ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. പുലർച്ചെ അഞ്ച് മണിയോടെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് പൂജകൾ തുടങ്ങി. 21 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.

ഗുരുവായൂരിലും ചിങ്ങപ്പുലരിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല. പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം.

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊല്ലം ആലപ്പുഴ ഒഴികെയുളള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളത്തും ഇടുക്കിയിലും തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാന വിവിധ ജില്ലകളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ശനിയാഴ്ച പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 19 വരെ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ലക്ഷദ്വീപ് തീരം അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടല്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പ്.

സംസ്ഥാനത്തെ ഡോക്ടർമാർ നാളെ രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും

സംസ്ഥാനത്തെ ഡോക്ടർമാർ നാളെ രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും

തിരുവനന്തപുരം: കൊൽക്കത്തയിലെ ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര് ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒ.പി സേവനം ഉണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവര്‍ത്തിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അവശ്യ സർവ്വീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്നും, ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെജിഎംസിടിഎ അഭ്യർത്ഥിച്ചു. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തുമെന്നും അത്യാഹിക വിഭാഗങ്ങൾ സാധാരണ പോലെ പ്രവ‍ർത്തിക്കുമെന്നും ഐഎംഎ ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. അതേസമയം വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള ഒരുപിടി പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.

ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ….

മികച്ച നടൻ- പൃഥ്വിരാജ്
മികച്ച സംവിധായകൻ- ബ്ലെസി
മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ്
മികച്ച അവലംബിത തിരക്കഥ- ബ്ലെസി
മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ
മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി
മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം
മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍

മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശി, ബീന ആർ ചന്ദ്രൻ; സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശി, ബീന ആർ ചന്ദ്രൻ; സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 54-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ് ആണ് മികച്ച നടന്‍. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ് ) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശിക്ക് ഇത് കരിയറിലെ ആറാം പുരസ്‌കാരമാണ്. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് നേരത്തെ പുരസ്കാരം ലഭിച്ചത്.

പൃഥ്വിരാജിന് രണ്ടു തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. 160 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു.

സ്വര്‍ണവില കൂടി; വീണ്ടും 52,500ന് മുകളില്‍

സ്വര്‍ണവില കൂടി; വീണ്ടും 52,500ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്.

അടുത്തിടെ 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1700 രൂപയാണ് വര്‍ധിച്ചത്.