മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻ ഐ എ റെയ്ഡ്

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻ ഐ എ റെയ്ഡ്

കൊച്ചിയിൽ മാവോയിസ്റ്റ് നേതാവിന്റെ വീട്ടിൽ എൻ ഐ എ റെയ്ഡ്. മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിലാണ് എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.
എട്ട് പേരടങ്ങുന്ന എൻ ഐ എ സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. വീടിന്റെ കതക് പൊളിച്ചാണ് എൻ ഐ എ സംഘം മുരളി കണ്ണമ്പിള്ളിയുടെ വീടിനുള്ളിൽ കടന്നത്. ഹൃദ്രോ​ഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് എൻ ഐbഎ ഉദ്യോ​ഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം.

വയനാട് ദുരിത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്ന ക്യാമ്പയിന്റെ ഭാഗമായി സ്വർണ്ണ കമ്മൽ കൈമാറി

വയനാട് ദുരിത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്ന ക്യാമ്പയിന്റെ ഭാഗമായി സ്വർണ്ണ കമ്മൽ കൈമാറി

വയനാട് ദുരിതബാധിതർക്ക് ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ധനസമാഹരണത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ അട്ടക്കുളം യൂണിറ്റ് പ്രസിഡന്റ് ബാലുവിന്റെ അമ്മയും, നിയമ സഭ സെക്രട്ടറിയേറ്റ് സൂപ്രണ്ടുമായ തങ്കച്ചി.എസ്, തന്റെ ഒരു ജോഡി സ്വർണ്ണ കമ്മൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി. അനൂപിന് കൈമാറി.

വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്.

വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്.

പത്തനംതിട്ട: വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ് ഇംപോസിഷൻ എഴുതേണ്ടി വന്നത്.

‘സ്കൂൾ- കോളജ് കുട്ടികളെ ബസിൽ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’- എന്ന് ഇരുവരും 100 വട്ടം എഴുതി. രണ്ടര മണിക്കൂറെടുത്താണ് ഇവർ ഇംപോസിഷൻ എഴുതി തീർത്തത്.

കഴിഞ്ഞ ദിവസം പാർഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിർത്തിയിട്ട ബസിൽ കോളജ് വിദ്യാർഥികൾ കയറാൻ തുടങ്ങിയപ്പോൾ അടുത്ത ബസിൽ വരാൻ പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും തടഞ്ഞു. എന്നാൽ വിദ്യാർഥികൾ കയറാൻ ശ്രമിച്ചപ്പോൾ ഇരുവരും വിലക്കുകയും കയർത്ത് സംസാരിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അടൂർ ട്രാഫിക്ക് എസ്ഐ ജി സുരേഷ് കുമാറാണ് ബസ് കണ്ടെത്തി ജീവനക്കാരെ ട്രാഫിക്ക് സ്റ്റേഷനിൽ വിളിച്ചു വരുത്തി പെറ്റിക്കേസ് എടുക്കുന്നതിനു പകരം ഇംപോസിഷൻ എഴുതിപ്പിച്ചത്.

പെറ്റിക്കേസ് എടുത്താൽ ഇതു വീണ്ടും ആവർത്തിക്കും. അതിനാലാണ് ഇംപോസിഷൻ എഴുതിപ്പിച്ചത്. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നു എസ്ഐ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 760 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 52000 കടന്നു. ഇന്ന് 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.

വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം

വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾ. മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകൾക്ക് സംസ്ഥാനതല ബാ​ങ്കേഴ്സ് സമിതി നിർദേശം നൽകി. ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പ് പ്രകാരം 22 കോടി രൂപയുടെ വായ്പയാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്.

ഇവരിൽ ആരെയും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കൃഷി വായ്പകൾക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുക. 50% വരെ കൃഷി നശിച്ചിട്ടുണ്ടെങ്കിൽ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാം.

50 ശതമാനത്തിനു മേൽ കൃഷി നാശമുണ്ടെങ്കിൽ 5 വർഷം വരെ തിരിച്ചടവ് കാലാവധി നീട്ടി നൽകാനാകും. വായ്പയെടുത്തവർ മൊറട്ടോറിയം അനുസരിച്ച് ഒരു വർഷം പണം തിരിച്ചടയ്ക്കേണ്ടതില്ല. അത് കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനക്രമീകരിച്ചു നൽകും. തിരിച്ചടവിലെ ഒരു വർഷത്തെ അവധി ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.ഈ കാലയളവിലെ പലിശ ബാക്കി തിരിച്ചടയ്ക്കാനുള്ള വായ്പത്തുകയിൽ ഉൾപ്പെടുത്തുന്നതാണു രീതി. പൂർണമായി വായ്പകൾ എഴുതിത്തള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വായ്പ എഴുതിത്തള്ളിയാലുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയായാൽ‌ മാത്രമേ എഴുതിത്തള്ളുന്ന കാര്യം സർക്കാർ പരി​ഗണിക്കൂ.മുൻപ് ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ വായ്പ സർക്കാർ എഴുതിത്തള്ളിയിരുന്നു. അതേസമയം ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടെയും വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗവും തീരുമാനിച്ചു.

ഹേമ കമ്മീഷന്‍ റിപ്പോർട്ട്; ഉള്ളടക്കം പുറത്തു വിടരുതെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഹേമ കമ്മീഷന്‍ റിപ്പോർട്ട്; ഉള്ളടക്കം പുറത്തു വിടരുതെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി‌: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുതെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് വിധി.

ജസ്റ്റിസ് വിജി അരുണിന്റെ ബഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ​വിധി പറയുക. റിപ്പോർട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹർജിക്കാരന്റെ വാദം. അരോപണവിധേയരായവരുടെ ഭാ​ഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ​ഹർജിയിലുണ്ട്. എന്നാൽ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയിൽ സ്വീകരിച്ചത്. വിമൻ ഇൻ കലക്ടീവും വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.