അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: തൃശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് – ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ‌ഥിയാണ്.

ഗുരുവായൂര്‍ ക്ഷേത്രം; ഓഗസ്റ്റ് മാസത്തെ ഭണ്ഡാരവരവ് 4.38 കോടി രൂപ

ഗുരുവായൂര്‍ ക്ഷേത്രം; ഓഗസ്റ്റ് മാസത്തെ ഭണ്ഡാരവരവ് 4.38 കോടി രൂപ

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവായി 4.38, 55787 രൂപയും 1 കിലോ 819 ഗ്രാം സ്വര്‍ണവും 11 കിലോ വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല.

എസ്ബിഐയുടെ ഇ- ഭണ്ഡാര വരവായി 2.50 ലക്ഷം രൂപയും ലഭിച്ചു. നിരോധിച്ച രണ്ടായിരം രൂപയുടെ പതിനാറ് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 20 നോട്ടുകളും അഞ്ഞൂറിന്റെ 46 കറന്‍സിയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വയനാടിന്റെ പുനരുദ്ധാരണത്തിന് ടാസ്കിന്റെ പിന്തുണ

വയനാടിന്റെ പുനരുദ്ധാരണത്തിന് ടാസ്കിന്റെ പിന്തുണ

വയനാട്ടിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലും വലിയ നാശം വിതച്ച പശ്ചാത്തലത്തിൽ, കേരളത്തിലെ ട്രാവൽ ടൂറിസം മേഖലയിലെ ഏജൻസി കളുടെ കൂട്ടായ്മയായ ടാസ്ക് (ട്രാവൽ ആൻഡ് ടൂറിസം ഏജന്റ്സ് സർവൈവൽ കേരളൈറ്റ്സ്) അംഗങ്ങൾ വായനാടിൻറെ പുനരധിവാസത്തിനു 316500/- രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സംഭാവനയുടെ രേഖകൾ ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ഭാരവാഹികൾ കൈമാറി.

വയനാട്ടിലെ ദുരിത ബാധിധരോടുള്ള പിന്തുണയും കാരുണ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ടാസ്ക് ഓഗസ്റ്റ് 24 നു കോഴിക്കോട്, റാവിസ് കടവ് റിസോർട്ടിൽ വെച്ച് നടത്താനിരുന്ന അംഗങ്ങളുടെ വാർഷിക കുടിച്ചേരൽ “വോയേജ് 2024” മാറ്റിവെച്ചതായും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ടാസ്ക് പ്രസിഡന്റ് രാജേഷ് ചന്ദ്രൻ, അനുരാജ്, നഹാസ്, ജുനൈദ്, സലിം എന്നിവർ പങ്കെടുത്തു.

അർജുനായി തിരച്ചിൽ; ഈശ്വർ മാൽപെ ദൗത്യം ആരംഭിച്ചു

അർജുനായി തിരച്ചിൽ; ഈശ്വർ മാൽപെ ദൗത്യം ആരംഭിച്ചു

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർ‌ജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിൽ‌ ഇറങ്ങി തിരച്ചിൽ തുടങ്ങി. കൂടുതൽ മത്സ്യത്തൊഴിലാളികൾ ദൗത്യത്തിന്റെ ഭാ​ഗമാകും. തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാ​ഗം കണ്ടെത്തി. ഇത് അർജുൻ ഓടിച്ച ലോറിയുടെ ഭാ​ഗമല്ലെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ദൗത്യ മേഖലയിൽ മാധ്യമങ്ങൾ‌ക്ക് നിയന്ത്രണമേർപ്പെടുത്തി. ബാരിക്കേഡ‍് സ്ഥാപിച്ച് മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. മൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും. ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു.‌ ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്.

വൈകിട്ട് നാലേ കാലോടെയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അർജുന്റെ സഹോദരി ഭർത്താവ് ജിതിനും സ്ഥലത്തുണ്ട്.

ഇന്നത്തെ സ്വർണ വില

ഇന്നത്തെ സ്വർണ വില

അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ചത്.

വീണ്ടും മഴ കനക്കുന്നു; 2 ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും, റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ വീണ്ടും ശക്തമാകാൻ കാരണം. നാളെ വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ഒഴികെ ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, 40 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.