മാപ്പ് ചോദിച്ച് കേരള ഗ്രാമീണ്‍ ബാങ്ക്; ബുധനാഴ്ചയ്ക്കകം പണം തിരികെ നല്‍കും

മാപ്പ് ചോദിച്ച് കേരള ഗ്രാമീണ്‍ ബാങ്ക്; ബുധനാഴ്ചയ്ക്കകം പണം തിരികെ നല്‍കും

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതരില്‍ നിന്ന് വായ്പാത്തുക പിടിച്ച നടപടിയില്‍ ക്ഷമാപണം നടത്തി കേരള ഗ്രാമീണ്‍ ബാങ്ക്. തുടര്‍ന്ന് ബാങ്കിന് മുന്നില്‍ നടത്തിയ പ്രതിഷേധം യുവജനസംഘടനകള്‍ താത്കാലികമായി അവസാനിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ബാങ്ക് നടപടി തിരുത്തിയത്. ഇഎംഐ തുക പിടിച്ച 3 പേര്‍ക്ക് പണം തിരികെ നല്‍കിയെന്ന് കേരളാ ഗ്രാമീണ്‍ ബാങ്ക് അറിയിച്ചു.മറ്റുള്ളവരെ പണം ബുധനാഴ്ചയ്ക്കകം നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യുവജനസംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കു സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍നിന്നു വായ്പത്തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടിയാണ് വിവാദത്തിലായത്. ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍നിന്നു വായ്പ എടുത്തവരില്‍നിന്നാണു പ്രതിമാസ തിരിച്ചടവ് ഈടാക്കിയത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന 10 പേര്‍ ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തയിരുന്നു. ബാങ്കിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തി.

ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിന്ന് കൈത്താങ്ങാകണമെന്ന് മുഖ്യമന്ത്രി ബാങ്കുകളോട് അഭ്യര്‍ഥിച്ചു. പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും, ദുരന്ത സമയത്ത് യാന്ത്രികമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള സഹകരണബാങ്കിന്റെ മാതൃകാപരമായ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണം. ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസധനത്തില്‍നിന്ന് ചൂരല്‍മലയിലെ ഗ്രാമീണ്‍ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്. പ്രദേശത്തെ ജനങ്ങളുടെ വായ്പയാകെ എഴുതിത്തള്ളുക എന്നതാണ് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയ്ക്ക് 2.30 ന് പുറത്തു വിടും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയ്ക്ക് 2.30 ന് പുറത്തു വിടും

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു തന്നെ പുറത്തു വിടും. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട അപേക്ഷകരെ ഇക്കാര്യം അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. 165 മുതൽ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ൽ രൂപീകരിച്ച ഹേമ കമ്മിറ്റി 2019 ലാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സമർപ്പിച്ച അപ്പീല്‍ തള്ളിയ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ നിയമനടപടി തുടരുമെന്ന് നടി രഞ്ജിനി അറിയിച്ചു. ഹര്‍ജിക്കാരിക്ക് സിംഗില്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിനി സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കും. ഹർജി സമർപ്പിച്ചാൽ വൈകീട്ട് മൂന്നു മണിക്ക് സിംഗില്‍ ബെഞ്ച് പരിഗണിച്ചേക്കും.

മുതലപ്പൊഴിയിൽ അഞ്ചുമാസത്തിനിടെ 24 അപകടങ്ങളിലായി നാല് മരണങ്ങൾ

മുതലപ്പൊഴിയിൽ അഞ്ചുമാസത്തിനിടെ 24 അപകടങ്ങളിലായി നാല് മരണങ്ങൾ

അഞ്ചുതെങ്ങ്: അശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞുള്ള അപകടങ്ങളിൽപ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ അഞ്ചു മാസത്തിനിടെയുണ്ടായ 24 അപകടങ്ങളിലായാണ് 4 മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 29 നുണ്ടായ അപകടത്തിൽ കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ജോൺ ഫെർണാൻ്റസ് (64), മെയ്‌ 28 നുണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പ് സ്വദേശി അബ്രഹാം റോബർട്ട് (60), കൂടാതെ ജൂൺ 20 ന് അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടം വീട്ടിൽ വിക്ടർ തോമസ് (50), ഓഗസ്റ്റ് 16 ന് അഞ്ചുതെങ്ങ് തോണികടവ് പുതുവൽപുരയിടം വീട്ടിൽ ബനഡിക്റ്റ് (49) എന്നിവരാണ് മരണപ്പെട്ടത്. ഇവരിൽ ഒരാൾ ഒഴികെ ബാക്കി മൂന്നുപേരും അഞ്ചുതെങ്ങ് സ്വദേശികളാണ്.

ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളണം; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഇപ്പോള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതില്‍ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തില്‍ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണം. എസ്എല്‍ബിസി (ബാങ്കിങ് സമിതി) യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കലോ, പലിശ ഇളവ് അനുവദിക്കുന്നതോ പരിഹാരമല്ല. വായ്പ എടുത്തവരില്‍ പലരും ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ആകെ ചെയ്യാവുന്നത് ആ പ്രദേശത്തുള്ളവരുടെ വായ്പ ആകെ എഴുതിത്തള്ളുക എന്നതാണ്. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാര്‍ നല്‍കുക എന്നതാണ്. എന്നാല്‍ ഇതില്‍ ആ നില ബാങ്കുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിങ്ങളുടെ ബാങ്കുകളുടെ കൂട്ടത്തില്‍ താങ്ങാനാവാത്തതല്ല ആ വായ്പകള്‍. ഏതൊരു ബാങ്കിനും താങ്ങാവുന്ന തുകയേ അതാകുന്നൂള്ളൂ. ഇതില്‍ മാതൃകാപരമായ നിലപാട് കേരള കോപ്പറേറ്റീവ് ബാങ്ക് എടുത്തിട്ടുണ്ട്. ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ അവര്‍ സ്വയമേവ തീരുമാനിക്കുകയായിരുന്നു. അത് നിങ്ങളും മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതെല്ലാം തലത്തിലാണോ അനുമതി വാങ്ങേണ്ടത് അതു വാങ്ങി, ഈ പ്രദേശത്തെ കടം പൂര്‍ണമായി എഴുതിത്തള്ളുന്ന നിലപാട് ഓരോ ബാങ്കും സ്വീകരിക്കണം. ബാങ്കുകള്‍ക്ക് അതു ചെറിയ ബാധ്യത മാത്രമേ വരുന്നുള്ളൂവെന്നും എസ്എല്‍ബിസി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുന്ന റിസര്‍വ് ബാങ്കിന്റേയും നബാര്‍ഡിന്റേയും അധികാരികള്‍ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ചെറിയ സഹായധനം സര്‍ക്കാര്‍ കൊടുത്തു. ഇത് ബാങ്കു വഴിയാണല്ലോ കൊടുക്കുക. കേരള ഗ്രാമീണ്‍ ബാങ്കില്‍ പണം എത്തിയപ്പോള്‍ അവര്‍ ബാധ്യതയില്‍ നിന്നും ഈടാക്കുകയാണ് ചെയ്തത്. ഇതുപോലൊരു ഘട്ടത്തില്‍ ആരും യാന്ത്രികമായി പെരുമാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് കാര്‍ഷിക ഭൂമിയാണ്. ഉരുള്‍പൊട്ടല്‍ ആ ഭൂമിയുടെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. ഊഹിക്കാന്‍ കഴിയാത്തത്ര വലിയ പാറക്കല്ലുകളാണ് ഒഴുകിയെത്തിയത്. ഇവിടെയുള്ളവര്‍ പല തരത്തില്‍ ബാങ്കു വായ്പകളെടുത്തിട്ടുണ്ട്. വീടു നിര്‍മ്മിക്കാന്‍ വായ്പ എടുത്ത് വീടു നിര്‍മ്മിച്ച ആ വീടു തന്നെ ഇല്ലാത്ത അവസ്ഥയാണ്. വാഹനം വാങ്ങാന്‍ വായ്പ എടുത്തവര്‍ വാഹനം വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനം ഉപയോഗയോഗ്യമല്ലാത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കാര്‍ഷികവൃത്തിയുടെ ഭാഗമായി കന്നുകാലികളെ വാങ്ങാനും മറ്റും പലരും വായ്പ എടുത്തിട്ടുണ്ടാകും. ഉരുള്‍പൊട്ടലില്‍ വലിയ തോതില്‍ വളര്‍ത്തുമൃഗങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കൃഷിക്ക് വേണ്ടി വായ്പ എടുത്തവരില്‍ കുറേപേര്‍ ജീവിച്ചിരിപ്പില്ല. ജീവിച്ചിരിക്കുന്നവര്‍ക്ക് അവിടെ കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ ആ പ്രദേശത്തുള്ളവരുടെ കടം പൂര്‍ണമായി എഴുതി തള്ളണമെന്നാണ് നിര്‍ദേശിക്കാനുള്ളത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ചെയ്യാന്‍ സന്നദ്ധമായിട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ച് നല്ല രീതിയില്‍ നടപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജസ്നാ തിരോധാനം; വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ

ജസ്നാ തിരോധാനം; വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ

ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിയായ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും. ജസ്നയെ കണ്ടെന്ന വെളിപെടുത്തിലിൻ്റെ വസ്തുത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം

കാണാതാവുന്നതിന് മുൻപ് ജസ്നയുമായി രൂപസാദൃശമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശി ഇന്നലെ വെളിപ്പെടുത്തിയത്. ഇതിൽ വസ്തുത ഉണ്ടൊയെന്ന് പരിശോധിക്കുകയാണ് സിബിഐ അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. മുണ്ടക്കയം സ്വദേശിയായ സ്ത്രിയെ അന്വേഷണ സംഘം ഫോണിൽ ബന്ധപ്പെട്ടു. വിശദമായ മൊഴി നാളെ രേഖപ്പെടുത്തിയേക്കും.

ജസ്ന ലോഡ്ജിൽ എത്തിയിട്ടില്ലാന്നായിരുന്നു ലോഡ്ജ് ഉടമയുടെ പ്രതികരണം മുൻ ജീവനക്കാരിയായ സ്ത്രീക്ക് തന്നോടുള്ള വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നും ലോഡ്ജ് ഉടമ ആരോപിച്ചിരുന്നു. പുതിയ വെളിപ്പെടുത്തൽ അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്ന് ജസ്നയുടെ പിതാവും പ്രതികരിച്ചിരുന്നു. പുതിയ വെളിപെടുത്തൽ കൃത്യമായി പരിശോധിച്ച ശേഷം മാത്രമാകും സിബിഐയുടെ തുടർ നടപടികൾ ഉണ്ടാവുക.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജസ്‌നയെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.

മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിൽ. വീട്ടിന് മുൻപിൽ വിവസ്ത്രയാക്കി അപമാനിച്ചു. കാട്ടിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവതിയും യുവാവും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.

യുവാവ് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവതിയും യുവാവും ഒളിച്ചോടിയത്. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിന്റെ വീട്ടിലെത്തി പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയതായിരുന്നു യുവാവിന്റെ മാതാവ്.

തുടർന്ന് യുവാവിന്റെ മാതാവിനെ വിവത്രയാക്കുകയും സമീത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.