളിയുകയായിരുന്നു.

മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ വരുമെന്നും കൂടുതല്‍ പ്രശ്‌നമാകുമെന്നു മനസ്സിലാക്കിയ യുവതി മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

കാരവന്‍ ഡ്രൈവറും വില്ലന്‍; ദുരനുഭവം തുറന്നുപറഞ്ഞ് നടിമാര്‍

കാരവന്‍ ഡ്രൈവറും വില്ലന്‍; ദുരനുഭവം തുറന്നുപറഞ്ഞ് നടിമാര്‍

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകളാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയത്. ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സിനിമാമേഖലയില്‍ നടിമാരും ജൂനിയര്‍ ആര്‍ടിസ്റ്റുമാരും നേരിട്ട ദുരനുഭവങ്ങളാണ് വിവരിക്കുന്നത്. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മികച്ച താമസസൗകര്യം നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് എത്തിയ ഒരു നടി ഭയം മൂലം കെട്ടിടത്തിന്റെ വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങിയ ദുരനുഭവവും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്.

‘മികച്ച താമസസൗകര്യം നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും അപരിചിതര്‍ തിങ്ങിപ്പാര്‍ക്കുന്ന വീട്ടിലാണു താമസം നല്‍കിയത്. പരാതിപ്പെട്ടപ്പോള്‍ ലോഡ്ജിലേക്കു മാറ്റാമെന്നു പറഞ്ഞെങ്കിലും അവിടം തീരെ സുരക്ഷിതമല്ലായിരുന്നു. ഒടുവില്‍ പഴയ വീട്ടില്‍ തന്നെ തുടരേണ്ടിവന്നു. ഭയം മൂലം അകത്തു കിടക്കാതെ ഒരു ദിവസം വരാന്തയിലെ സോഫയിലാണു കിടന്നുറങ്ങിയത്.’- ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നടി നല്‍കിയ മൊഴിയില്‍ വിവരിക്കുന്നു.

ലൊക്കേഷനുകളില്‍ എത്തുന്ന ക്രിമിനലുകളെക്കുറിച്ചാണ് മറ്റൊരു നടി വെളിപ്പെടുത്തിയത്. താമസിക്കാന്‍ കിട്ടിയതു മോശം ഹോട്ടലാണ്. സിസിടിവി ഉള്‍പ്പെടെ സുരക്ഷിതമായ ഒരു സംവിധാനവുമുണ്ടായിരുന്നില്ല. ഇരുട്ടു നിറഞ്ഞ ഇടനാഴികള്‍. പുലര്‍ച്ചെ എന്തോ ശബ്ദം കേട്ടു കണ്ണു തുറന്നപ്പോള്‍ കട്ടിലിനു ചുവട്ടില്‍ ഒരാള്‍ കിടക്കുന്നതാണ് കണ്ടത്. അലറിക്കരഞ്ഞു വാതില്‍ തുറന്നു പുറത്തേക്കോടി.

സഹപ്രവര്‍ത്തകയുടെ മുറിയില്‍ അഭയം തേടി. പൊലീസില്‍ പരാതി കൊടുത്തെങ്കിലും കാര്യമുണ്ടായില്ല. പരാതി നല്‍കിയാല്‍ സിനിമയെ ബാധിക്കുമെന്ന് നിര്‍മാതാവ് പറഞ്ഞു. മുറിയില്‍ കയറിയതു കാരവന്‍ ഡ്രൈവറായിരുന്നെന്നു പിന്നീടു മനസ്സിലായി. ക്രിമിനല്‍ പശ്ചാത്തലം നോക്കാതെ ആളുകളെ സിനിമയുടെ ഭാഗമാക്കുന്നതാണ് ഇത്തരം അനുഭവങ്ങള്‍ക്കു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസ്‌ന തിരോധാന കേസ്; സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത്

ജസ്‌ന തിരോധാന കേസ്; സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത്

കൊച്ചി: ജസ്‌ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. 2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്ന് ഇവിടുത്തെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിബിഐ സംഘം മൊഴിയെടുക്കുന്നത്. ലോഡ്ജില്‍ കണ്ടത് ജസ്‌നയാണോ എന്നതില്‍ വ്യക്തമായ തെളിവ് ശേഖരിക്കുകയെന്നതാണ് സിബിഐ സംഘത്തിന്റെ ലക്ഷ്യം.

കാണാതാകുന്നതിന് മുമ്പ്, ജസ്‌നയെ ആണ്‍ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയില്‍ കണ്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിന്റെ വൈരാഗ്യമാണ് പുതിയ വെളിപ്പെടുത്തലെന്ന് ലോഡ്ജുടമ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവേളയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജുടമ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് ലോഡ്ജുടമ പ്രതികരിച്ചത്. കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുകയാണെന്നും വഴിതെറ്റിക്കാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തല്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും ജസ്നയുടെ പിതാവ് ജയിംസും പ്രതികരിച്ചിരുന്നു.