ഡ്രഡ്ജർ എത്തിയില്ല; അർജുനായുള്ള തിരച്ചിൽ ഇന്നില്ല, ഈശ്വർ മൽപെ കുടുംബത്തെ കാണും

ഡ്രഡ്ജർ എത്തിയില്ല; അർജുനായുള്ള തിരച്ചിൽ ഇന്നില്ല, ഈശ്വർ മൽപെ കുടുംബത്തെ കാണും

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നുമില്ല. ഡ്രഡ്ജർ എത്തിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്‌താൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇതേതുടർന്ന് മാൽപേ സംഘത്തിന് ഇന്നും തിരച്ചിലിന് അനുമതി നൽകിയില്ല. അതിനാൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സംഘം ഷിരൂരിൽ നിന്ന് മടങ്ങി.

തിരച്ചിലിന് അനുമതി നൽകാത്തതിനെതിരെ കടുത്ത അമർഷത്തിലാണ് ദുരന്തത്തിൽ കാണാതായ കർണാടക സ്വദേശി ജഗന്നാഥിന്റെ കുടുംബം. നാളെ സത്യാഗ്രഹ സമരം നടത്തുമെന്ന് ജഗന്നാഥിന്റെ മക്കൾ അറിയിച്ചു. അതേസമയം അർജുൻ്റെ കുടുംബത്തെ പ്രാദേശിക ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ച പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന തിനിടെയാണ് അർജുൻ്റെ കുടുംബവുമായുള്ള ഇശ്വർ മൽപെയുടെ കൂടിക്കാഴ്ച.

ഫ്‌ലാറ്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍

ഫ്‌ലാറ്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍

കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ലാറ്റിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച നിലയില്‍. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളായിരുന്നു സന്തോഷ്. പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് സംഭവം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ ഫ്‌ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃക്കാക്കരയില്‍ നിന്ന് കാണാതായ 19കാരി വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ചനിലയില്‍

തൃക്കാക്കരയില്‍ നിന്ന് കാണാതായ 19കാരി വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ചനിലയില്‍

കൊച്ചി: ഇന്നലെ വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടി കുളത്തില്‍ വീണുമരിച്ചനിലയില്‍.തൃക്കാക്കര തേവയ്ക്കലില്‍ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഒരു കോളജിലെ ബിബിഎ വിദ്യാര്‍ഥി 19കാരിയായ അമൃതയാണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ആത്മഹത്യയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും ഉയരും. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.

4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ 2500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്.

വയനാട് ദുരന്തബാധിതരുടെ അക്കൗണ്ടില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കി ബാങ്കുകള്‍

വയനാട് ദുരന്തബാധിതരുടെ അക്കൗണ്ടില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കി ബാങ്കുകള്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ പിടിച്ച തുക തിരികെ നല്‍കിത്തുടങ്ങി. പിടിച്ച പണം തിരികെ നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ പണം തിരികെ നല്‍കാന്‍ തയ്യാറായത്.ദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിയതും ബാങ്കുകള്‍ ഇഎംഐകള്‍ ഡെബിറ്റ് ചെയ്തു. ഇതു വാര്‍ത്തയായതിനെത്തുടര്‍ന്ന് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. അടിയന്തര ദുരിതാശ്വാസ ഫണ്ട് ഇഎംഐ അടയ്ക്കാനുള്ളതല്ലെന്ന് വയനാട് കലക്ടര്‍ മേഘശ്രീ വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ വായ്പ എഴുതിത്തള്ളാന്‍ കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. കേരള ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ മുണ്ടക്കൈ, പുഞ്ചിരിമറ്റം, ചൂരല്‍മല എന്നീ ദുരന്തബാധിത പ്രദേശങ്ങളില്‍ 213 വായ്പക്കാരുണ്ട്. 6.63 കോടിയാണ് ഇവരുടെ വായ്പ. 400 ലധികം സ്വര്‍ണ വായ്പകളുണ്ട്. ചൂരല്‍മല ശാഖയില്‍ നിന്ന് ലോണ്‍ എടുത്ത നിരവധിപ്പേര്‍ മരിച്ചു. 20 ഓളം പേരെ കാണാതായി.

മിനിമം മാര്‍ക്കില്‍ മാര്‍ഗരേഖ..ഇനി എട്ട്, ഒൻപത് ക്ലാസുകളിലും സേ പരീക്ഷ…

മിനിമം മാര്‍ക്കില്‍ മാര്‍ഗരേഖ..ഇനി എട്ട്, ഒൻപത് ക്ലാസുകളിലും സേ പരീക്ഷ…

ഹൈസ്‌കൂളില്‍ പാസാവാൻ ഓരോവിഷയത്തിലും മിനിമംമാർക്ക് വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരിക്കേ, എട്ട്, ഒൻപത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന മാർഗരേഖയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. പൊതുപരീക്ഷ പത്താംക്ലാസിലായതിനാല്‍ എട്ട്, ഒൻപത് ക്ലാസുകളില്‍ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാൻ ഓരോവിഷയത്തിലും എഴുത്തുപരീക്ഷയില്‍ മിനിമംമാർക്ക് വേണമെന്നാണ് ഈ വർഷംമുതലുള്ള നിബന്ധന. ഇത്തവണ എട്ടാംക്ലാസ് മുതല്‍ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ വർഷം മൂന്നുഘട്ടത്തിലുള്ള വിലയിരുത്തലുമുണ്ടാവും. പാദവാർഷിക പരീക്ഷയ്ക്കുശേഷമായിരിക്കും ആദ്യത്തെ വിലയിരുത്തല്‍. കുട്ടി ഏതുവിഷയത്തിലാണ് പിന്നിലെന്നു മനസ്സിലാക്കി പഠന പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടല്‍ സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടാവും. അർധവാർഷിക പരീക്ഷയുടെ സമയത്തും വിലയിരുത്തലുണ്ടാവും. വാർഷിക പരീക്ഷയ്ക്കുശേഷം കുട്ടിയെ സമഗ്രമായി വിലയിരുത്തി പഠനപിന്തുണ ഉറപ്പാക്കാൻ ബ്രിഡ്ജ് കോഴ്‌സ് നല്‍കും. ഒന്നോ രണ്ടോ വിഷയങ്ങളിലാണ് പരാജയപ്പെട്ടതെങ്കില്‍ സേ പരീക്ഷയ്ക്ക് അവസരമൊരുക്കും.പഠനപിന്തുണ നല്‍കാനുള്ള ചുമതല സ്കൂള്‍ റിസോഴ്‌സ് ഗ്രൂപ്പുകള്‍ക്കായിരിക്കും (എസ്.ആർ.ജി.). ഗണിതത്തിലും ഭാഷാവിഷയങ്ങളിലും ഊന്നല്‍നല്‍കിയുള്ള പ്രവർത്തനങ്ങളുമുണ്ടാവും.