പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: സിപിഐഎം വനിത നേതാവ് അറസ്റ്റിൽ

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: സിപിഐഎം വനിത നേതാവ് അറസ്റ്റിൽ

കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതൽ 2022 നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചില്ല. നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.

‘ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നു’: അർജുൻ്റെ കുടുംബം

‘ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നു’: അർജുൻ്റെ കുടുംബം

പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് ഷിരൂരിൽ നിന്നും പുറത്ത് വരുന്നതെന്ന് അർജുന്റെ കുടുംബം. തിരച്ചിൽ മനപൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നുവെന്ന് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ ഭരണകൂടം വെള്ളം കുറയുന്നത് നോക്കി നിൽക്കുന്നുവെന്നും മറ്റ് പ്ലാനുകൾ ഇല്ലെന്നും അർജുൻ്റെ കുടുംബം ആരോപിച്ചു. അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നുവെന്നും അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടർ പറയുന്നുവെന്നും കുടുംബം പറഞ്ഞു. എ കെ എം അഷ്റഫ് എം എൽ എ വെള്ളിയാഴ്ച അറിയിച്ചത് അടിയൊഴുക്ക് 4.5 നോട്സ് എന്നാണ്. എന്നാൽ ജില്ലാ കളക്ടർ വിപരീതമായി പറയുന്നുവെന്ന് ജിതിൻ പറഞ്ഞു.

4 നോട്സ് ആയാൽ തിരച്ചിൽ നടത്താം എന്ന് ജില്ലാകളക്ടർ ഉറപ്പ് നൽകയിരുന്നു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വർ മാൽപെ അറിയിച്ചതെന്ന് അർജുന്റെ കുടുംബം. കേരള സർക്കാരിലും നേതാക്കളിലും സമ്മർദ്ദം ചൊലുത്താൻ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കി. രണ്ട് ദിവസത്തിന് ശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്ന് ആയിരുന്നു വെള്ളിയാഴ്ച്ച കർണാടക സർക്കാർ അറിയിച്ചത്.

അതേസമയം ഷിരൂരിൽ തിരച്ചിൽ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. തിരിച്ചിലിന് പ്രാദേശിക മുങ്ങൽ വിദഗ്ധർക്കൊപ്പം നേവിയുടെ ഒരു സംഘത്തെ കൂടി എത്തിക്കാനാണ് നീക്കം. പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ അത് തിരച്ചിലിന് വീണ്ടും പ്രതിസന്ധിയാകും.

തിരച്ചില്‍ തുടരും; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാംപ്

തിരച്ചില്‍ തുടരും; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാംപ്

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ നടത്തും. ജനകീയ തിരച്ചില്‍ ഉണ്ടാകില്ല. പരപ്പന്‍പാറ-മുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം വനമേഖല, പനങ്കയം- -പൂക്കോട്ടുമന, പൂക്കോട്ടുമന-ചാലിയാര്‍മുക്ക്, ഇരുട്ടുകുത്തി-കുമ്പളപ്പാറ മേഖലകളിലാണ് പരിശോധന.അഗ്‌നിരക്ഷാസേന, പൊലീസ്, ദേശീയ ദുരന്തനിവാരണ സേന, വനപാലകര്‍, വളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന 200 പേരാകും തിരച്ചിലിനുണ്ടാകുക. ദുര്‍ഘട മേഖലകളില്‍ സേന മാത്രം തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഓരോ മേഖലകളിലും തിരച്ചിലിനുണ്ടാകേണ്ടവരെ നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ചാലിയാറില്‍ തിരച്ചില്‍ നടത്തിയതാണെങ്കിലും എല്ലാ സാധ്യതകളും ഉപയോഗിക്കാനാണ് തീരുമാനം.

തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎന്‍എ ഫലങ്ങള്‍ ഇന്ന് മുതല്‍ പരസ്യപ്പെടുത്തും. ഇതോടെ മരിച്ച അവശേഷിച്ചവരെ കൂടി തിരിച്ചറിയാനായേക്കും. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക ക്യാംപ് നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാംപ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു

കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു

കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്. പ്രമുഖ വ്യവസായിയും, കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയും ചെയ്ത ജൂതവംശജന്‍ എസ് കോഡറിന്റെ (സാറ്റു കോഡര്‍) മകളാണ്.

ക്വീനി ഹലേഗ്വയുടെ സംസ്കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയിൽ നടന്നു. ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ 2009ൽ മരിച്ചിരുന്നു. ഭർത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികിൽ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. ക്വീനിയുടെയും സാമുവലിന്റെയും മക്കൾ അമേരിക്കയിലാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു ക്വീനിയുടെ പിതാവ് എസ് കോഡർ. കൊച്ചിയിലെ പ്രശസ്തമായ സീലോർഡ് ഹോട്ടൽ, കോഡർ നിർമിച്ചതാണ്. ക്വീനിയുടെ ഭർത്താവ് സാമുവൽ ഹലേഗ്വ ചേർത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു. ക്വീനി ഹലേ​ഗ്വയുടെ മരണത്തോടെ കൊച്ചിയിലെ ജൂതവംശ ചരിത്രം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ഇനി അവശേഷിക്കുന്നത് ഒരേയൊരു യഹൂദൻ മാത്രമാണ്. പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സുകാരനായ കീത്ത് ഹലേഗ്വയാണ് ഇനി കൊച്ചിയിൽ അവശേഷിക്കുന്ന ഏക ജൂതൻ.

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ; സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് യോ​ഗം

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ; സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് യോ​ഗം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് യോ​ഗം ചേരും. ഇടുക്കി കളക്ട്രേറ്റിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് യോഗം. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും.

ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 6470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞദിവസം ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്.

കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില നാലുദിവസത്തിനിടെ ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്.