by Midhun HP News | Aug 15, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കണ്ടെടുത്തു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകള്‍ അഗ്നിരക്ഷാസേന കണ്ടെത്തിയത്. സ്‌കൂളിന്റെ പിറകില്‍ നിന്നാണ് പണം കിട്ടിയതെന്ന് ഫയര്‍ ഓഫീസര്‍ റജീഷ് പറഞ്ഞു. അഞ്ഞൂറിന്റെ ഏഴ് കെട്ടുകളും നൂറിന്റെ അഞ്ച് കെട്ടുമാണ് ഉള്ളത്. ലഭിച്ച തുക പൊലീസിന് കൈമാറി. വെള്ളത്തിനും പാറയിലും ഇടയില്‍ നിന്നുമായിരുന്നു പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തഭൂമിയില്‍ നാളെയും കൂടി തിരച്ചില്‍ തുടരും. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ഇന്ന് അവസാനിക്കും. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളും അനുബന്ധ മേഖലകളും പരിശോധിക്കുന്നത്.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും ചൊവ്വാഴ്ച സംഘം പരിശോധിച്ചു. പ്രദേശത്തെ മണ്ണിന്റേയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്ക് വിധേയമാക്കും. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്തസ്ഥലത്തെ ഭൂവിനിയോഗത്തെക്കുറിച്ചും സംഘം റിപ്പോര്‍ട്ട് നല്‍കും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ വിലയിരുത്തും.
എന്‍ഐടി സൂറത്ത്കലുമായി ചേര്‍ന്ന് ദുരന്തബാധിത മേഖലയുടെ അതിസൂക്ഷ്മമായ ലിഡാര്‍ സര്‍വേ നടത്താനുദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഈ സര്‍വേയിലൂടെ ഭൂമിയുടെ ഉപരിതലവും ഉപരിതലത്തിന് മുകളിലെ എല്ലാ വസ്തുക്കളുടെയും കൂടുതല്‍ സൂക്ഷ്മമായ വിവരങ്ങള്‍ ലഭിക്കും. വിദഗ്ദ്ധ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇനിയുള്ള ഭൂവിനിയോഗത്തിന്റെ രീതികള്‍ നിശ്ചയിക്കുക. എന്‍ ഐ ടി സൂറത്ത്കലിലെ ദുരന്തനിവാരണ വിദഗ്ദ്ധന്‍ ശ്രീവത്സാ കോലത്തയാര്‍ ആണ് സംഘത്തെ നയിക്കുക. ഡ്രോണ്‍ ഉപയോഗപ്പെടുത്തിയുള്ള ലിഡാര്‍ സര്‍വേ ആണ് നടത്താനുദ്ദേശിക്കുന്നത്. ദുരന്തബാധിത പ്രദേശത്തിന്റെ ഏരിയല്‍ ഫോട്ടോ അടക്കമുള്ള സൂക്ഷ്മമായ ചിത്രങ്ങളെടുക്കും. മുന്‍പുണ്ടായിരുന്ന ഭൂതലം എങ്ങനെയായിരുന്നു, ദുരന്തശേഷം എന്തെല്ലാം മാറ്റങ്ങള്‍ വന്നു, ഏതൊക്കെ പ്രദേശത്താണ് വലിയ ആഘാതം ഉണ്ടായത് എന്നെല്ലാം കണ്ടെത്താനും ഭാവിയില്‍ ഈ പ്രദേശത്തെ ഭൂവിനിയോഗം നിര്‍ണയിക്കുമ്പോള്‍ എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടെന്ന് തിരിച്ചറിയാനും ഈ സര്‍വ്വേ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
by Midhun HP News | Aug 15, 2024 | Latest News, കേരളം
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തൊട്ടാകെ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 53,261 സീറ്റുകളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്നത് 2,497 സീറ്റുകള്‍ ആണ്. സയന്‍സ് കോംബിനേഷനുകളിലാണ് മലപ്പുറത്ത് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് ഉള്‍പ്പെടെ പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് 120 താല്‍ക്കാലിക ബാച്ചുകളിലായി 7,200 സീറ്റുകളാണ് കൂടുതലായി അനുവദിച്ചിരുന്നത്. സംസ്ഥാന തലത്തില്‍ ഇതുവരെ ആകെ 3,88,626 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 1,92,542 വിദ്യാര്‍ഥികള്‍ സയന്‍സ് കോമ്പിനേഷനിലും 1,13,832 വിദ്യാര്‍ഥികള്‍ കൊമേഴ്‌സ് കോമ്പിനേഷനിലും 82,252 വിദ്യാര്‍ഥികള്‍ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലും ആണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 3,04,955 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ 21,347 വിദ്യാര്‍ഥികളും മാനേജ്‌മെന്റ് ക്വാട്ടയില്‍ 35,052 വിദ്യാര്‍ഥികളും പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ 944 വിദ്യാര്‍ഥികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 26,328 വിദ്യാര്‍ഥികളും പ്രവേശനം നേടി.
മലപ്പുറം ജില്ലയില്‍ ആകെ 70,686 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. ഇതില്‍ 25,942 വിദ്യാര്‍ഥികള്‍ സയന്‍സ് കോമ്പിനേഷനിലും 24,037 വിദ്യാര്‍ഥികള്‍ കൊമേഴ്‌സ് കോമ്പിനേഷനിലും 20,707 വിദ്യാര്‍ഥികള്‍ ഹ്യുമാനിറ്റീസ് കോമ്പിനേഷനിലും ആണ് പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 56,197 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ആകെ ഒഴിവുള്ള 2,497 സീറ്റുകളില്‍ 903 സീറ്റുകള്‍ സയന്‍സ് കോമ്പിനേഷനിലും 729 സീറ്റുകള്‍ കൊമേഴ്‌സ് കോമ്പിനേഷനിലും 865 സീറ്റുകള്‍ ഹ്യൂമാനിറ്റീസ് കോമ്പിനേഷനിലുമാണ്.
സയന്‍സ് കോംബിനേഷന്‍ സീറ്റുകളാണ് പൊതുവിദ്യാലയങ്ങളില്‍ കൂടുതലായി ഒഴിഞ്ഞു കിടക്കുന്നത്. ബാച്ചുകള്‍ അനുവദിക്കുന്നതിനായി പരിശോധനകള്‍ നടത്തിയപ്പോള്‍ മലപ്പുറം ജില്ലയിലെ എല്ലാ താലൂക്കുകളിലും സയന്‍സ് കോമ്പിനേഷന്‍ സീറ്റുകള്‍ അധികമായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

by Midhun HP News | Aug 15, 2024 | Latest News, കേരളം
തിരുവനന്തപുരം: എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശനത്തിന് ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാര്‍ഥികളും, ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിനായി വിദ്യാര്‍ഥികള്‍ www.cee.kerala.gov.in se Candidate Portal- ലെ ഹോം പേജില്‍ പ്രവേശിച്ച് ‘confirm’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സ്/ആര്‍ക്കിടെക്ചര്‍ കോഴ്സ് ഉള്‍പ്പെടെ പുതിയതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുളള സ്വാശ്രയ എന്‍ജിനീയറിങ് കോളജിലേയ്ക്കും അനുബന്ധമായി ചേര്‍ത്തിട്ടുളള സര്‍ക്കാര്‍/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളജുകളിലേയ്ക്കും ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാം ഘട്ടം/ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ടം താത്കാലിക അലോട്ട്മെന്റ് ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെല്‍പ് ലൈന്‍: 0471-2525300.
by Midhun HP News | Aug 14, 2024 | Latest News, കേരളം
ബംഗളൂരു: ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി ഇന്നവസാനിപ്പിക്കും. പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തിരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരച്ചിലില്‍ ഇതുവരെ ശുഭ സൂചനങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ തിരച്ചില്‍ ഉണ്ടാവില്ല. തിരച്ചില്‍ മറ്റന്നാള്‍ പുനരാരംഭിക്കും.
പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു.
അതേസമയം, തിരച്ചിലില്‍ ലോറിയുടേതെന്ന് കരുതുന്ന കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ 8.50 നു തുടങ്ങിയ തിരിച്ചിലില്‍ സ്‌ക്രൂ പിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതായിരുന്നില്ല.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കട ഉടമ അടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കാണാതായിട്ടുണ്ട്.
by Midhun HP News | Aug 14, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമവീഥികളിലേക്ക് മിനി ബസുകൾ സർവീസിനിറക്കാൻ കെഎസ്ആർടിസി. ഇതിനായി കൂടുതൽ മിനി ബസുകൾ വാങ്ങാൻ കെഎസ്ആർടിസി വിവിധ കമ്പനികൾക്ക് ടെൻഡർ കൊടുത്തതായി റിപ്പോർട്ട്. രണ്ട് വാതിലുള്ള 305 മിനി ബസുകൾ വാങ്ങാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. രണ്ട് മാസത്തിനകം ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാകും.
ടാറ്റ, അശോക് ലൈലാൻഡ്, ഐഷർ എന്നീ കമ്പനികൾക്ക് കെഎസ്ആർടിസി ടെൻഡർ കൊടുത്തതായാണ് റിപ്പോർട്ട്. ഒക്ടോബറോടെ ബസുകൾ കെഎസ്ആർടിസിക്ക് ലഭിക്കും. യാത്രാദുരിതമുള്ള ഗ്രാമീണ റോഡുകളിൽ ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. കൂടാതെ, നിലവിലുള്ള റൂട്ടുകളിലും മിനി ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. വലിയ ബസുകൾക്ക് പരിമിതിയുള്ള റൂട്ടുകളിൽ മിനി ബസുകൾ ഇറക്കി വരുമാനം നേടാനുള്ള ലക്ഷ്യവും കെഎസ്ആർടിസിക്കുണ്ട്. ഇത്തരം റൂട്ടുകൾ കണ്ടെത്താൻ ഡിപ്പോകളെ നിയോഗിച്ചിട്ടുണ്ട്.
ടാറ്റ കമ്പനിയിൽനിന്ന് 33 സീറ്റുള്ള ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. അശോക് ലൈലാൻഡിൽനിന്ന് വാങ്ങുന്ന മിനി ബസിൻ്റെ സിറ്റെണ്ണം 36 ആണ്. ഐഷറിൽനിന്ന് വാങ്ങുന്ന ബസിന് 28 സീറ്റാണ് ഉള്ളത്. മെച്ചപ്പെട്ട മൈലേജും ഡീസൽ ചെലവ് കുറവും കണക്കിലെടുത്താണ് മിനി ബസുകൾ വാങ്ങാൻ കെഎസ്ആർടിസി തയ്യാറെടുത്തത്. നാല് സിലിണ്ടർ, 120 എച്ച്പി ബസുകൾ കെഎസ്ആർടിസിയുടെ ഡീസൽ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നേരത്തെ മിനി ബസുകൾ വാങ്ങി തിരിച്ചടി നേരിട്ട അനുഭവം കെഎസ്ആർടിസിക്ക് ഉണ്ട്.
10 മീറ്റർ നീളമുള്ളവയാണ് മിനി ബസുകൾ. നിരീക്ഷണ കാമറകൾ, എൽഇഡി ടിവി, മ്യൂസിക് സിസ്റ്റം എന്നിവയും ബസിലുണ്ടാകും. 23 മുതൽ 25 ലക്ഷം രൂപ വരെയാണ് മിനി ബസുകളുടെ വില. മിനി ബസുകൾ പ്രീമിയം സൂപ്പർഫാസ്റ്റായി ഓടിച്ചാൽ വരുമാനം കൂടുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിരുന്നു.
ടാറ്റയുടെ 3300 സിസി ഡീസൽ എഞ്ചിൻ കരുത്തിൽ പ്രവർത്തിക്കുന്ന 40 സീറ്റുകളുള്ള എസി പ്രീമിയം ബസുകളുടെ സർവീസ് ഈ വർഷം മേയിൽ കെഎസ്ആർടിസി ആരംഭിച്ചിരുന്നു. 35 പുഷ് ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെൽറ്റുകളും ഫൂട്ട്റെസ്റ്റുകളും മൊബൈൽ ചാർജിങ് പോർട്ടുകളും ബസിലുണ്ട്. എസി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനുള്ള സൗകര്യവുമുണ്ട്.

by Midhun HP News | Aug 14, 2024 | Latest News, കേരളം
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവരും നേരിട്ട് എത്തിയത്.
കേസില്‍ പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ എന്തുചെയ്യാനാകുമെന്നും കോടതി പറഞ്ഞു.
ആരുടേയും നിര്‍ബന്ധത്തില്‍ അല്ല പരാതി പിന്‍വലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചു. ഒരുമിച്ച് താമസിക്കുന്നതിന് കോടതി തടസ്സം നില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇരുവരേയും കൗണ്‍സിലിങ്ങിന് വിടാമെന്നും കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് നടപടിയെടുക്കാന്‍ കെല്‍സയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അടുത്തയാഴ്ച സീല്‍ഡ് കവറില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഈ മാസം 21 വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനപരാതിയില്‍ പൊലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. തെറ്റിദ്ധാരണകളെല്ലാം മാറിയെന്നും, രാഹുലിനെതിരെ പരാതിയില്ലെന്നുമുള്ള യുവതിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നാണ് യുവതി മൊഴിമാറ്റിയത്.
Recent Comments