by Midhun HP News | Aug 20, 2024 | Latest News, കേരളം
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. വിവിധ തസ്തികകളിലായി 1037 ഒഴിവുകളാണുള്ളത്. എംപി രാജ്യ സഹകാരി ബാങ്ക്, ഭോപാൽ കേഡർ ഓഫീസർ 95, ബാങ്കിങ് അസിസ്റ്റന്റ് 79- ഇരു തസ്‌തികകളിലും ഓൺലൈൻ അപേക്ഷ സെപ്‌തംബർ അഞ്ചുവരെ.
കുറഞ്ഞ പ്രായപരിധി (05- –-09 -2024 പ്രകാരം):
18 വയസ്. അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്
1200 രൂപയും ജിഎസ്‌ടിയും. എസ്‌സി/എസ്‌ടി/പിഡബ്ല്യബിഡി
900രൂപയും ജീഎസ്‌ടിയും. ഒഴിവ് വിവരങ്ങൾ കേഡർ ഓഫീസർ: അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ജനറൽ മാനേജർ) 15 (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ എംബിഎ/ പിജി), മാനേജർ (അക്കൗണ്ട്‌സ്) 34 (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ ബികോം/എംകോം/എംബിഎ ഫിനാൻസ്, മാനേജർ (അഡ്മിനിസ്‌ട്രേഷൻ) 34, നോഡൽ ഓഫീസർ12
ഇരുതസ്തികൾക്കും യോഗ്യത: ബിരുദം/ പിജി/ബന്ധപ്പെട്ട ട്രേഡിൽ എംബിഎ. www.ibpsonline.ibps.in/mprsbmar24/ വഴി അപേക്ഷിക്കാം.
ബാങ്കിങ് അസിസ്റ്റന്റ്: യോഗ്യത: ഡിപ്ലോമ,ബിരുദം,പിജി(സിഎസ്/ഐടി). www.ibpsonline.ibps.in/mprs79jun24/വഴി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.apexbank.in ഇന്ത്യൻ ബാങ്ക് തസ്‌തിക: 300 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുള്ള സംസ്ഥാനങ്ങൾ: തമിഴ്നാട്/പുതുച്ചേരി – 160, കർണാടക – 35, ആന്ധ്രപ്രദേശ് & തെലങ്കാന- 50,മഹാരാഷ്ട്ര – 40,
ഗുജറാത്ത്– 15. യോഗ്യത: ബിരുദം. പ്രായപരിധി (01- 07- 2024 പ്രകാരം)
20– 30 വയസ്. (നിയമാനുസൃത ഇളവ്). ഓൺലൈൻഅപേക്ഷ സെപ്‌തംബർ 2വരെ. അപേക്ഷാ ഫീസ് : 1000 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി: 175 രൂപ. തെരഞ്ഞെടുക്കൽ നടപടിക്രമം: എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ, അഭിമുഖം കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
www.ibpsonline.ibps.in/iblbojul24/ വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.indianbank.in. ജില്ലാ സെൻട്രൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സത്താറ ആകെ ഒഴിവ്: 363 (ജൂനിയർ ക്ലർക്ക് 263, ജൂനിയർ പ്യൂൺ 60) യോഗ്യത: ക്ലർക്ക് ബിരുദം/ബിരുദാനന്തര ബിരുദം, പ്യൂൺ –- പത്താംക്ലാസ് പ്രായപരിധി: ക്ലർക്ക് : 21 –- 38 വയസ്,
പ്യൂൺ 18 –- 38 വയസ്. ഓൺലൈൻ അപേക്ഷ ആഗസ്‌ത് 21ന് വൈകിട്ട് 5 വരെ. അപേക്ഷാ ഫീസ്: 590 രൂപ + ജിഎസ്‌ടി. തെരഞ്ഞെടുക്കൽ നടപടിക്രമം: ഇംഗ്ലീഷ് മാധ്യമമായി ഓൺലൈൻ
പരീക്ഷ, പ്രമാണ പരിശോധന,
അഭിമുഖം. വെബ്‌സൈറ്റ്: www.sataradccb.com.
by Midhun HP News | Aug 20, 2024 | Latest News, കേരളം
തിരുവനന്തപുരം: കീം 2024ന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഇതിനായുള്ള ജോയിനിങ് ഷെഡ്യൂള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 21 മുതല്‍ 27 വരെയാണിത്. ആര്‍ക്കിടെക്ചറിന് 21 മുതല്‍ 24 വരെയും ബിഫാമിന് 21 മുതല്‍ 27 വരെയും പ്രവേശനം നേടണം. എന്‍ജിനിയറിങ് കോഴ്‌സുകളില്‍ 21,22,23,24,27 തീയതികളില്‍ പ്രവേശനം നേടണം. വിവരങ്ങള്‍ക്ക് www. cee.kerala.gov.in, ഹെല്‍പ് ലൈന്‍: 0471 2525300.
by Midhun HP News | Aug 20, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

by Midhun HP News | Aug 20, 2024 | Latest News, കേരളം
രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 6660 രൂപ.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.
4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ 2500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്.
by Midhun HP News | Aug 19, 2024 | Latest News, കേരളം
തിരുവനന്തപുരം: മലയാള സിനിമാമേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീവിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാരംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമർശനം. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാമേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിൽ സംവിധായകൻ ശകാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.
ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതാക്കളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമർശനം. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49 ആം പേജിലെ 96 ആം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
by Midhun HP News | Aug 19, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച നാല് ജില്ലകളില്‍ തീവ്രമഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച ആലുപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Recent Comments