ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി

ലീഗ് പിന്തുണച്ചു; തൊടുപുഴ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി

തൊടുപുഴ: തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീം ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

കോണ്‍ഗ്രസും ലീഗും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 14 വോട്ട് നേടി. കോണ്‍ഗ്രസിലെ കെ ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ പുറത്തായ ലീഗ് അവസാന റൗണ്ടില്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു. അഞ്ച് ലീഗ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സനീഷ് ജോര്‍ജിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണ നല്‍കിയിരുന്നത്. കൈക്കൂലി കേസില്‍ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയതോടെ എല്‍ഡിഎഫ് ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കുയുംചെയ്തു. ശേഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. പിന്നാലെ സനീഷ് ജോര്‍ജ് രാജിവയ്ക്കുകയായിരുന്നു.

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകൡ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ തിങ്കളാഴ്ചയ്ക്ക് പുറമേ ചൊവ്വാഴ്ചയും ബുധനാഴ്ചയും തീവ്രമഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച ഇടുക്കിക്ക് പുറമേ പത്തനംതിട്ടയിലും തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശകതമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച ഇടുക്കിക്ക് പുറമേ എറണാകുളത്തും തീവ്രമഴയാണ് പ്രവചിക്കുന്നത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ ആശങ്കയില്ല; അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാറില്‍ ആശങ്കയില്ല; അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട് അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇന്ന് 130 ആണ്. കഴിഞ്ഞ 28 ന് ശക്തമായ മഴയുണ്ടായപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 131.6 വരെയെത്തി. ഇപ്പോള്‍ ജലനിരപ്പ് കുറഞ്ഞു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2367 ആണ്. റൂള്‍ കര്‍വ് പ്രകാരം 2386.8 വരെ പോകും. അതായത് 20 അടിയുടെ വ്യത്യാസമുണ്ട്. 2403 ആണ് മാക്‌സിമം കപ്പാസിറ്റിയെന്ന് മന്ത്രി പറഞ്ഞു.അതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഇടുക്കി കുളമാവില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യും. അനിഷ്ട സംഭവമുണ്ടായാല്‍ ആരായിരിക്കണം ഉത്തരവാദിത്തം എന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്ന് കുറ്റപ്പെടുത്താതെ, സന്ദേശം രൂപപ്പെടുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തിക്കൊണ്ട് ഒരു സേഫ്റ്റി കണ്‍സെപ്റ്റ് ഡാം ഉണ്ടാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

പാലക്കാട് പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി

പാലക്കാട് പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി

പാലക്കാട് ഷൊർണൂർ നഗരസഭയിൽ പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി. പാലക്കാട് ഷൊർണൂർ നഗരസഭയിൽ ചർച്ചയായി പൂവൻകോഴി. അയൽവാസിയുടെ പൂവൻ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയിൽ പരാതി നൽകിയത്. അതിരാവിലെ കോഴി കൂവി തുടങ്ങും, ഇത് മൂലം ശരിയായ ഉറക്കം കിട്ടുന്നില്ല. കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല ഇതൊക്കെയാണ് പാലക്കാട് ഷൊർണൂർ വാർഡ് കൗൺസിലിന് മുന്നിലെത്തിയ വീട്ടമ്മയുടെ പരാതി.

എന്നാൽ കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭ ആരോഗ്യവിഭാഗം ഏറ്റെടുത്തു. അപ്പോഴും പ്രശ്‌നം കോഴിയുടെ കൂവലിന് പരിഹാരമായില്ല. കോഴി കൂവാതിരിക്കാൻ കൗൺസിലർക്ക് ഏത് ചെയ്യാനാകും? ഒടുവിൽ ചർച്ച കൗൺസിലിലുമെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തോട് അധ്യക്ഷൻ ആവശ്യപ്പെട്ടു.

വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കി യൂത്ത് കോൺഗ്രസ്

വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കി യൂത്ത് കോൺഗ്രസ്

വയനാട്ടിലെ ദുരിതബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ആദ്യ ചുവടുവെച്ച് യൂത്ത് കോൺഗ്രസ്. വാടക വീട് സ്വമേധയാ കണ്ടെത്തി അഞ്ച് കുടുംബങ്ങൾക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചുനൽകി. ചൂരൽമല സ്വദേശിയായ അനിൽ കുമാറിന്റെ കുടുംബത്തിന് അമ്മയടക്കം അഞ്ചുപേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്ടമായത്.

ആശുപത്രിയിൽ നിന്നും മടങ്ങിയ അനിൽ കുമാറും അനിയൻ അനീഷും സ്വമേധയാ വാടക വീട് കണ്ടെത്തി. അവിടേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ യൂത്ത് കോൺഗ്രസ് എത്തിച്ചു. കട്ടിൽ, കിടക്ക, അലമാര, ടീപ്പോ, ഡൈനിങ്ങ് ടേബിൾ, കുക്കർ, പാത്രങ്ങൾ എന്നിവയെല്ലാം വീട്ടിലെത്തി. ആശുപതി വിട്ടുവരുന്നവർക്ക് ക്യാമ്പുകളിൽ കിടക്കാൻ പ്രയാസമുണ്ട്. പലർക്കും മുറിവുകൾ ഉണങ്ങി വരുന്നതേയുള്ളു. 50 വാടക വീടുകളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിക്കുക എന്നതാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

‘യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങൾക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്കൂൾ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി.

ഇത് ഒരു കുടുംബത്തിൽ 5 പേർ മരണപ്പെടുകയും 2 പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അനിൽകുമാറിന്റെ വീടാണ്… നിങ്ങൾക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ’ എന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2022-23 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1144.61 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

സംസ്ഥാനതല അവാർഡ് – ഒന്നാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് – മണീട്, എറണാകുളം ജില്ല (10 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് – പേരാമ്പ്ര, കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് – എറണാകുളം (10 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി – പൊന്നാനി, മലപ്പുറം ജില്ല (10 ലക്ഷം രൂപ)

5. മുൻസിപ്പൽ കോർപ്പറേഷൻ – തിരുവനന്തപുരം (10 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – രണ്ടാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് – വാഴൂർ, കോട്ടയം ജില്ല (7 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് – ചേലന്നൂർ, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് – കണ്ണൂർ (5 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി – ഏലൂർ, എറണാകുളം ജില്ല (5 ലക്ഷം രൂപ)

5. മുൻസിപ്പൽ കോർപ്പറേഷൻ – കൊല്ലം (5 ലക്ഷം രൂപ)

സംസ്ഥാനതല അവാർഡ് – മൂന്നാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് – കയ്യൂർ ചീമേനി, കാസർഗോഡ് ജില്ല, (6 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് – കിളിമാനൂർ, തിരുവനന്തപുരം ജില്ല (3 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് – പാലക്കാട് (3 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി – മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ)

ജില്ലാതലം – ഗ്രാമ പഞ്ചായത്ത് അവാർഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം മാണിക്കൽ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കള്ളിക്കാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ബാലരാമപുരം (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം ഇട്ടിവ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കല്ലുവാതുക്കൽ (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം കൊടുമൺ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കോയിപ്പുറം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം നൂറനാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പുന്നപ്ര സൗത്ത് (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മറവൻതുരുത്ത് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം തൃക്കൊടിത്താനം (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം കരിമണ്ണൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കാഞ്ചിയാർ (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കോട്ടപ്പടി (2 ലക്ഷം രൂപ)

ത്യശ്ശൂർ

ഒന്നാം സ്ഥാനം വരവൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പാറളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കൊടകര (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം പൂക്കോട്ടുകാവ് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പട്ടിത്തറ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം ചാലിയാർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം വട്ടക്കുളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പൊൻമുണ്ടം (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം കക്കോടി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പെരുമണ്ണ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം അരിക്കുളം(2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം നൂൽപ്പൂഴ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം അമ്പലവയൽ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ഇടവക (2 ലക്ഷം രൂപ)

കണ്ണൂർ

ഒന്നാം സ്ഥാനം കതിരൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കോട്ടയം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)

കാസർകോട്

ഒന്നാം സ്ഥാനം കിനാനൂർ കരിന്തളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം മടിക്കൈ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ബെല്ലൂർ (2 ലക്ഷം രൂപ)