by Midhun HP News | Aug 15, 2024 | Latest News, കേരളം
തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിനും തെക്കൻ കേരളതീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും കൊങ്കൺ തീരത്ത് ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 17നും 18നും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. 19 വരെ കേരള തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
by Midhun HP News | Aug 15, 2024 | Latest News, കേരളം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ ( ശനിയാഴ്ച) പ്രസിദ്ധീകരിക്കും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് കോടതി നിർദേശം നൽകിയത്.
മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിടുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന, സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം പുറത്തുവിടരുതെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്.
by Midhun HP News | Aug 15, 2024 | Latest News, കേരളം
തൃശൂര്‍: വഴിയാത്രക്കാരന്റെ തലയില്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ജനല്‍ ചില്ല് തകര്‍ന്ന് വീണ് സാരമായി പരിക്കേറ്റു. തൃശൂര്‍ മണികണ്ഠന്‍ ആലിലാണ് സംഭവം. സാരമായി പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ കട നാട്ടുകാര്‍ അടപ്പിച്ചു.
രാവിലെ ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണന്റെ തലയില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ച്ചില്ലുകള്‍ തലയില്‍ വീണത്. പരിക്കേറ്റ വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപകടനിലയിലായ കെട്ടിടത്തിന്റെ മുകള്‍ ഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ ഫുട്പാത്ത് അടച്ചു. കെട്ടിടത്തിന്റെ താഴത്തെ കടകളും അടപ്പിച്ചു. ജനല്‍ ചില്ല് മാറ്റാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.

by Midhun HP News | Aug 15, 2024 | Latest News, കേരളം
കൊല്ലം: കരുനാഗപ്പള്ളിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയാളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിച്ച് സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ മദ്യപിക്കാനെത്തിയ 52 കാരനായ ഡേവിഡ് ചാക്കോയെ കബളിപ്പിച്ചാണ് സ്വര്‍ണാഭരണം കവര്‍ന്നത്. മദ്യം വാങ്ങാന്‍ പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടയില്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പൊതി രാജീവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആഭരണം എങ്ങനെയും കൈക്കലാക്കണമെന്ന് പദ്ധതിയിട്ട രാജീവ്, ഡേവിഡ് ചാക്കോയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സൗഹൃദം സ്ഥാപിച്ച ശേഷം ഡേവിഡിന് കൂടുതല്‍ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങള്‍ അടങ്ങിയ പൊതി പ്രതി മോഷ്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ശേഷം ബാറില്‍ നിന്ന് കടന്നുകളഞ്ഞു.
ഡേവിഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ബാറിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ പിടികൂടിയത്. ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

by Midhun HP News | Aug 15, 2024 | Latest News, കേരളം
തൊടുപുഴ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒന്നേകാല്‍ കോടി നഷ്ടമായതായി പരാതി. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തി 2020 മുതല്‍ ഷെയര്‍ ബിസിനസ് നടത്തുന്ന കാഞ്ഞിരമറ്റം സ്വദേശിയായ അന്‍പത്താറുകാരനാണ് തട്ടിപ്പിനിരയായത്.
പ്ലേ സ്റ്റോറില്‍ നിന്നു പ്രമുഖ ഷെയര്‍ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ചു പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ബംഗാള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. ഓഹരി ഇടപാടില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 20 % ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കണമെന്ന് അറിയിച്ചാണ് ബിസിനസ് തുടങ്ങിയത്.
തുടര്‍ന്നു തുടക്കത്തില്‍ നിക്ഷേപത്തിനനുസരിച്ച് ലാഭമെത്തി. ലാഭം കിട്ടിയ പണം പിന്‍വലിക്കാന്‍ മുതിര്‍ന്നപ്പോഴാണു തട്ടിപ്പാണെന്നു തിരിച്ചറിയുന്നത്. 1.23 കോടി രൂപയാണു നഷ്ടപ്പെട്ടത്. സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നവരെ ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പരാതിക്കാരന്‍ പൊലീസിനെ അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Aug 15, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6555 രൂപ നല്‍കണം. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്നലെ ഇടിഞ്ഞാണ് ഈ നിലവാരത്തില്‍ എത്തിയത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ചത്.
Recent Comments